| Tuesday, 6th March 2012, 6:22 pm

അമേരിക്കയുടെ രക്തസാക്ഷികള്‍ നീണാള്‍ വാഴട്ടെ...

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹൈപ് & ടൈഡ്/ബാബു ഭരദ്വാജ്
എല്ലാരാജ്യങ്ങളും എല്ലാ പ്രസ്ഥാനങ്ങളും എല്ലാകാലത്തും ഉച്ചത്തില്‍ വിളിക്കുന്ന മുദ്രാവാക്യമാണ്.””രക്തസാക്ഷികള്‍ സിന്ദാബാദ്””.രാജ്യങ്ങളുടേയും പ്രസ്ഥാനങ്ങളുടേയും പ്രധാനവിറ്റുവരവും ഈ മുദ്രാവാക്യങ്ങളാണ്. രക്തസാക്ഷികള്‍ക്ക് പൂജയര്‍പ്പിക്കാതെ അല്ലെങ്കില്‍ അവരെ അനുസ്മരിക്കാതെ ഒരു പ്രസ്ഥാനവും പ്രധാനപ്പെട്ട നടപടിക്രമങ്ങളിലേക്കൊന്നും കടക്കാറില്ല. അതൊരനുഷ്ഠാനം തന്നെയാണ്. പ്രസ്ഥാനങ്ങള്‍ മതങ്ങളില്‍ നിന്ന് കോപ്പിയടിച്ച ഒരുനുഷ്ഠാനം. വിഗ്രഹാരാധനയുടെ പരിഷ്‌കരിച്ച പതിപ്പ്. വിഗ്രഹഭജ്ഞരായി രംഗത്തുവന്ന കമ്മ്യൂണിസ്റ്റുകാര്‍ പോലും പതുക്കെ വിഗ്രഹങ്ങളില്‍ അഭയം തേടി.

വിഗ്രഹങ്ങള്‍ക്കെതിരെ അണിനിരന്ന മതങ്ങള്‍പോലും സൗകര്യംപോലെ ചിലതരം വിഗ്രഹാരാധനകളെ അനുശീലിക്കാന്‍ തുടങ്ങി. വിഗ്രഹങ്ങളായി മാറുന്നത് പലപ്പോഴും രക്തസാക്ഷികളാണ്. പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയ്ക്ക് ഗതിവേഗം കൂട്ടുന്നതും “മനുഷ്യബലികള്‍”തന്നെയാണ്. ” ബോഡിവേസ്റ്റുകള്‍””ക്കെതിരെ സംസാരിക്കുന്ന ചിലരൊക്കെ ചില  “”ബോഡിവേസ്റ്റുകളുടെ” കാര്യത്തില്‍ വിദ്വാന് ഭൂഷണമായ തരത്തില്‍ മൗനം പാലിക്കുന്നു.ലെനിന്റെ ബോഡിവേസ്റ്റും ഇപ്പോഴും സൂക്ഷിക്കുന്ന കാര്യത്തില്‍ അവര്‍ ” കമാ”ന്നൊരക്ഷരം മറുത്തുപറയില്ല. അതെങ്ങാനും കുഴിച്ചുമൂടാന്‍ തീരുമാനിച്ചാല്‍ അതിനെതിരെ രണ്ട് ന്യായം പറയാതിരിക്കില്ല.

യുക്തിയെന്തായാലും ബലികൊടുക്കപ്പെട്ടവര്‍ ചില ആദരവുകള്‍ അര്‍ഹിക്കുന്നുണ്ട്. അതുകൊണ്ടാണ് നേരവും കാലവും നോക്കി വിപ്ലവകാരികള്‍ സ്മാരകങ്ങളില്‍ “”രക്തപുഷ്പാഞ്ജലികള്‍” അര്‍പ്പിക്കുന്നത്. അതില്‍ എത്രയൊക്കെ യുക്തിഭംഗം ഉണ്ടെങ്കിലും കൂടെകൂടെ ഭൂതകാലത്തെ ഈ ശവകുടീരങ്ങള്‍ ഓര്‍മ്മപ്പെടുത്തുന്നു. അതുകൊണ്ട് ഈ ശവകുടീരങ്ങളും ബലികുടീരങ്ങളും പൊളിക്കാതെ സംരക്ഷിക്കണമെന്നുതന്നെയാണ് എന്റെ അഭിപ്രായം. ഒരുപാട് ന്യായങ്ങളും അതിനേക്കാളേറെ അന്യായങ്ങളും ചേര്‍ന്നതാണല്ലോ നമ്മുടെയൊക്കെ ജീവിതം. -ഒരുപാട് യുക്തികളും അയുക്തികളും കുയുക്തികളും.

