തങ്ങളുടെ സഖ്യകക്ഷികളെ തടങ്കലിലാക്കാൻ ശ്രമിക്കുന്നവരെ അമേരിക്കയിൽ പ്രവേശിക്കാൻ അനുവദിക്കില്ല: ഐ.സി.സിക്കെതിരെ ബില്ല് പാസ്സാക്കി യു.എസ്
World News
തങ്ങളുടെ സഖ്യകക്ഷികളെ തടങ്കലിലാക്കാൻ ശ്രമിക്കുന്നവരെ അമേരിക്കയിൽ പ്രവേശിക്കാൻ അനുവദിക്കില്ല: ഐ.സി.സിക്കെതിരെ ബില്ല് പാസ്സാക്കി യു.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th June 2024, 8:54 am

വാഷിങ്ടൺ: ഇസ്രഈൽ നേതാക്കൾക്കെതിരെ യുദ്ധക്കുറ്റം ചുമത്തിയ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്കെതിരെ തിരിഞ്ഞ് യു.എസ്.

ഇസ്രഈൽ നേതാക്കൾക്കെതിരെ യുദ്ധക്കുറ്റം ചുമത്തിയ അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ ശിക്ഷിക്കാൻ യു. എസ് പ്രതിനിധി സഭ വോട്ട് ചെയ്തു. ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെയും പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെതിരെയും ഐ.സി.സി പ്രോസിക്യൂട്ടർ ആയ കരീം ഖാൻ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അന്താരാഷ്ട്ര ക്രിമിനൽ കോടതി ഇതുവരെയും അദ്ദേഹത്തിന്റെ അഭ്യർത്ഥന അംഗീകരിച്ചിട്ടില്ല.

പക്ഷെ അത്തരം ഒരു നീക്കം അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ പക്കൽ നിന്നും ഉണ്ടാകാതിരിക്കാനുള്ള മുന്നൊരുക്കത്തിലാണ് ഇപ്പോൾ അമേരിക്ക.

അന്താരാഷ്ട്ര കോടതി തങ്ങളുടെ അധികാര പരിധിക്കപ്പുറത്തേക്ക് പ്രവർത്തിക്കുന്നത് തടയാൻ വേണ്ടി ടെക്സസിലെ റിപ്പബ്ലിക്കൻ പ്രതിനിധിയായ ചിപ്പ് റോയ് നിർമിച്ച ബില്ലിൽ ആണ് യു.എസ് ഇപ്പോൾ ഒപ്പ് വെച്ചിരിക്കുന്നത്.

247 പേർ ബില്ലിനെ അനുകൂലിക്കുകയും 155 പേർ പ്രതികൂലിച്ച് വോട്ട് ചെയ്യുകയും ചെയ്തു. റിപ്പബ്ലിക്കൻ പാർട്ടിക്കാരും 42 ഇസ്രഈൽ അനുകൂല ഡെമോക്രറ്റുകളും ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു.

ബില്ലിൽ ഐ.സി.സി ഉദ്യോഗസ്ഥർക്കെതിരെ യു.എസ് യാത്ര ഉപരോധവും സാമ്പത്തിക ഉപരോധവും ഏർപ്പെടുത്തും. കോടതി അമേരിക്കക്കെതിരെയോ അമേരിക്കൻ സഖ്യകക്ഷികൾക്കെതിരെയോ അന്വേഷണം നടത്തുന്നത് അവസാനിപ്പിക്കുകയാണെങ്കിൽ ഉപരോധം തടയാൻ അമേരിക്കൻ പ്രസിഡന്റിന് ബില്ല് അധികാരം നൽകും.

‘യു.എസിന്റെ സഖ്യകക്ഷികൾക്കെതിരെ അന്വേഷണം നടത്തുകയോ അറസ്റ്റ് ചെയ്യുകയോ തടങ്കലിൽ വെക്കാൻ ശ്രമിക്കുകയോ ചെയ്യുന്ന ഏതൊരാൾക്കും അമേരിക്കയിൽ പ്രവേശിക്കാൻ സാധിക്കില്ല. അവരുടെ വിസ റദ്ദാക്കുകയും ചെയ്യുന്നതാണ്. ഇതിന്റെ നിയന്ത്രണങ്ങൾ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനായിരിക്കും,’ ബില്ലിൽ ഒപ്പുവെച്ച അംഗങ്ങൾ പറഞ്ഞു.

ബില്ല് പാസാക്കുന്നതിലൂടെ ഇസ്രഈലിനൊപ്പമാണ് അമേരിക്ക നിലകൊള്ളുന്നതെന്ന സന്ദേശം ലോകത്തിന് നൽകുകയാണ് തങ്ങൾ ചെയ്യുന്നതെന്ന് അമേരിക്കൻ വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

 

Content Highlight: America passed a bill against ICC