വാഷിങ്ടണ്‍: 20 വര്‍ഷങ്ങള്‍ക്ക് ശേഷം രണ്ട് പാകിസ്ഥാന്‍ പൗരന്മാരെ ഗ്വാണ്ടനാമോ തടവറയില്‍ നിന്നും മോചിപ്പിച്ച് അമേരിക്കന്‍ സര്‍ക്കാര്‍. രണ്ട് പതിറ്റാണ്ടായി ഇരുവര്‍ക്കുമെതിരായ കുറ്റങ്ങളില്‍ തെളിവ് ഹാജരക്കാന്‍ പെന്റഗണിനായിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് മോചനം.
കറാച്ചിയില്‍ നിന്നുള്ള അബ്ദുല്‍, മുഹമ്മദ് റബ്ബാനി എന്നിവരെയാണ് ഏറ്റവും ഒടുവില്‍ ഗ്വാണ്ടനാമോ ജയിലില്‍ നിന്നും വിട്ടയച്ചത്. കടുത്ത മനുഷ്യാവകാശ പ്രശ്‌നങ്ങളും, അന്താരാഷ്ട്ര പ്രതിഷേധങ്ങളും കണക്കിലെടുത്ത് ഗ്വാണ്ടനാമോ അടച്ച് പൂട്ടുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് നടപടി.
21 വര്‍ഷമാണ് രണ്ട് പേരും ഗ്വാണ്ടനാമോയില്‍ അന്യായ തടവില്‍ കിടന്നതെന്നും, എത്രയും പെട്ടെന്ന് തന്നെ കുടുംബവുമായി ബന്ധപ്പെടാന്‍ ഇരുവരെയും സഹായിക്കുമെന്നും പാകിസ്ഥാന്‍ പാര്‍ലമെന്റ് അംഗം മുഷ്താഖ് അഹമ്മദ് പറഞ്ഞു. ഇവര്‍ക്കെതിരെ യാതൊരു തരത്തിലുള്ള അന്വേഷണവും, കോടതി വ്യവഹാരങ്ങളും നടത്തില്ലെന്നും അദ്ദേഹം കൂടിച്ചേര്‍ത്തു.
2002ലാണ് അബ്ദുലിനെയും, മുഹമ്മദ് റബ്ബാനിയെയും കറാച്ചിയില്‍ വെച്ച് പാക്കിസ്ഥാനി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അല്‍ഖ്വയ്ദ ബന്ധം ആരോപിച്ച് കസ്റ്റഡിയിലെടുത്ത ഇരുവരെയും പിന്നീട് അമേരിക്കക്ക് കൈമാറുകയായിരുന്നു.
തുടര്‍ന്ന് അമേരിക്കയിലെത്തിയ ഇരുവരെയും സി.ഐ.എ കസ്റ്റഡിയില്‍ വാങ്ങുകയും ഗ്വാണ്ടനാമോയിലേക്ക് അയക്കുകയും ചെയ്തു. സി.ഐ.എയില്‍ നിന്നും തങ്ങള്‍ ക്രുരമായ അതിക്രമക്കള്‍ക്ക് വിധേയരായെന്ന് ഇരുവരും ആരോപിച്ചിരുന്നു. ജയിലില്‍ വെച്ച് അഹമ്മദ് റബ്ബാനി നിരവധി തവണ നിരാഹാര സമരത്തിനും ശ്രമിച്ചതായാണ് വിവരം.
2001 സെപ്റ്റംബര്‍ 1ന് അല്‍ഖ്വയ്ദ അമേരിക്കയില്‍ നടത്തിയ ഭീകരാക്രമണത്തെ തുടര്‍ന്നാണ് ക്യൂബയില്‍ ഗ്വാണ്ടനാമോ തടവറ യു.എസ് ഭരണകൂടം നിര്‍മിക്കുന്നത്. 2003 അവസാനത്തില്‍ ഏകദേശം 700 നടുത്ത് ആളുകളെ തീവ്രവാദ മുദ്ര കുത്തി അമേരിക്ക ഇവിടെ പാര്‍പ്പിച്ചതായാണ് കണക്ക്.
പിന്നീട് അന്താരാഷ്ട്ര തലങ്ങളില്‍ നിന്ന് പ്രതിഷേധങ്ങള്‍ ഉയര്‍ന്നതോടെ ഗ്വാണ്ടനാമോ അടച്ച് പൂട്ടുമെന്ന് അമേരിക്ക പ്രഖ്യാപിക്കുകയായിരുന്നു. നിലവില്‍ 32 ആളുകളാണ് ജയിലില്‍ ബാക്കിയുള്ളത്. ഇവരെയും മോചിപ്പിക്കാനുള്ള സാധ്യതകളാണ് ഭരണകൂടം ആലോചിക്കുന്നത്.
Content Highlight: America release two Guantanamo prisoners