അങ്ങിനെ ചിലഭൂതകാലങ്ങള്‍ ജനങ്ങള്‍ ഓര്‍മ്മിക്കരുതെന്ന കാര്യത്തില്‍ ഭരണവര്‍ഗത്തിന് നിര്‍ബന്ധമുണ്ട്. ചില ഭൂതകാലങ്ങള്‍ ഓര്‍മ്മിക്കണമെന്നും. അതൊരു കച്ചവടതന്ത്രമാണ്. ഭരണകൂടത്തിന് ലാഭം കിട്ടുന്നതൊക്കെ ജനങ്ങള്‍ ഓര്‍ക്കണം. ഭരണകൂടത്തിന് ലാഭം കിട്ടാത്തതും ഭരണകൂടത്തിന് ഏതെങ്കിലും കാലത്ത് ഭീഷണി ഉയര്‍ത്തുന്നതുമായ ചിലതൊക്കെ നിര്‍ബന്ധമായും മറയ്ക്കുകയും വേണം. സദ്ദാം ഹുസൈന്റെ ഭൗതികാവശിഷ്ടത്തോടും അമേരിക്ക അനുവര്‍ത്തിച്ച നയം അതിന്റെ ഭാഗമാണ്. അമേരിക്ക ഏറ്റവും തീവ്രമായി മറക്കാന്‍ ആഗ്രഹിക്കുന്ന രണ്ടുപേരാണ് സദ്ദാംഹുസൈനും ഒസാമ ബിന്‍ലാദനും. രണ്ടുപേരെയും ഇങ്ങനെ വളര്‍ത്തുന്നതില്‍ മുഖ്യപങ്ക് വഹിച്ചത് അമേരിക്ക തന്നെയാണ്. അവരെ മറവ്‌ചെയ്ത ഇടം മനുഷ്യര്‍ സന്ദര്‍ശിക്കരുതെന്ന് അമേരിക്കയ്ക്ക് നിര്‍ബന്ധമുണ്ട്. എങ്കിലല്ലേ ശവകുടീരങ്ങളും ബലികുടീരങ്ങളും ഉയരുകയുള്ളൂ. എന്നാലല്ലേ ” ബലികുടീരങ്ങളേ, ബലികുടീരങ്ങളേ, സ്മരണകള്‍ ഇരമ്പും ജനസ്മാരകങ്ങളേ, ഇവിടെ ജനകോടികള്‍ ചാര്‍ത്തുന്നു സിരകളില്‍ സമരപുളകങ്ങള്‍ തന്‍ സിന്ദൂരമാലകള്‍” എന്ന് പാടിയാടി ജനങ്ങള്‍ എത്തുന്നതിനെ തടയാന്‍ പറ്റുകയുള്ളു.

2001 സെപ്റ്റംബര്‍ 11 ന് ഇരട്ടഗോപുരങ്ങള്‍ തകര്‍ന്നപ്പോള്‍ മരിച്ച അമേരിക്കക്കാരുടെ മൃതശരീരങ്ങളോട് അല്ലെങ്കിലും ആദരവ് അമേരിക്ക കാട്ടുമെന്നാണ് നമ്മളൊക്കെ കരുതിയത്. അമേരിക്ക അന്നും ഇന്നും നടത്തിക്കൊണ്ടിരിക്കുന്ന ഭീകരവിരുദ്ധ പ്രചരണത്തിനും വഴിവിട്ട യുദ്ധങ്ങള്‍ക്കുമുള്ള ഇന്ധനം 2001 സെപ്റ്റംബര്‍ 11 ആണല്ലോ ?. ആ കച്ചവടതാത്പര്യമെങ്കിലും അടിമുടി കച്ചവടക്കാരായ അമേരിക്ക കാണിക്കുമെന്നാണ് നമ്മളൊക്കെ കരുതുക. “” മറ്റുള്ളവരൊക്കെ സ്വര്‍ണമെന്ന പേരില്‍ ഇറിഡിയവും റുഥേനിയവും വില്‍ക്കുമ്പോള്‍ ഞങ്ങള്‍ മാത്രം പരിശുദ്ധ സ്വര്‍ണം വില്‍ക്കുന്നുവെന്നും പരസ്യം ചെയ്യുന്ന ചില സ്വര്‍ണക്കടക്കാരെ പോലെ അമേരിക്കയും തന്ത്രശാലികളായിരിക്കുമെന്നും നമ്മള്‍ പ്രതീക്ഷിച്ചുപോവും. അതൊക്കെ വെറും വെറുതെയെന്ന് കാണിക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ അമേരിക്കയില്‍ നടന്നുകൊണ്ടിരിക്കുന്നത്.

