വാഷിങ്ടണ്‍: റഷ്യ ഉക്രൈനെ ആക്രമിക്കുകയാണെങ്കില്‍ തിരിച്ചടിക്കുന്നതിന് ഇന്ത്യയുടെ പിന്തുണയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് അമേരിക്ക.
അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് നെഡ് പ്രൈസ് ആണ് ഇക്കാര്യം പറഞ്ഞത്.
നിയമങ്ങള്‍ക്കധിഷ്ടിതമായ ഇന്റര്‍നാഷണല്‍ ഓര്‍ഡറിനോട് പ്രതിജ്ഞാബന്ധമായ ഇന്ത്യ റഷ്യക്കെതിരായ നീക്കത്തില്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നായിരുന്നു പ്രൈസ് പറഞ്ഞത്.
ഈയിടെ മെല്‍ബണില്‍ വെച്ച് നടന്ന ക്വാഡ് (Quad) സെക്യൂരിറ്റി ഡയലോഗില്‍ റഷ്യ-ഉക്രൈന്‍ വിഷയം ചര്‍ച്ച ചെയ്തിരുന്നെന്നും നെഡ് പ്രൈസ് വ്യക്തമാക്കി.
ഇന്ത്യ, ജപ്പാന്‍, ഓസ്‌ട്രേലിയ, അമേരിക്ക എന്നീ രാജ്യങ്ങള്‍ തമ്മില്‍ നടക്കുന്ന സെക്യൂരിറ്റി ഡയലോഗ് ആണ് ക്വാഡ്. നാല് രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാരായിരുന്നു ഇത്തവണത്തെ ക്വാഡ് ഡയലോഗില്‍ പങ്കെടുത്തത്.
ഇതിനിടെ ഉക്രൈന്‍ അതിര്‍ത്തിയില്‍ നിന്ന് തങ്ങളുടെ സൈന്യത്തെ പിന്‍വലിച്ചെന്ന് റഷ്യ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. അതിര്‍ത്തിയില്‍ നിന്ന് കൂടുതല്‍ സൈനികരെ പിന്‍വലിക്കുന്ന ദൃശ്യങ്ങളും റഷ്യ പുറത്തുവിട്ടിരുന്നു.
ക്രിമിയയില്‍ നിന്ന് സൈനികര്‍ പിന്‍വാങ്ങുന്ന ദൃശ്യങ്ങളായിരുന്നു റഷ്യന്‍ പ്രതിരോധ വകുപ്പ് പുറത്തുവിട്ടത്.
എന്നാല്‍ സൈന്യത്തെ പിന്‍വലിച്ചുവെന്ന് ബോധ്യപ്പെടണമെങ്കില്‍ നേരിട്ട് കണ്ടറിയണമെന്നായിരുന്നു ഉക്രൈന്റെ നിലപാട്. തങ്ങളുടെ നിരീക്ഷണങ്ങളും സാറ്റ്ലൈറ്റ് തെളിവുകളും റഷ്യ പിന്മാറിയതിന് സൂചനകളൊന്നും നല്‍കുന്നില്ലെന്നും ഉക്രൈന്‍ അറിയിച്ചിരുന്നു.
കാണുന്നത് മാത്രം വിശ്വസിക്കുക എന്നായിരുന്നു ഉക്രൈന്‍ പ്രതിരോധ മന്ത്രി ഒലെക്സി റെസ്നിക്കോവ് റഷ്യയുടെ പിന്‍മാറ്റത്തെക്കുറിച്ചുള്ള അറിയിപ്പില്‍ പ്രതികരിച്ചത്. ഇതിന് പിന്നാലെയാണ് റഷ്യ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
എന്നാല്‍ റഷ്യ ഉക്രൈനെ ആക്രമിക്കാന്‍ ഇപ്പോഴും സാധ്യതയുണ്ടെന്നാണ് അമേരിക്ക പറയുന്നത്.
Content Highlight: America hopes India will support US if Russia attacks Ukraine