വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 20,000 കടന്നു. ഇതോടെ മരണസംഖ്യയില്‍ ഇറ്റലിയെ മറികടന്ന അമേരിക്ക കൊവിഡ് 19 ബാധിച്ച് ഏറ്റവും കൂടുതല്‍ ആളുകള്‍ മരണപ്പെടുന്ന രാജ്യമായി മാറി.
ഒറ്റ ദിവസം കൊണ്ട് 2,000ത്തിലേറെ കൊവിഡ് മരണങ്ങള്‍ സ്ഥിരീകരിച്ചതോടെയാണ് അമേരിക്ക ഇറ്റലിയെ പിന്നിട്ട് കൊവിഡ് മരണനിരക്കില്‍ ഒന്നാമതെത്തിയത്. ജോണ്‍ഹോപ്കിന്‍സ് സര്‍വകലാശാലയാണ് പുതിയ വിവരങ്ങള്‍ പുറത്തു വിട്ടത്.
24 മണിക്കൂറിനുള്ളില്‍ ന്യൂയോര്‍ക്കില്‍ മാത്രം 783 പുതിയ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. കഴിഞ്ഞ കുറച്ചു നാളുകളായി ഇത്രത്തോളം മരണങ്ങള്‍ ന്യൂയോര്‍ക്കില്‍ സംഭവിക്കുന്നുണ്ടെന്ന് ഗവര്‍ണര്‍ ആന്‍ഡ്ര്യൂ ക്യൂമോ പറഞ്ഞു.
‘ന്യൂയോര്‍ക്കില്‍ കാണുന്നത് എക്കാലത്തെയും ഉയര്‍ന്ന നിരക്കല്ല, സ്ഥിരമായ കണക്കുകളിലാണ് ഇപ്പോള്‍ മരണ സംഖ്യ പോയിക്കൊണ്ടിരിക്കുന്നത്. പക്ഷെ ഇത് പേടിപ്പിക്കുന്ന തരത്തില്‍ സ്ഥിരം സംഖ്യയായി വരുന്നുണ്ട്. അവിശ്വസനീയമാം വിധം വേദനയും നഷ്ടവും ഉണ്ടാക്കുന്ന കണക്കുകൂടിയാണിത്,’ ആന്‍ഡ്ര്യൂ ക്യൂമോ പറഞ്ഞു.
രോഗവ്യാപനം കണക്കിലെടുത്ത് ന്യൂയോര്‍ക്കിലെ വിദ്യാലയങ്ങള്‍ ഈ വര്‍ഷം മുഴുവന്‍ അടച്ചിടുമെന്നും മേയര്‍ ബില്‍ ഡി ബ്ലാസിയോ അറിയിച്ചു. അതേസമയം ലോകത്താകമാനം 100,000 ത്തോളം ആളുകളാണ് കൊവിഡ് ബാധിച്ച് മരിച്ചത്.