| Monday, 28th November 2022, 6:28 pm

നിക്കോളാസ് മഡുറോ സര്‍ക്കാരും പ്രതിപക്ഷവും തമ്മില്‍ കരാറിലെത്തി; വെനസ്വേലക്കെതിരായ എണ്ണ ഉപരോധത്തില്‍ അയവുവരുത്തി യു.എസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: വെനസ്വേലക്കെതിരായ ഉപരോധങ്ങളില്‍ അയവുവരുത്തി അമേരിക്ക. നയതന്ത്ര ചര്‍ച്ചകളുടെ ഫലമായാണ് ഈ തീരുമാനം.

വെനസ്വേലക്കെതിരായ എണ്ണ ഉപരോധങ്ങളില്‍ അയവുവരുത്താന്‍ തീരുമാനമെടുത്തതായി ശനിയാഴ്ചയാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചത്.

വെനസ്വേലന്‍ ജനതയ്ക്ക് മാനുഷിക സഹായം നല്‍കുന്നതിന് യു.എന്‍ നിയന്ത്രിത ഫണ്ട് രൂപീകരിക്കുന്നതിന് വേണ്ടി നിക്കോളാസ് മഡുറോ സര്‍ക്കാരും പ്രതിപക്ഷ പാര്‍ട്ടികളും തമ്മില്‍ ചര്‍ച്ചകള്‍ നടത്തുകയും പിന്നീട് വിശാലമായ സാമൂഹിക ഉടമ്പടിയില്‍ (social accord) ഒപ്പുവെക്കുകയും ചെയ്തിരുന്നു.

ഇതിന് ശേഷമാണ് ഉപരോധങ്ങളില്‍ അയവുവരുത്തുന്നതായി അമേരിക്കയും അറിയിച്ചത്.

ജനാധിപത്യം പുനസ്ഥാപിക്കാന്‍ വെനസ്വേലയിലെ ഭരണകൂടം നടത്തുന്ന ശ്രമങ്ങള്‍ സ്വാഗതാര്‍ഹമാണെന്നും ആ ദിശയിലുള്ള സുപ്രധാന ചുവടാണ് ഈ കരാറെന്നും യു.എസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് പ്രതികരിച്ചു.

പ്രസിഡന്റ് മഡുറോയുടെയും യു.എസിന്റെ പിന്തുണയുള്ള ജുവാന്‍ ഗ്വൈഡോയുടെ  നേതൃത്വത്തിലുള്ള വിഭാഗം ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെയും പ്രതിനിധികള്‍ ശനിയാഴ്ചയായിരുന്നു മെക്‌സിക്കോ സിറ്റിയില്‍ വെച്ച് കരാറില്‍ ഒപ്പുവെച്ചത്.

കരാറിലെ കാര്യങ്ങള്‍ മഡുറോ സര്‍ക്കാര്‍ പാലിക്കുന്നുണ്ടോയെന്ന് യു.എസ് സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് ഒരു യു.എസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

ഉപരോധ ഇളവിന്റെ ഭാഗമായി യു.എസ് മരവിപ്പിച്ച വിവിധ വെനസ്വേലന്‍ അക്കൗണ്ടുകളുടെ സാമ്പത്തിക ഇടപാടുകള്‍ പുനരാരംഭിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ഉപരോധം പൂര്‍ണമായി അവസാനിപ്പിക്കാന്‍ ഇനിയും സമയമെടുക്കുമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഉപരോധങ്ങളില്‍ അയവുവരുത്തിയതോടെ കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷെവ്‌റോണ്‍ അടക്കമുള്ള അമേരിക്കന്‍ കമ്പനികള്‍ക്ക് വെനസ്വേലയില്‍ പരിമിതമായ എണ്ണ ഖനന പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതിന് ലൈസന്‍സ് ലഭിക്കും. ആറ് മാസത്തേക്കാണ് കമ്പനിക്ക് അനുമതി നല്‍കിയത്.

ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശേഖരമുള്ള വെനസ്വേലയില്‍ ഷെവ്റോണിന്റെ പ്രവര്‍ത്തനങ്ങളില്‍ ഇളവ് വരുത്തുന്നതോടെ ആഗോള എണ്ണ വിപണിയിലേക്ക് വീണ്ടും പ്രവേശിക്കാന്‍ വെനസ്വേലക്ക് വഴിയൊരുങ്ങും.

റഷ്യയുടെ ഉക്രൈന്‍ അധിനിവേശവും അതേത്തുടര്‍ന്ന് ആഗോള ഊര്‍ജ വിതരണത്തിലുണ്ടായ പ്രശ്‌നങ്ങളുമാണ് വെനസ്വേലന്‍ പ്രതിസന്ധി പരിഹരിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ കൂടുതല്‍ ശക്തി പ്രാപിക്കാന്‍ കാരണമായത്.

സൗത്ത് അമേരിക്കന്‍ രാജ്യമായ വെനസ്വേലക്കെതിരെ 651 ഉപരോധങ്ങളായിരുന്നു നിലവിലുണ്ടായിരുന്നത്. 2017 മുതല്‍ വെനസ്വേലയിലെ ബിസിനസുകള്‍ക്കും എണ്ണക്കമ്പനികള്‍ക്കും മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധങ്ങളാണ് ഇവ.

Content Highlight: America eases Venezuela oil sanctions after govt and opposition reached a deal

We use cookies to give you the best possible experience. Learn more