| Tuesday, 3rd July 2012, 12:31 pm

സാംസങ് ഗാലക്‌സി നെക്‌സസിന് അമേരിക്കയില്‍ വിലക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പേറ്റന്റ് ലംഘനത്തെ തുടര്‍ന്ന് അമേരിക്കയില്‍ ഗാലക്‌സി നെക്‌സസിന് കോടതി വിലക്ക് ഏര്‍പ്പെടുത്തി. പേറ്റന്റ് ലംഘിച്ചതിന്റെ പേരില്‍ ആപ്പിള്‍ കൊടുത്ത പരാതിയെ തുടര്‍ന്നാണ് നടപടി. പേറ്റന്റ് ലംഘനത്തെ തുടര്‍ന്ന് അമേരിക്കയില്‍ ഒരാഴ്ച്ചക്കിടെ വിലക്കുന്ന രണ്ടാമത്തെ സാംസങ് ഉത്പന്നമാണ് നെക്‌സസ്. ഗാലക്‌സി 10.1 ന്റെ വില്‍പ്പനയും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വിലക്കിയിരുന്നു.

ഗൂഗിളിന്റെ പങ്കാളിത്തത്തോടെ സാംസങ് ഇറക്കുന്ന സ്മാര്‍ട്ട്‌ഫോണാണ് നെക്‌സസ്. ഇതിനെതിരെയാണ് ആപ്പിള്‍ പരാതി നല്‍കിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

വിലക്ക് പ്രാഭല്യത്തില്‍ വരാന്‍ ഏതാണ്ട് പത്ത് ബില്യണ്‍ ഡോളര്‍ ആപ്പിള്‍ കെട്ടിവെക്കണം. കേസില്‍ സാംസങ് വിജയിച്ചാല്‍ കൊടുക്കേണ്ട നഷ്ടപരിഹാരത്തുകയാണിത്.

തങ്ങളുടെ ഐഫോണിന്റെയും ഐപാഡിന്റെയും രൂപഘടന സാംസങ് ഉപയോഗിക്കുന്നുണ്ടെന്നാണ് ആപ്പിളിന്റെ ആരോപണം. അതേസമയം സ്മാര്‍ട്ട്‌ഫോണുകളെയും ടാബ്ലറ്റുകളെയും ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കുന്നതിന് തങ്ങള്‍ വികസിപ്പിച്ചെടുത്ത ടെക്‌നോളജി ആപ്പിള്‍ കോപ്പിയടിക്കുന്നെന്ന് സാംസങ്ങും ആരോപിക്കുന്നു. നിരവധി പേറ്റന്റ് കേസുകള്‍ ഇരുവിഭാഗങ്ങളും തമ്മില്‍ നിലവിലുണ്ട്.

We use cookies to give you the best possible experience. Learn more