മുംബൈ: ഔറംഗസീബിന്റെ ശവകൂടീരവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ മഹാരാഷ്ട്രയില്‍ പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ വാക്‌പോര് ശക്തമാവുന്നു. ശവകുടീരം സംബന്ധിച്ച തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ, ഉസാമ ബിന്‍ ലാദന്റെ ശവകുടീരം അമേരിക്ക കൈകാര്യം ചെയ്ത രീതിയുമായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ ഔറംഗസീബിനെ താരതമ്യം ചെയ്തു.
ബിന്‍ ലാദനെ സ്വന്തം മണ്ണില്‍ സംസ്‌കരിക്കാന്‍ വിസമ്മതിച്ച അമേരിക്ക ബിന്‍ ലാദനെ മഹത്വവല്‍ക്കരിക്കുന്നത് തടയാന്‍ അദ്ദേഹത്തിന്റെ മൃതദേഹം കടലില്‍ സംസ്‌കരിക്കുകയായിരുന്നെന്ന് ഷിന്‍ഡെ പറഞ്ഞു.
‘ആരാണ് ഔറംഗസീബ്? നമ്മുടെ സംസ്ഥാനത്ത് അദ്ദേഹത്തിന്റെ മഹത്വവല്‍ക്കരണം എന്തിന് അനുവദിക്കണം? ഔറംഗസീബ് നമ്മുടെ ചരിത്രത്തിലെ ഒരു കളങ്കമാണ്,’ ഷിന്‍ഡെ പറഞ്ഞു.
തന്റെ പ്രസംഗത്തിനിടെ മറാത്ത രാജാവായ ഛത്രപതി സംബാജിരാജയ്ക്ക് ഇസ്‌ലാം മതം സ്വീകരിക്കാനുള്ള അവസരം ഔറംഗസീബ് നല്‍കിയെങ്കിലും അദ്ദേഹം അത് നിരസിച്ചതായും കൊല്ലപ്പെടുന്നതിന് മുമ്പ് ക്രൂരമായ പീഡനത്തിന് ഇരയായതായും ഷിന്‍ഡെ ചൂണ്ടിക്കാട്ടി.
കേന്ദ്ര ഏജന്‍സികളെ ഭയന്നാണോ മഹാ വികാസ് അഘാഡിയില്‍ (എം.വി.എ) നിന്ന് ഷിന്‍ഡെ ബി.ജെ.പിയിലേക്ക് മാറിയതെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടിയായാണ് ബിന്‍ ലാദന്റെ ഉദാഹരണം ഷിന്‍ഡെ ചൂണ്ടിക്കാണിച്ചത്.
ഉസാമ ബിന്‍ ലാദനെ കൊന്നതിനുശേഷം അമേരിക്ക പോലും അദ്ദേഹത്തെ അവരുടെ മണ്ണില്‍ അടക്കം ചെയ്തിട്ടില്ലെന്നും മഹത്വവല്‍ക്കരണം തടയാന്‍ അവര്‍ അദ്ദേഹത്തെ കടലില്‍ സംസ്‌കരിക്കുകയായിരുന്നും ഷിന്‍ഡെ പറഞ്ഞു.
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ഭരണത്തെ ഔറംഗസേബിന്റെ ഭരണവുമായി താരതമ്യം ചെയ്ത സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റ് ഹര്‍ഷവര്‍ദ്ധന്‍ സപ്കലിനെയും ഷിന്‍ഡെ വിമര്‍ശിച്ചു.
ഔറംഗസേബ് ശത്രുക്കളോട് ചെയ്തതുപോലെ ഫഡ്നാവിസ് ആരെയെങ്കിലും പീഡിപ്പിച്ചിട്ടുണ്ടോ എന്ന് ചോദിച്ച ഷിന്‍ഡെ തനിക്കെതിരെ ആരോപണം ഉന്നയിച്ച ശിവസേന ഉദ്ധവ് വിഭാഗം നേതാവ് അനില്‍ പരബിനോട് മുഖ്യമന്ത്രി തന്നോട് മോശമായി പെരുമാറിയിട്ടുണ്ടോ എന്നും ഷിന്‍ഡെ ചോദിക്കുകയുണ്ടായി.
അതേസമയം ഔറംഗസേബിന്റെ ശവകുടീര വിഷയത്തില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങളെത്തുടര്‍ന്ന് ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിതയുടെ (ബി.എന്‍.എസ്.എസ്) സെക്ഷന്‍ 163 പ്രകാരം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പൊലീസ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കോട്വാലി, ഗണേഷ്‌പേത്ത്, തഹസില്‍, ലകഡ്ഗഞ്ച്, പച്ച്പയോളി, ശാന്തിനഗര്‍, സക്കര്‍ദാര, നന്ദന്‍വന്‍, ഇമാംവാഡ, യശോധരനഗര്‍, കപില്‍നഗര്‍ എന്നിവിടങ്ങളിലാണ് കര്‍ഫ്യൂ പ്രാബല്യത്തില്‍ വന്നത്.
Content Highlight: America buried bin Laden at sea; then why glorify Aurangzeb: Eknath Shinde