ടെഹ്റാന്‍: ഇറാനില്‍ നടന്ന ഭീകരാക്രമണത്തിലും ലെബനനില്‍ ഹമാസ് നേതാവ് കൊല്ലപ്പെട്ടതിലും വാഷിംഗ്ടണിന് പങ്കില്ലെന്ന് യു.എസ്. ബുധനാഴ്ചയാണ് നൂറോളം പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണം നടന്നത്.
യു.എസ് ഒരു തരത്തിലും ഇറാന്‍ സ്ഫോടനങ്ങളില്‍ ബന്ധപ്പെട്ടട്ടില്ലെന്നും സ്‌ഫോടനത്തില്‍ ഇസ്രഈലിന് പങ്കുണ്ടെന്ന് കരുതുന്നില്ലെന്നും യു.എസ് വക്താവ് മാത്യു മില്ലര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇറാന്‍ ആക്രമണത്തെ അദ്ദേഹം ശക്തമായി അപലപിച്ചെങ്കിലും ഇസ്രഈല്‍-ഹമാസ് യുദ്ധത്തിന് കാരണം സാലിഹ് അല്‍-അരൂരിയാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
സമാനമായ പ്രസ്താവന വൈറ്റ് ഹൗസ് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ വക്താവ് ജോണ്‍ കിര്‍ബിയും നടത്തിയിരുന്നു. ‘അല്‍-അരൂരി തീവ്രവാദിയാണ് അയാള്‍ മരിച്ചത്തില്‍ ആരും വിഷമിക്കേണ്ടതില്ല. ലെബനനിലെ ഡ്രോണ്‍ ആക്രമണത്തില്‍ ഇസ്രഈലിന് പങ്കുണ്ടെന്ന് സൂചനയില്ല’-എന്നാണ് ജോണ്‍ കിര്‍ബി പറഞ്ഞത്.
എന്നാല്‍ ഹിസ്ബുള്ള, ഹമാസ്, ലെബനന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ ആക്രമണത്തിന് പിന്നില്‍ ഇസ്രഈലാണെന്ന് പറഞ്ഞു.
‘മറ്റൊരു രാജ്യത്ത് ഡ്രോണ്‍ ആക്രമണം നടത്തുന്നത് കുറ്റകൃത്യമാണ് അതുകൊണ്ട് ഇതിനെതിരെ ഞങ്ങള്‍ ശക്തമായി പ്രതികരിക്കും’ഹിസ്ബുള്ള മേധാവി സയ്യിദ് ഹസന്‍ നസ്റല്ല പറഞ്ഞു. എന്നാല്‍ ഇസ്രഈല്‍ സൈനിക ഉദ്യോഗസ്ഥര്‍ സംഭവത്തെക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇസ്രഈല്‍-ഹമാസ് യുദ്ധം തുടങ്ങിയത് ഒക്‌ടോബറിലാണ്. അന്ന് മുതല്‍ മറ്റ് രാജ്യങ്ങളിലേക്ക് ആക്രമണം വ്യാപിക്കാതിരിക്കാന്‍ യു.എസ് നടപടി സ്വീകരിച്ചിരുവെന്ന് മില്ലറും കിര്‍ബിയും പറഞ്ഞു. അതുകൊണ്ടുതന്നെ ലെബനനിലും ഇറാനിലും ഉണ്ടായ ആക്രമണത്തിലെ ആശങ്കകള്‍ വലുതാണെന്നും യു.എസ് വക്താവ് പറഞ്ഞു.
ഇറാനിലെ കെര്‍മനില്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ ചരമവാര്‍ഷിക അനുസ്മരണ പരിപാടിയിലാണ് ബുധനാഴ്ച സ്‌ഫോടനം ഉണ്ടായത്. ഇറാനിലെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ എലൈറ്റ് ഖുദ്സ് ഫോഴ്സിന്റെ കമാന്‍ഡറായിരുന്നു സുലൈമാനി. 2020 ല്‍ യു.എസ് ഡ്രോണ്‍ ആക്രമണത്തിലാണ് സുലൈമാനി കൊല്ലപ്പെട്ടത്.
ആക്രമണത്തിന് പിന്നിലെ കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റൈസി പറഞ്ഞു. ഇറാന്റെ നിശ്ചയദാര്‍ഢ്യം ഇത്തരം ആക്രമണങ്ങള്‍ കൊണ്ട് തകര്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: America is not involved in Iran terrorist attack