| Monday, 18th May 2020, 10:00 am

നിയമവിരുദ്ധമായി കുടിയേറിയ 161 ഇന്ത്യക്കാരെ തിരിച്ചയക്കാനൊരുങ്ങി അമേരിക്ക; 'രാജ്യത്തെ ജയിലുകളില്‍ കഴിയുന്നത് ആയിരങ്ങള്‍'

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംഗ്ടണ്‍ സിറ്റി: നിയമവിരുദ്ധമായി അമേരിക്കയിലേക്ക് കുടിയേറിയ 161 ഇന്ത്യക്കാരെ തിരിച്ചയക്കാനൊരുങ്ങി രാജ്യം. മെക്‌സിക്കന്‍ അതിര്‍ത്തി വഴിയും മറ്റു അനധികൃത മാര്‍ഗങ്ങളിലൂടെയും രാജ്യത്തേക്ക് കടന്ന ഇന്ത്യക്കാരെയാണ് തിരിച്ചയക്കാനൊരുങ്ങുന്നത്.

ഇവരെ പ്രത്യേക വിമാനത്തില്‍ പഞ്ചാബിലെ അമൃത്സറിലേക്ക് അയക്കുമെന്നാണ് യു.എസ് അറിയിച്ചിരിക്കുന്നത്.

തിരിച്ചയക്കാനുള്ളവരുടെ പട്ടികയില്‍ 76 പേര്‍ ഹരിയാനയില്‍ നിന്നുള്ളവരാണ്. 56 പേര്‍ പഞ്ചാബ്, 12 പേര്‍ ഗുജറാത്ത്, ഉത്തര്‍പ്രദേശില്‍ നിന്നും അഞ്ച്, മഹാരാഷ്ട്രയില്‍ നിന്നും നാല്, കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും തെലങ്കാനയില്‍ നിന്നും രണ്ടു പേര്‍ വീതം എന്നിങ്ങനെയാണ് കണക്കുകള്‍. ആന്ധ്രാ പ്രദേശില്‍ നിന്നും ഗോവയില്‍ നിന്നും ഒരാള്‍ വീതവുമുണ്ട്.

അമേരിക്കയിലെ 95 ജയിലുകളിലായി കഴിയുന്ന 1739 ഇന്ത്യക്കാരില്‍ നിന്നുള്ളവരാണ് ഇപ്പോള്‍ തിരിച്ചയക്കുന്ന 161 പേരെന്ന് നോര്‍ത്ത് അമേരിക്കന്‍ പഞ്ചാബി അസോസിയേഷന്‍ (എന്‍.എ.പി.എ) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സത്‌നം സിങ് ചഹല്‍ പറഞ്ഞു.

അമേരിക്കയിലേക്ക് നിയമവിരുദ്ധമായി കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റിന്റെ (ഐ.സി.ഇ) പിടിയില്‍ പെട്ടവരാണ് ഇവര്‍.

2018ല്‍ 611 ഇന്ത്യക്കാരാണ് നിയമവിരുദ്ധമായി അമേരിക്കയിലേക്ക് എത്തിയിരുന്നതെങ്കില്‍ 2019 ആയപ്പോഴേക്കും ഇത് 1,616 പേരായി ഇത് ഉയര്‍ന്നതായി ഐ.സി.ഇ വ്യക്തമാക്കുന്നു.

ഇന്ത്യയിലേക്ക് തിരിച്ചയക്കുന്ന 161 പേരില്‍ മൂന്നുപേര്‍ സ്ത്രീകളാണ്. ഹരിയാനയില്‍ നിന്നും വന്ന 19 വയസുള്ള രണ്ടു പേരാണ് ഇതില്‍ ഏറ്റവും പ്രായം കുറഞ്ഞവരെന്നും എന്‍.എ.പി.എ പറയുന്നു.

‘അമേരിക്കയിലെ ജയിലുകളില്‍ കഴിയുന്ന മറ്റുള്ളവരുടെ സ്ഥിതിയെന്താകുമെന്ന് പറയാന്‍ സാധിക്കില്ലെന്നും അവരില്‍ പലര്‍ക്കും ഒരു രേഖപോലും കാണിക്കാനില്ലെന്നും എന്‍.എ.പി.എ പറഞ്ഞു.

സ്വന്തം രാജ്യത്തു നിന്ന് പീഡനങ്ങളും ആക്രമങ്ങളും അനുഭവിക്കുന്നതിനാലാണ് അമേരിക്കയിലേക്ക് കുടിയേറിയതെന്നാണ് പലരും പറയുന്നത്.

യുവാക്കളെ അമേരിക്കയിലേക്കെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പുകള്‍ നടത്തുന്ന വലിയൊരു സംഘം തന്നെ ഉത്തരേന്ത്യയില്‍, പ്രത്യേകിച്ച് പഞ്ചാബില്‍ ഉണ്ടെന്ന് സത്‌നം സിങ് ചഹല്‍ പറഞ്ഞു. ഏജന്റുമാര്‍ക്ക് 35-50 ലക്ഷം വരെ കൊടുത്തിട്ടാണ് പലരും എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more