| Wednesday, 7th December 2022, 9:11 am

ഷിറീന്‍ അബു അഖ്‌ലേ കേസ് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയിലെത്തിച്ച് അല്‍ ജസീറ; എതിര്‍ത്ത് യു.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഫലസ്തീനിയന്‍- അമേരിക്കന്‍ മാധ്യമപ്രവര്‍ത്തക ഷിറീന്‍ അബു അഖ്ലേ (Shireen Abu Akleh) ഇസ്രഈല്‍ സൈന്യത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ (International Criminal Court) സമീപിച്ച് അല്‍ ജസീറ.

കൊലപാതകത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കൊണ്ടാണ് അല്‍ ജസീറ മീഡിയ നെറ്റ്‌വര്‍ക്ക് കോടതിയെ സമീപിച്ചത്. എന്നാല്‍ അല്‍ ജസീറയുടെ നീക്കത്തിനെതിരെ എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ട് അമേരിക്കയും രംഗത്തെത്തി.

അഖ്ലേയുടെ കൊലപാതകത്തിന് കാരണക്കാരായവര്‍ക്കെതിരെ അന്വേഷണം നടത്താനും അവരെ വിചാരണ ചെയ്യാനുമാണ് ഹേഗ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.സി.സിയില്‍ അല്‍ ജസീറ ചൊവ്വാഴ്ച സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കോടതിയില്‍ ഈ അപേക്ഷ സമര്‍പ്പിച്ച് മണിക്കൂറുകള്‍ക്കകം തന്നെ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അല്‍ ജസീറയുടെ നീക്കത്തെ തള്ളുകയായിരുന്നു.

”ഈ സാഹചര്യത്തില്‍ ഞങ്ങള്‍ ഈ നീക്കത്തെ എതിര്‍ക്കുന്നു. ഫലസ്തീന്‍ സാഹചര്യത്തെക്കുറിച്ച് ഐ.സി.സി അന്വേഷിക്കുന്നതിനോട് ദീര്‍ഘകാലമായുണ്ടായിരുന്ന എതിര്‍പ്പുകള്‍ ഞങ്ങള്‍ നിലനിര്‍ത്തുന്നു.

ഐ.സി.സി അതിന്റെ പ്രധാന ദൗത്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ക്രൂരമായ കുറ്റകൃത്യങ്ങളില്‍ ശിക്ഷ നടപ്പാക്കുന്നതിലും അവ തടയുന്നതിലും അവസാന ആശ്രയമായി പ്രവര്‍ത്തിക്കുക എന്നതാണ് ആ ദൗത്യം,” അല്‍ ജസീറയുടെ നീക്കത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞു.

ഇസ്രഈല്‍ ചൂഷണങ്ങളെ ഐക്യരാഷ്ട്രസഭയും ഐ.സി.സിയും ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകള്‍ക്ക് മുന്നില്‍ കൊണ്ടുവരാനുള്ള ഫലസ്തീന്റെ ശ്രമങ്ങള്‍ക്കെതിരെയാണ് വളരെക്കാലമായി യു.എസ് നിലകൊള്ളുന്നത്.

അതേസമയം തെളിവുകള്‍ സഹിതമാണ് അല്‍ ജസീറ ഇന്റര്‍നാഷണല്‍ ക്രിമിനല്‍ കോര്‍ട്ടില്‍ ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. അല്‍ ജസീറ സംഘം ആറ് മാസമായി നടത്തിയ അന്വേഷണത്തിലൂടെ ശേഖരിച്ച ദൃക്‌സാക്ഷി തെളിവുകളും വീഡിയോ ഫൂട്ടേജുകളുമുള്‍പ്പെടെയുള്ളതാണ് ഹരജിക്കൊപ്പം സമര്‍പ്പിച്ചിരിക്കുന്നത്.

അതിനിടെ അബു അഖ്ലേയുടെ മരണത്തില്‍ അമേരിക്ക അന്വേഷണം പ്രഖ്യാപിച്ചതായി ഇസ്രഈല്‍ നേരത്തെ സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ യു.എസിന്റെ അന്വേഷണവുമായി സര്‍ക്കാര്‍ സഹകരിക്കില്ലെന്നും ഇസ്രഈലി പ്രതിരോധ മന്ത്രി ബെന്നി ഗാന്റ്സ് പ്രതികരിച്ചിരുന്നു.

യു.എസിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തെ ‘തെറ്റ്’ എന്ന് വിശേഷിപ്പിച്ച ഗാന്റ്‌സ് അഖ്ലേയുടെ മരണത്തില്‍ ഇസ്രഈല്‍ സര്‍ക്കാരിലെ ജസ്റ്റിസ് ഡിപ്പാര്‍ട്മെന്റ് രഹസ്യമായി നടത്തിയ അന്വേഷണത്തിന്റെ വിശദാംശങ്ങളും പുറത്തുവിട്ടിരുന്നു.

ആഭ്യന്തരമായി തങ്ങള്‍ നടത്തുന്ന അന്വേഷണത്തില്‍ മറ്റുള്ളവര്‍ (യു.എസ്) ഇടപെടാന്‍ അനുവദിക്കില്ലെന്നും ഇസ്രഈല്‍ മന്ത്രി വ്യക്തമാക്കി.

ഇക്കഴിഞ്ഞ മെയ് 11നായിരുന്നു ഷിറീന്‍ അബു അഖ്ലേ കൊല്ലപ്പെട്ടത്. അധിനിവേശ വെസ്റ്റ് ബാങ്ക് നഗരത്തിലെ ജെനിനിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രഈല്‍ സൈന്യം നടത്തിയ സൈനിക നടപടിയും റെയ്ഡും കവര്‍ ചെയ്യുന്നതിനിടെ അല്‍ ജസീറയിലെ മാധ്യമപ്രവര്‍ത്തകയായിരുന്ന അബു അഖ്ലേക്ക് വെടിയേല്‍ക്കുകയായിരുന്നു.

തലയ്ക്ക് വെടിയേറ്റതാണ് മരണകാരണമെന്ന് ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.

ജെനിനില്‍ നടന്ന ഇസ്രഈലിന്റെ റെയ്ഡുകള്‍ പകര്‍ത്തുന്നതിനിടെ സൈന്യം ഷിറീനെ വെടി വെക്കുകയായിരുന്നു. മറ്റൊരു മാധ്യമപ്രവര്‍ത്തകനായ അലി സമൗദിക്കും വെടിയേറ്റിരുന്നു.

Content Highlight: America opposes Al Jazeera’s push to take the Abu Akleh case to International Criminal Court

We use cookies to give you the best possible experience. Learn more