2001 സപ്തംബര്‍ 11 ന്റെ രക്തസാക്ഷികളുടെ അവശിഷ്ടങ്ങള്‍ അമേരിക്ക ഇപ്പോള്‍ ഉപയോഗിക്കുന്നത് ചതുപ്പുനിലങ്ങള്‍ മണ്ണിട്ടുനികത്താനാണ്. ഒരു സ്വതന്ത്ര ഏജന്‍സി നടത്തിയ അന്വേഷണത്തില്‍ വെളിപ്പെട്ടതാണ് ഈ സംഭവം. അമേരിക്ക ഇക്കാര്യം നിഷേധിച്ചിട്ടില്ല എന്നുമാത്രമല്ല പെന്റഗണ്‍ ഒരു റിപ്പോര്‍ട്ടില്‍ ഒരു ചെറിയ സംഭവം എന്ന നിലയില്‍ അത് പറഞ്ഞുപോകുന്നുമുണ്ട്. അമേരിക്കന്‍ പ്രസിഡണ്ടിന്റെ ആവാസകേന്ദ്രമായ വൈറ്റ് ഹൗസ് ഇറക്കിയ ഒരു പ്രസ്ഥാവനയില്‍ “” അത്തരം തെറ്റുകള്‍ ഒരിക്കലും ആവര്‍ത്തിക്കാതിരിക്കാന്‍ പെന്റഗണ്‍ നടപടികളെടുത്തുവരികയാണെന്ന് പറയുകയും ചെയ്യുന്നുണ്ട്. എത്ര ശരീരങ്ങളോടും ഇങ്ങനെ അനാദരവ് കാണിച്ചുവെന്ന കാര്യം നിശ്ചയമില്ലെന്നും പറയുന്നുണ്ട്.

9/11ന്റെ ഭൗതികാവശിഷ്ടങ്ങള്‍ക്ക് വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് അമേരിക്ക നല്‍കിയിരിക്കുന്നതെന്നാണ് പറയപ്പെടാറ്. അതൊക്കെ പച്ചക്കള്ളത്തരമാണെന്ന് തെളിയിക്കുന്നതാണ് ഈ മണ്ണിടല്‍ പരിപാടി. ഡോവര്‍ എയര്‍പോര്‍ട്ട് ബേയ്‌സിലെ ശ്മശാനം സൂക്ഷിപ്പുകാരാണ് ഇങ്ങിനെ ചെയ്തത്. ഇക്കാര്യത്തില്‍ അവര്‍ നേരത്തേ വിദഗ്ധരുമാണ്. ഇറാഖിലേയും അഫ്ഗാനിസ്ഥാനിലേയും യുദ്ധക്കളങ്ങളില്‍ വീണുമരിച്ച അമേരിക്കന്‍ പട്ടാളക്കാരുടെ മൃതശരീരങ്ങള്‍ ഇതിനുമുന്‍പ് ഇങ്ങിനെ നിലംനികത്താന്‍ ഉപയോഗിച്ചിരുന്നു. വെടിക്കെട്ടും ആഘോഷങ്ങളുമായാണ് ഈ മൃതശരീരങ്ങളെല്ലാം അമേരിക്കയിലേക്ക് കൊണ്ടുവന്നത്. ഉത്സവം കഴിഞ്ഞതോടെ അമേരിക്കയ്ക്ക് അവരോടുള്ള കമ്പവും തീര്‍ന്നു.

ഇതൊക്കെ വ്യക്തമായി തെളിയിക്കുന്ന സത്യം അമേരിക്ക ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നുവെന്ന് പറയുന്ന ഭീകരവിരുദ്ധയുദ്ധം വെറും കള്ളമാണെന്നതാണ്, യഥാര്‍ത്ഥ ഭീകരത അവരുടെ സൃഷ്ടിയാണെന്നും ഇറാഖിനെതിരെ ആക്രമണം നടന്നാല്‍ അവര്‍ പ്രചരിപ്പിച്ചിരുന്ന കള്ളത്തരങ്ങളുടെ വേറൊരു അധ്യായമായിരിക്കണം 9/11 ന്റെ ഇരട്ട ടവര്‍ തകര്‍ച്ചയും. അത് അമേരിക്കയുടെ തന്നെ സൃഷ്ടിയായിരിക്കണം.

Malayalam news

Kerala news in English

We use cookies to give you the best possible experience. Learn more