| Friday, 25th January 2019, 9:16 am

അമേരിക്കയില്‍ ഭരണപ്രതിസന്ധി 34ാം ദിവസത്തിലേക്ക്: പരിഹരിക്കാന്‍ കൊണ്ടുവന്ന രണ്ട് ബില്ലുകളും സെനറ്റില്‍ പരാജയപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ട്രംപ്  റിപബ്ലിക്കന്‍സും ഡെമോക്രാറ്റ്‌സുമായി നടത്തിയ ചര്‍ച്ചകള്‍ ഫലം കണ്ടില്ല.അമേരിക്കയിലെ ഭരണപ്രതിസന്ധി പരിഹരിക്കാന്‍ കൊണ്ടുവന്ന രണ്ട് ബില്ലുകളും ഉപരിസഭയായ സെനറ്റില്‍ പരാജയപ്പെട്ടു.

അമേരിക്കയില്‍ ഭരണപ്രതിസന്ധി 34ാം ദിവസവും തുടരുന്നു. അമേരിക്കയുടെ ചരിത്രത്തിലാദ്യമായാണ് ഇത്രയും നീണ്ടകാലത്തേക്ക് ഭരണപ്രതിസന്ധി നിലനില്‍ക്കുന്നത്. എട്ട് ലക്ഷത്തോളം വരുന്ന ഫെഡറല്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങുന്നത് വരും ദിവസങ്ങളിലും തുടരും.

Also Read 2019ല്‍ ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം ലഭിക്കില്ല, പ്രാദേശിക പാര്‍ട്ടികളുടെ നിലപാട് നിര്‍ണ്ണായകം; എ.ബി.പി ന്യൂസ്- സി വോട്ടര്‍ സര്‍വേ

മതിലിന് ഫണ്ട് അനുവദിച്ചാല്‍ കുടിയേറ്റക്കാരെ നാടുകടത്തുന്നതില്‍ വീട്ടുവീഴ്ച ചെയ്യാം. അഞ്ച് ബില്ല്യന്‍ ഡോളര്‍ നല്‍കി ഭരണപ്രതിസന്ധി അവസാനിപ്പിക്കണം എന്നിങ്ങനെ രണ്ട് ബില്ലുകളാണ് അവതരിപ്പിച്ചത്.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും ഡെമോക്രറ്റിക് പാര്‍ട്ടിയുടെയും അംഗങ്ങള്‍ കൊണ്ടുവന്ന ബില്ലുകളാണ് പരാജയപ്പെട്ടത്. ബില്‍ പാസാക്കാന്‍ വേണ്ട സെനറ്റിലെ 100 അംഗങ്ങളില്‍ 60 പേരുടെ പിന്തുണ നേടാന്‍ ഇരുവിഭാഗത്തിനും കഴിഞ്ഞില്ല.

മതിലിന് ഫണ്ട് അനുവദിച്ചാല്‍ കുടിയേറ്റക്കാരെ നാടുകടത്തുന്നതില്‍ വീട്ടുവീഴ്ച ചെയ്യാമെന്ന റിപ്പബ്ലിക്കന്‍ ബില്ലിനെ 50 പേര്‍ അനുകൂലിച്ചു. അതേസമയം, ഭരണപ്രതിസന്ധി പരിഹരിക്കുക, മെക്‌സിക്കല്‍ മതില്‍ സംബന്ധിച്ച് ചര്‍ച്ച നടത്താം എന്നീ വിഷയങ്ങള്‍ ഉന്നയിച്ചുള്ള ഡെമോക്രറ്റിക് ബില്ലിനെ 52 പേര്‍ പിന്തുണച്ചു. ഡെമോക്രറ്റിക് ബില്ലിന് ആറ് റിപ്പബ്ലിക്കന്‍ അംഗങ്ങളുടെ പിന്തുണയും ലഭിക്കുകയുണ്ടായി.

മെക്‌സിക്കല്‍ അതിര്‍ത്തിയില്‍ മതില്‍ നിര്‍മിക്കുന്നതിനായി 570 കോടി ഡോളര്‍ അനുവദിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫണ്ട് വകയിരുത്തിയില്ലെങ്കില്‍ ബില്ലുകളില്‍ ഒപ്പിടില്ലെന്നും ട്രംപ് വ്യക്തമാക്കി. ട്രംപിനെ പിന്തുണക്കാന്‍ സാധിക്കില്ലെന്നാണ് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിയുടെ നിലപാട്.

We use cookies to give you the best possible experience. Learn more