World News
'അമേരിക്ക പൊള്ളയായ ആശയമായി മാറുന്നു'; യു.എസ് ഉപേക്ഷിക്കാനൊരുങ്ങി ജെയിംസ് കാമറൂണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 01, 03:19 am
Saturday, 1st March 2025, 8:49 am

വാഷിങ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് രണ്ടാമതും യു.എസ് പ്രസിഡന്റായി അധികാരമേറ്റതോടെ അമേരിക്ക ഉപേക്ഷിക്കാനൊരുങ്ങി ഹോളിവുഡ് സംവിധായകനും നിര്‍മാതാവുമായ ജെയിംസ് കാമറൂണ്‍.

അമേരിക്കയില്‍ തനിക്ക് സുരക്ഷയുണ്ടെന്ന് തോന്നുന്നില്ലെന്നും ന്യൂസിലാന്‍ഡില്‍ സ്ഥിരതാമസമാക്കാനാണ് ആഗ്രഹിക്കുന്നതെന്നും ജെയിംസ് കാമറൂണ്‍ പറഞ്ഞു.

‘അമേരിക്കയില്‍ എനിക്ക് സുരക്ഷയുണ്ടെന്ന് തോന്നുന്നില്ല. എല്ലാ ദിവസവും പത്രങ്ങളുടെ ആദ്യ പേജില്‍ ട്രംപിന്റെ ചിത്രം കാണുന്നത് അറപ്പുളവാക്കുന്നു. അപകടം ആവര്‍ത്തിച്ച് കാണുന്നത് പോലെ തന്നെ ദുരന്തമാണത്,’ കാമറൂണ്‍ പ്രതികരിച്ചു.

ട്രംപിന്റെ ഭരണം ഭയപ്പെടുത്തുന്നതാണെന്നും കാമറൂണ്‍ കൂട്ടിച്ചേര്‍ത്തു. അമേരിക്ക പൊള്ളയായ ആശയമായി മാറുന്നുവെന്നും മഹത്തായ എല്ലാ കാര്യങ്ങളെയും ട്രംപ് തിരസ്‌കരിക്കുകയാണെന്നും കാമറൂണ്‍ പറഞ്ഞു.

ചരിത്രപരമായി എന്തിനൊക്കെ വേണ്ടിയാണോ അമേരിക്ക നിലനില്‍ക്കുന്നത്, അതില്‍ നിന്നെല്ലാം യു.എസ് പിന്മാറുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാവി സിനിമകള്‍ ന്യൂസിലാന്‍ഡില്‍ ചെയ്യാനാണ് പദ്ധതിയെന്നും കാമറൂണ്‍ പ്രഖ്യാപിച്ചു.

യു.എസ് പ്രസിഡന്റായി  ട്രംപ് തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ അമേരിക്കയുടെ വിദേശനയത്തില്‍ ഉള്‍പ്പെടെ അന്താരാഷ്ട്ര തലത്തില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

ധനസഹായം വെട്ടിക്കുറയ്ക്കുന്ന ട്രംപിന്റെ തീരുമാനത്തില്‍ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് ഇന്നലെ (വെള്ളി) അതൃപ്തി രേഖപ്പെടുത്തി. യു.എസ് സഹായത്തിന്റെ അഭാവം നിര്‍ണായകമായ വിവിധ പരിപാടികളെ ബാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

‘ലോകമെമ്പാടുമുള്ള ദുര്‍ബലരായ ആളുകള്‍ക്ക് യു.എസ് തീരുമാനം വിനാശകരമായിരിക്കും, അതാണ് ഇതിന്റെയെല്ലാം അനന്തരഫലം,’ ഗുട്ടെറസ് പറഞ്ഞു.

ഐക്യരാഷ്ട്രസഭയ്ക്ക് നല്‍കിവരുന്ന ധനസഹായം നിര്‍ത്തിവെച്ചത് ഉള്‍പ്പെടെ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നിലധികം തീരുമാനങ്ങളാണ് ചെറിയ കാലയളവിനുള്ളില്‍ ട്രംപ് സ്വീകരിച്ചത്.

ലോകാരോഗ്യ സംഘടനയില്‍ നിന്നും പാരീസ് കാലാവസ്ഥ കരാറില്‍ നിന്നും യു.എസ് പിന്‍വാങ്ങിയിരുന്നു. ട്രംപിന്റെ ആദ്യ ടേമിലും യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് യു.എസ് പിന്മാറിയിരുന്നു. 2018ലാണ് യു.എസ് മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് പിന്മാറിയത്.

ഉക്രൈന്‍, ബംഗ്ലാദേശ്, പാകിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കുള്ള സാമ്പത്തിക സഹായവും ട്രംപ് നിര്‍ത്തലാക്കിയിരുന്നു. യു.എസില്‍ ഇനിമുതല്‍ രണ്ട് ജെന്‍ഡറുകള്‍ മാത്രം മതിയെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു. ജന്മാവകാശ പൗരത്വം നിരോധിക്കുമെന്നും ട്രംപ് തീരുമാനിച്ചിരുന്നു.

കൂടാതെ എച്ച്.ഐ.വി, മലേറിയ, ക്ഷയം എന്നീ രോഗങ്ങള്‍ക്കുള്ള ജീവന്‍രക്ഷാ മരുന്നുകളുടെ വിതരണം നിര്‍ത്തിവെക്കാനും ട്രംപ് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്. സൈന്യം, തപാല്‍, ഇമിഗ്രേഷന്‍, ദേശീയ സുരക്ഷാ വകുപ്പുകള്‍ എന്നിവയൊഴികെ മറ്റ് വകുപ്പുകളിലായി പ്രവര്‍ത്തിക്കുന്ന രണ്ട് ലക്ഷത്തോളം വരുന്ന ജീവനക്കാരുടെ പിരിച്ചുവിടലും ട്രംപ് ഘട്ടങ്ങളായി നടത്തുകയാണ്.

Content Highlight: ‘America is becoming a hollow idea’; James Cameron is about to leave the US