| Saturday, 21st September 2024, 8:50 am

ക്യൂബയെ ഭീകരവാദത്തെ പിന്തുണക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്ക; അപലപിച്ച് 73 രാജ്യങ്ങളിലെ പ്രതിനിധികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂസിലന്റ്: ഭീകരവാദം പിന്തുണയ്ക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ക്യൂബയെ ഉള്‍പ്പെടുത്തിയ അമേരിക്കയുടെ നടപടിയെ അപലപിച്ച് 73 രാജ്യങ്ങളില്‍ നിന്നുള്ള 600 പ്രതിനിധികള്‍  ഉള്‍പ്പെട്ട കൂട്ടായ്മ.  ക്യൂബയെ തുടര്‍ച്ചയായി ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയ അമേരിക്കയുടെ നടപടിയെ  ജെറമി കോര്‍ബിന്‍ ഉള്‍പ്പെടെയുള്ള 600 പ്രതിനിധികളാണ് വിമര്‍ശിച്ചത്. പ്രതിഷേധത്തിന്റെ ഭാഗമായി ഈ പ്രതിനിധികളുടെ സംഘമായ പ്രോഗ്രസീവ് ഇന്റര്‍നാഷണല്‍ സംയുക്തമായി കത്ത് പ്രസിദ്ധീകരിക്കുകയും ചെയ്തു.

വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള 600 പ്രതിനിധികളില്‍ ജെറമി കോര്‍ബിനെ കൂടാതെ അയോണ്‍ ബെലാര, പീറ്റര്‍ മെര്‍ട്ടന്‍സ്, അര്‍നൗഡ് ലെ ഗാള്‍, വിമല്‍ വീരവന്‍സ എന്നിവരും ഉള്‍പ്പെടുന്നുണ്ട്.

ക്യൂബയ്‌ക്കെതിരയുള്ള നടപടി ക്രൂരമാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ വ്യക്തമായ ലംഘനമാണെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാണിച്ചു. ഈ നടപടിയെ ചോദ്യം ചെയ്യുന്നതായും ക്യൂബയെ പട്ടികയില്‍ ഉള്‍പ്പെടുത്തിയ നിലപാടില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കത്തില്‍ പറയുന്നു.

നിലവില്‍ ക്യൂബയെ കൂടാതെ ഇറാന്‍, സിറിയ, ഉത്തരകൊറിയ എന്നീ രാജ്യങ്ങളും ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാജ്യങ്ങളില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് അമേരിക്കയുടെ ആരോപണം.

ഭീകരവാദത്തെ പിന്തുണക്കുന്നു എന്നിങ്ങനെ ക്യൂബക്കെതിരെ അമേരിക്ക ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ തങ്ങളുടെ രാജ്യങ്ങളിലെ പാര്‍ലമെന്റുകളില്‍ ആവശ്യപ്പെടുമെന്നും പ്രതിനിധികള്‍ വ്യക്തമാക്കി.

ക്യൂബയെ പട്ടികയില്‍ ഉള്‍പ്പെടുത്തിയതിലൂടെ രാജ്യത്തിന്റെ വ്യാപാര, സാമ്പത്തിക ബന്ധങ്ങള്‍ക്ക് ഇത് വലിയ തോതില്‍ ബുദ്ധിമുട്ടുണ്ടാക്കുമെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്. ഇത്  ക്യൂബയുടെ സമ്പത്ത് വ്യവസ്ഥയെ ഉള്‍പ്പെടെ ബാധിക്കുമെന്നും തുടര്‍ന്ന് ക്യൂബന്‍ ജനതയുടെ ജീവിത സാഹചര്യങ്ങളെയും സാരമായി ബാധിക്കുമെന്നും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടുന്നു.

ഒബാമ പ്രസിഡന്റായിരുന്ന 2015 കാലയളവില്‍ ക്യൂബയെ പട്ടികയില്‍ നിന്നും നീക്കം ചെയ്തിരുന്നുവെങ്കിലും 2021ല്‍ ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകാലത്ത് ക്യൂബയെ വീണ്ടും പട്ടികയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. എന്നാല്‍ ജോ ബൈഡന്‍ ഭരണകൂടം ക്യൂബയെ പട്ടികയില്‍ നിന്നും നീക്കം ചെയ്തിട്ടുമില്ല.

Content Highlight : America puts Cuba on the list of countries that support terrorism; 73 countries condemned

Latest Stories

We use cookies to give you the best possible experience. Learn more