മാധ്യമപ്രവര്‍ത്തകരെയടക്കം ലക്ഷ്യം വെച്ച് പ്രവര്‍ത്തിച്ചു; പെഗാസസ് നിര്‍മാതാക്കളായ ഇസ്രഈലി ഗ്രൂപ്പ് എന്‍.എസ്.ഒയെ കരിമ്പട്ടികയില്‍ പെടുത്തി ബൈഡന്‍ ഭരണകൂടം
ന്യൂയോര്‍ക്ക്: ചാര സോഫ്റ്റ്‌വെര്‍ പെഗാസസിന്റെ സൃഷ്ടാക്കളായ ഇസ്രഈലി കമ്പനി എന്‍.എസ്.ഒയെ അമേരിക്ക കരിമ്പട്ടികയില്‍ ഉള്‍പെടുത്തി. മാധ്യമപ്രവര്‍ത്തകരേയും ആക്ടിവിസ്റ്റുകളേയുമടക്കം ഉന്നം വെച്ചുകൊണ്ട് ദുരുദ്ദേശത്തോടെ അവരുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതിന് ചാര സോഫ്റ്റ്‌വെയറായ പെഗാസസ് നിര്‍മിക്കുകയും അത് വിദേശ രാജ്യങ്ങള്‍ക്ക് കൈമാറുകയും ചെയ്തു എന്ന കുറ്റത്തിനാണ് കമ്പനിയെ ബൈഡന്‍ ഭരണകൂടം ബ്ലാക്ക്‌ലിസ്റ്റ് ചെയ്തിരിക്കുന്നത്.
ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച പ്രസ്താവന യു.എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കൊമേഴ്‌സ് പുറത്തുവിട്ടത്. അമേരിക്കയുടെ വിദേശ നയത്തിനും ദേശീയ സുരക്ഷാ നയത്തിനും എതിരായി പ്രവര്‍ത്തിച്ച നാല് കമ്പനികളെ പുതുതായി പട്ടികയില്‍ പെടുത്തിയിട്ടുണ്ടെന്നും അതിലൊന്നാണ് എന്‍.എസ്.ഒയെന്നും പ്രസ്താവനയില്‍ പറയുന്നു.
പൗരസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്തുന്ന വിധം ഏകാധിപത്യ ഭരണരീതിയ്ക്ക് വിദേശ രാജ്യങ്ങളെ സഹായക്കും വിധം പെഗാസസ് പ്രവര്‍ത്തിച്ചു എന്നാണ് പ്രസ്താവനയില്‍ പറയുന്നത്. ”ഇത്തരം കാര്യങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് ഭീഷണിയായിത്തീരും,” യു.എസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കൊമേഴ്‌സ് പറഞ്ഞു.
അമേരിക്കന്‍ ഭരണകൂടത്തിന്റെ തീരുമാനം ഞെട്ടിപ്പിക്കുന്നതും നിരാശാജനകവുമാണെന്നും ഇത് പിന്‍വലിപ്പിക്കുന്നതിന് വേണ്ട നടപടികള്‍ ചെയ്യുമെന്നും എന്‍.എസ്.ഒ ഗ്രൂപ്പ് പ്രതികരിച്ചു.
ചാര സോഫ്റ്റ്‌വെയറിന്റെ തന്റെ നിര്‍മാണത്തിന്റെ പേരില്‍ മറ്റൊരു ഇസ്രഈലി കമ്പനിയായ കാന്‍ഡിറു, ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ വാവെയ, റഷ്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പോസിറ്റീവ് ടെക്‌നോളജീസ്, സിംഗപ്പൂര്‍ കമ്പനി എന്നിവയാണ് പട്ടികയിലുള്ള മറ്റ് കമ്പനികള്‍. പട്ടികയില്‍ പെട്ട കമ്പനികള്‍ക്ക് അമേരിക്കയില്‍ വാണിജ്യ രംഗത്തും നിയന്ത്രണങ്ങളുണ്ടാകും.
പട്ടികയിലുള്ള കമ്പനികള്‍ക്ക് ഇനി അമേരിക്കന്‍ നിര്‍മിതമായ യാതൊരു സാങ്കേതിക വിദ്യയും അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി കയറ്റുമതി ചെയ്യാന്‍ സാധിക്കില്ല.
ശക്തമായ സന്ദേശം നല്‍കുന്ന ശരിയായ തീരുമാനമാണ് അമേരിക്കന്‍ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടായതെന്നാണ് വിവിധ കോണുകളില്‍ നിന്നും പ്രതികരണങ്ങള്‍ വരുന്നത്.
”പരിണിത ഫലങ്ങളെക്കുറിച്ചുള്ള യാതൊരു ചിന്തയുമില്ലാതെ ഇനിയും മനുഷ്യാവകാശങ്ങള്‍ ലംഘിച്ച് അതില്‍ നിന്നും ലാഭമുണ്ടാക്കാന്‍ ഇനിയും എന്‍.എസ്.ഒ ഗ്രൂപ്പിനെ അനുവദിക്കില്ല എന്ന ശക്തമായ സന്ദേശമാണ് ഈ തീരുമാനം,” ആംനെസ്റ്റി ഇന്റര്‍നാഷനല്‍ ടെക്‌നോളജി ഡെപ്യൂട്ടി ഡയറക്ടര്‍ ഡാന ഇന്‍ഗിള്‍ടണ്‍ പ്രതികരിച്ചു.