| Friday, 5th September 2014, 3:27 pm

അല്‍ ഖ്വയ്ദയുടേത് മോദിയെ ഇസ്‌ലാമിന്റെ ശത്രുവാക്കാനുള്ള ശ്രമമാണെന്ന് അമേരിക്ക

ഡൂള്‍ന്യൂസ് ഡെസ്‌ക്


[] വാഷിങ്ടണ്‍: ഇന്ത്യയിലേക്ക് പ്രവര്‍ത്തനം വ്യപിപ്പിക്കുമെന്ന അല്‍ ഖ്വയ്ദയുടെ പ്രസ്താവനയ്‌ക്കെതിരെ അമേരിക്ക. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുസ്‌ലിം ജനതയുടെ ശത്രുവായി ചിത്രീകരിക്കുന്നതിന് വേണ്ടിയാണ് അല്‍ ഖ്വയ്ദയുടെ ശ്രമമെന്ന് അമേരിക്കയിലെ വിശകലന വിദഗ്ദന്‍ ബ്രൂസ് റിഡെല്‍ പറഞ്ഞു.

തീവ്രവാദ പ്രവര്‍ത്തനത്തിന്റെ വ്യാപനം തടയാന്‍ അമേരിക്ക കഴിയുന്നത് ചെയ്യുമെന്നും അല്‍ ഖ്വയ്ദയുടെ ഭീഷണി ഇന്ത്യ ഗൗരവമായി എടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അല്‍ ഖ്വയ്ദയുടെ ഭീഷണി ഗൗരവപരമായി ചര്‍ച്ച ചെയ്യേണ്ടതാണ്. പാകിസ്ഥാനില്‍ അടിത്തറയും ലഷ്‌കര്‍ ഇ ത്വയിബയുമായി അടുത്ത ബന്ധവുമുള്ള അല്‍ ഖ്വയ്ദ ഇന്ത്യയ്‌ക്കൊരു ഭീഷണി തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.യു.എസും അഫ്ഗാനിസ്ഥാനുമായി സഹകരിച്ച് ഇന്ത്യ ഭീകരവാദത്തെ ചെറുക്കണമെന്ന് ബ്രൂസ് റീഡെല്‍ അറിയിച്ചു.

എന്നാല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ വ്യാപിപ്പിക്കും എന്ന അല്‍ ഖ്വയ്ദയുടെ വാദം ഭീഷണിയല്ലെന്നും അല്‍ ഖ്വയ്ദയുടെ പ്രവര്‍ത്തനം ഇന്ത്യയില്‍ സജീവമാണെന്നും അമേരിക്കന്‍ ദേശീയ സുരക്ഷാ വക്താവ് കാത്തിലീന്‍ ഹൈദേന്‍ അറിയിച്ചു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ ഈ വിഷയം ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

അല്‍ ഖ്വയ്ദയുടെ ഇന്ത്യന്‍ ഘടകം രൂപീകരിച്ചതായി അല്‍ ഖ്വയ്ദ നേതാവ് അയ്മന്‍ അല്‍ സവാഹിരി ഇന്നലെ അറിയിച്ചിരുന്നു. ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത 55 മിനിട്ട് വീഡിയോയില്‍ ആയിരുന്നു സവാഹിരിയുടെ പ്രഖ്യാപനം. അല്‍ ഖ്വയ്ദ ഇന്ത്യയില്‍ ഖ്വയ്ദത്ത് അല്‍ ജിഹാദ് എന്ന് അറിയപ്പെടും. ഇത് ഇന്ത്യയില്‍ ജിഹാദിന്റെ കൊടി ഉയര്‍ത്തുന്നതിനുള്ള ശ്രമമാണെന്നും, ഇസ്‌ലാം നിയമങ്ങള്‍ ഇന്ത്യ മുഴുവല്‍ വ്യാപിപ്പിക്കുമെന്നും സവാഹിരി വീഡിയോ ടേപ്പിലൂടെ പറയുന്നു.

We use cookies to give you the best possible experience. Learn more