'അമേരിക്ക നരകമായിക്കൊണ്ടിരിക്കുകയാണ്'; അറസ്റ്റിന് പിന്നാലെ പ്രതികരണവുമായി ട്രംപ്
World News
'അമേരിക്ക നരകമായിക്കൊണ്ടിരിക്കുകയാണ്'; അറസ്റ്റിന് പിന്നാലെ പ്രതികരണവുമായി ട്രംപ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 5th April 2023, 8:13 am

ന്യൂയോര്‍ക്ക്: അമേരിക്ക നരകമായി മാറിക്കൊണ്ടിരിക്കുകയാണെന്ന് മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പാര്‍ട്ടി നേതാവുമായ ഡൊണാള്‍ഡ് ട്രംപ്. ചലച്ചിത്ര നടി സ്റ്റോമി ഡാനിയല്‍സുമായുള്ള ബന്ധം മറച്ച് വെക്കാന്‍ പണം നല്‍കിയെന്ന കേസില്‍ കഴിഞ്ഞ ദിവസം ട്രംപ് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. 2016ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി, ബന്ധം മറച്ച് വെക്കാന്‍ പണം നല്‍കിയെന്നാണ് കേസ്.

ന്യൂയോര്‍ക്കിലെ ലോവര്‍ മാന്‍ഹാട്ടന്‍ ഫെഡറല്‍ കോടതിയിലെത്തിയ ട്രംപിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടിരുന്നു. ഇതിന് പിന്നാലെ തന്റെ അനുയായികളെ അഭിസംബോധന ചെയ്യവേയാണ് അമേരിക്ക നരകമായിക്കൊണ്ടിരിക്കുകയാണെന്ന് ട്രംപ് പറഞ്ഞത്.

‘ഇതു പോലൊരു കാര്യം അമേരിക്കയില്‍ സംഭവിക്കുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. രാജ്യത്തിനായി ഭയരഹിതനായി പ്രവര്‍ത്തിച്ചു എന്നതാണ് ഞാന്‍ ചെയ്ത ഏക കുറ്റം. നമ്മുടെ രാജ്യം നരകമായി മാറിക്കൊണ്ടിരിക്കുകയാണ്,’ ട്രംപ് പറഞ്ഞു.

2024ലെ, വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തനിക്കെതിരെ പടച്ചുണ്ടായിയ വ്യാജ കേസാണിതെന്ന് ട്രംപ് ആരോപിച്ചു. മാന്‍ ഹാട്ടന്‍ ഡിസ്ട്രിക്ട് അറ്റോര്‍ണി ആല്‍വിന്‍ ബ്രാഗിനെതിരെയും ട്രംപ് രംഗത്ത് വന്നു.

യഥാര്‍ത്ഥ പ്രതി ഡിസ്ട്രിക്ട് അറ്റോര്‍ണിയാണെന്നായിരുന്നു ട്രംപ് പറഞ്ഞത്. ആല്‍വിന്‍ ബ്രാഗിന്റെ കുടുംബത്തിനെതിരെയും ട്രംപ് രംഗത്ത് വന്നിരുന്നു. ആല്‍വിന്റെ മകള്‍ യു.എസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന് വേണ്ടി ജോലി ചെയ്തിട്ടുള്ള ആളാണെന്നാണ് ട്രംപ് ആരോപിച്ചത്.

‘ഇവിടെ ട്രംപിനെ വെറുക്കുന്ന ഒരു കുടുംബത്തില്‍ നിന്നുള്ള, ട്രംപ് വിരുദ്ധനായ ഒരു ജഡ്ജിയാണുള്ളത്. അയാളുടെ മകള്‍ കമലാ ഹാരിസിന് വേണ്ടി ജോലി ചെയ്തിട്ടുള്ള ആളാണ്,’ ട്രംപ് പറഞ്ഞു.

ട്രംപ് ഹാജരാകാന്‍ വന്നതിനെ തുടര്‍ന്ന് മുന്‍ പ്രസിഡന്റിന്റെ നിരവധി അനുയായികള്‍ കോടതി പരിസരത്ത് എത്തിയിരുന്നു. രാജ്യത്ത് പലയിടങ്ങളിലും ട്രംപിന്റെ അനുയായികള്‍ പിന്തുണ പ്രഖ്യാപിച്ച് പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു.

അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മുന്‍ പ്രസിഡന്റിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തുന്നത്. ഒരു വര്‍ഷമെങ്കിലുമെടുക്കും കേസില്‍ വിചാരണ ആരംഭിക്കാന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Comtent highlights: ‘America is going to hell’; Trump reacts after the arrest