വാഷിങ്ടണ്‍: ഗസ മുനമ്പിലെ ഇസ്രഈല്‍ ആക്രമണങ്ങള്‍ക്കുള്ള ആയുധ കയറ്റുമതി അമേരിക്ക വര്‍ധിപ്പിച്ചതായി യു.എസ് മാധ്യമങ്ങള്‍. അത്യാധുനിക മിസൈലുകളും ഉപകരണങ്ങളും ഉള്‍പ്പെടെ ഇസ്രഈലിനുള്ള സൈനിക സഹായം അമേരിക്ക രഹസ്യമായി വര്‍ധിപ്പിച്ചതായി ബുധനാഴ്ച അമേരിക്കന്‍ വാര്‍ത്ത ഏജന്‍സിയായ ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
ലേസര്‍ ഗൈഡഡ് മിസൈല്‍, അപ്പാചെ ഗണ്‍ഷിപ്പ് ഫ്‌ലീറ്റ്, ബങ്കര്‍ – ബസ്റ്റര്‍ മുണിഷ്യന്‍സ്, 155 mm ഷെല്‍, സൈനിക വാഹനങ്ങള്‍ എന്നിവയാണ് നല്‍കിയതെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഒക്ടോബര്‍ അവസാനത്തോടെ 36000 റൗണ്ട് 30mm പീരങ്കി വെടിയുണ്ടകളും, 1800 M141 ബങ്കര്‍ – ബസ്റ്റര്‍ ഉപകരണങ്ങളും 3500 നൈറ്റ് വിഷന്‍ ഉപകരണങ്ങളും ഇസ്രഈല്‍ എത്തിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
ആയുധങ്ങള്‍ ഇതിനകം തന്നെ കയറ്റുമതി ചെയ്യപ്പെടുകയോ അല്ലെങ്കില്‍ യു.എസിലെയും യൂറോപ്പിലെയും സ്റ്റോക്ക്‌റൂമുകളില്‍ നിന്ന് അവ ലഭ്യമാക്കാന്‍ പ്രതിരോധ വകുപ്പ് പ്രവര്‍ത്തനങ്ങളാരംഭിക്കുകയോ ചെയ്തതായി ആഭ്യന്തര ഡിഫന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് ലിസ്റ്റിനെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സി പറഞ്ഞു.
റിപ്പോര്‍ട്ടുകളോട് പ്രതികരിക്കാന്‍ അമേരിക്ക ഇതുവരെ തയ്യാറായിട്ടില്ല. എന്നാല്‍ മറ്റൊരു പ്രസ്താവനയില്‍ ഇസ്രയേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്ന് ഇതിനായുള്ള സഹായങ്ങള്‍ ചെയ്യുമെന്ന് അമേരിക്ക പറഞ്ഞിരുന്നു.
ഗസ മുനമ്പില്‍ ഇസ്രഈല്‍ ബോംബാക്രമണം തുടരുമ്പോള്‍ ഭരണകൂടത്തിന് നല്‍കുന്ന പിന്തുണ നിര്‍ത്താനും സൈനിക സഹായം അവസാനിപ്പിക്കാനും 3.8 ബില്യണ്‍ ധനസഹായം നിര്‍ത്താനും മനുഷ്യാവകാശ വക്താക്കള്‍ അമേരിക്കയുടെ ആവശ്യപ്പെട്ടു.
ഇസ്രഈലിന് 155mm ഷെല്ലുകള്‍ അയക്കുന്നതില്‍ നിന്ന് പിന്തിരിയണമെന്ന് തിങ്കളാഴ്ച എഴുതിയ കത്തില്‍ മുപ്പതിലധികം ദുരിതാശ്വാസ സംഘടനകള്‍ പെന്റഗണ്‍ മേധാവി ലോയിക് ഓസ്റ്റിനോട് ആവശ്യപ്പെട്ടു.
‘ലോകത്തെ ഏറ്റവും കൂടുതല്‍ സാന്ദ്രതയുള്ള സ്ഥലങ്ങളില്‍ ഒന്നായ ഗസയില്‍ ആക്രമണത്തിന് 155mm ആര്‍ട്ടിലറി ഷെല്ലുകള്‍ നല്‍കുന്നത് അനീതിയാണ്. സുരക്ഷിതമല്ലാത്ത ഇവ ദൂര വ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നവയാണ്. ലക്ഷ്യസ്ഥാനത്ത് ഇന്ന് നിന്ന് 25 മീറ്റര്‍ ദൂരെ വരെ അവയ്ക്ക് നാശം വിതക്കാനാകും,’ സംഘടനകള്‍ പറഞ്ഞു.
ഒക്ടോബര്‍ തുടങ്ങിയ യുദ്ധത്തില്‍ ഇസ്രഈലിന്റെ ആക്രമണത്തില്‍ 11500 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.ഇതില്‍ കൂടുതലും സ്ത്രീകളും കുട്ടികളുമാണ്. 29000 ത്തിലധികം പേര്‍ക്ക് പരിക്കേറ്റതായും ഗസ ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
content highlight : America ‘quietly’ ramps up weapons transfers to Israel amid Gaza war: US media