വാഷിങ്ടണ്‍: അരുണാചല്‍പ്രദേശിലെ 11 സ്ഥലങ്ങളുടെ പേര് മാറ്റിയ ചൈനയുടെ തീരുമാനത്തെ ശക്തമായി എതിര്‍ക്കുന്നുവെന്ന് അമേരിക്ക. പ്രദേശങ്ങളുടെ പേര് മാറ്റാനുള്ള ഏകപക്ഷീയമായ ശ്രമങ്ങളെ എതിര്‍ക്കുന്നുവെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീന്‍ ജീന്‍ പിയെറി അറിയിച്ചതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.
‘ഇന്ത്യന്‍ ടെറിറ്ററിക്കെതിരെ ചൈന നടത്തുന്ന മറ്റൊരു നടപടിയാണിത്. ആ പ്രദേശം ഇന്ത്യയുടെ ഭാഗമാണെന്ന് വളരെ കാലമായി അംഗീകരിച്ചിട്ടുള്ളതാണ്. അതിനാല്‍ പ്രദേശങ്ങളുടെ പേര് മാറ്റി അവകാശവാദമുന്നയിക്കുന്ന ഏകപക്ഷീയമായ തീരുമാനത്തെ ശക്തമായി എതിര്‍ക്കുന്നു,’ പിയെറി പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ ഇന്ത്യയുമായും അംബാസഡറുമായുള്ള അമേരിക്കയുടെ ബന്ധത്തെക്കുറിച്ച് പറയുമ്പോഴാണ് ചൈനയുടെ തീരുമാനത്തെ എതിര്‍ത്ത് അദ്ദേഹം സംസാരിച്ചത്.
‘ ഇന്ത്യയുമായി അമേരിക്കയ്ക്ക് ഉള്ള ബന്ധം ലോകത്ത് ഉള്ളതില്‍ വെച്ച് വളരെ ദൃഢമായ ബന്ധമാണ്. അത് പ്രസിഡന്റും അംഗീകരിച്ചതാണ്.
ഇന്ത്യയുമായുള്ള സഹകരണം നിലനിര്‍ത്തുന്നതില്‍ മഹത്തായ ശ്രമമാണ് അംബാസഡര്‍ എറിക് ഗാര്‍സെറ്റി നടത്തുന്നത്,’ അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന് മേലുള്ള ചൈനയുടെ ആധിപത്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി ചൈന സംസ്ഥാനത്തെ 11 പ്രദേശങ്ങളുടെ പേര് മാറ്റിയിരുന്നു. മൂന്നാം തവണയാണ് ചൈന സംസ്ഥാനത്തെ പ്രദേശങ്ങളുടെ പേര് മാറ്റുന്നത്. അഞ്ച് പര്‍വത നിരകളും, രണ്ട് ഭൂപ്രദേശങ്ങള്‍, പാര്‍പ്പിട മേഖലകള്‍, നദികള്‍ എന്നിവയുടെ പേര് മാറ്റിക്കൊണ്ടുള്ള ഉത്തരവാണിറക്കിയത്.
2018ലും 2021ലുമാണ് സമാന രീതിയില്‍ ചൈന നേരത്തെ പേര് മാറ്റിക്കൊണ്ടുള്ള ഉത്തരവിറക്കിയത്. സംസ്ഥാനത്തെ ആറ് പ്രദേശങ്ങളുടെ പേരുകള്‍ക്കായിരുന്നു ചൈന മാറ്റം വരുത്തിയത്. എന്നാല്‍ 2021ല്‍ ഇത് പതിനഞ്ചായി ഉയര്‍ന്നു.
അതേസമയം ചൈനയുടെ ഇത്തരം നീക്കങ്ങള്‍ രാജ്യം ആദ്യമായല്ല കാണുന്നതെന്നും ഈ നീക്കത്തെ രാജ്യം ശക്തമായി എതിര്‍ക്കുന്നുവെന്നും വിദേശകാര്യമന്ത്രാലയം വക്താവ് അരിന്ദം ഭാഗ്ചി ട്വിറ്ററില്‍ കുറിച്ചു. അരുണാചല്‍ പ്രദേശ് അന്നും ഇന്നും എന്നും രാജ്യത്തിന്റെ പ്രധാനപ്പെട്ട സംസ്ഥാനങ്ങളിലൊന്നാണെന്നും അത് എന്നും അങ്ങനെ തന്നെയായിരിക്കുമെന്നും ചൈനയുടെ നീക്കം യാഥാര്‍ത്ഥ്യത്തെ ഇല്ലാതാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങളുടെ പുനര്‍നാമകരണം ചൈനയ്ക്ക് പ്രധാനമന്ത്രി നല്‍കിയ ക്ലീന്‍ ചിറ്റിനുള്ള പ്രതിഫലമാണെന്ന് കോണ്‍ഗ്രസും ആരോപിച്ചു. 2020 ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഇതിന്റെ വിലയാണ് രാജ്യം അനുഭവിക്കുന്നതെന്നും ചൈനീസ് നടപടികളോടുള്ള മോദിയുടെ മൗനത്തിനുള്ള വില വലുതായിരിക്കുമെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടരി ജയ്റാം രമേശ് പറഞ്ഞു
CONTENT HIGHLIGHT: AMERICA AGAINST DECISION OF CHINA