വാഷിംഗ്ടണ്‍: ദുബായില്‍ യു.എസ് കപ്പലില്‍ നിന്നുണ്ടായ വെടിവെയ്പില്‍ ഒരു ഇന്ത്യന്‍ മത്സ്യത്തൊഴിലാളി മരിക്കുകയും മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ബോട്ടിലുണ്ടായിരുന്നവര്‍ക്ക് നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിരുന്നതായി യു.എസ് വൃത്തങ്ങള്‍ വീണ്ടും ആവര്‍ത്തിച്ചു.
കപ്പലില്‍ നിന്നും ബോട്ടിലുള്ളവര്‍ക്ക് നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അത് ഗൗനിക്കാതെ വീണ്ടും കപ്പലിനടുത്തേക്ക് വന്നപ്പോഴാണ് വെടിവെയ്‌ക്കേണ്ടി വന്നതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജോര്‍ജ് ലിറ്റില്‍ പറഞ്ഞു.[]
അതേസമയം കപ്പലില്‍ നിന്ന് മുന്നറിയിപ്പൊന്നും ലഭിച്ചില്ലെന്ന് പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികള്‍ പറഞ്ഞതായി യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ എം.കെ. ലോകേഷ് പറഞ്ഞു.
എന്നാല്‍ ബോട്ട് ശരിയായ പാതയിലാണ് സഞ്ചരിച്ചതെന്നും അപകടഭീഷണി സൃഷ്ടിച്ചിരുന്നില്ലെന്നും ദുബായ് പോലീസ് മേധാവി ലഫ്. ജന. ദാഹി ഖാല്‍ഫാന്‍ തമീം വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ദുബായ് കടലിലുണ്ടായ വെടിവെപ്പില്‍ തമിഴ്‌നാട് സ്വദേശിയായ ശേഖര്‍ കൊല്ലപ്പെടുകയും മൂന്ന് തമിഴ്‌നാട്ടുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതില്‍ രണ്ടുപേരുടെ നിലഗുരുതരമാണ്. ദുബായിലെ മത്സ്യബന്ധനക്കമ്പനിയില്‍ ദിവസക്കൂലിക്ക് ജോലിചെയ്യുന്നവരാണ് ഇവര്‍.