| Monday, 30th March 2020, 7:38 am

അമേരിക്കയില്‍ അടുത്ത രണ്ടാഴ്ചയില്‍ മരണസംഖ്യ വര്‍ധിക്കും: ലോക് ഡൗണില്ല; നിയന്ത്രണങ്ങള്‍ ഏപ്രില്‍ 30 വരെ നീട്ടി ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍: കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ തുടരുമെന്നറിയിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ആളുകള്‍ പാലിക്കേണ്ട സാമൂഹിക അകലം ഏപ്രല്‍ 30 വരെ നീട്ടി.

അടുത്ത രണ്ടാഴ്ചയില്‍ മരണ നിരക്ക് കൂടുമെന്നും എന്നാല്‍ ജൂണ്‍മാസം ഒന്നാംതീയതിയോടെ കൊവിഡിനെ നിയന്ത്രിക്കാനാകുമെന്നും ട്രംപ് വിശദീകരിച്ചു. അതേസമയം രാജ്യം ഇതുവരെ ലോക്ഡൗണ്‍ ചെയ്യുന്നതിനെപറ്റി ട്രംപ് വിശദീകരണങ്ങള്‍ വന്നട്ടില്ല.

അമേരിക്കയില്‍ കഴിഞ്ഞ ദിവസം മാത്രം 20,000ത്തോളം കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും 250 ഓളം പേരുടെ മരണം റിപ്പോര്‍ട്ടു ചെയ്യുകയും ചെയ്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ നീട്ടിക്കൊണ്ട് ട്രംപ് ഉത്തരവിറക്കിയത്.

ലക്ഷക്കണക്കിന് ആളുകള്‍ക്ക് രോഗം ബാധിക്കുമെന്നും 100,000 മുതല്‍ 200,000 പേര്‍ മരിക്കുമെന്നും വൈറ്റ് ഹൗസിന്റെ കൊറോണവൈറസ് ടാസ്‌ക് ഫോഴ്‌സ് മെമ്പറും രോഗവിദ്ധനുമായ ഡോ. ആന്റണി ഫൗസിയും മുന്നറിയിപ്പ് നല്‍കിയിരുന്നു.

അമേരിക്കയിലെ സ്ഥിതിഗതികള്‍ ഏപ്രില്‍ 12ഓട് കൂടി സാധാരണമട്ടിലാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ അത് ജൂണ്‍ ഒന്ന് വരെ നീട്ടേണ്ട സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 33,956 ആയി. അതേസമയം ഇറ്റലിയില്‍ മരിച്ചവരുടെ എണ്ണം 10,000 കടന്നു. ലോകത്ത് 7 ലക്ഷത്തിലധികം പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more