അരങ്ങേറ്റ ഇന്നിങ്‌സില്‍ ആറ് വിക്കറ്റ്, അതും ഓസ്‌ട്രേലിയക്കെതിരെ; പാകിസ്ഥാന്‍ വിരിയിച്ചെടുത്ത പുതിയ ബ്രഹ്‌മാസ്ത്രം
Sports News
അരങ്ങേറ്റ ഇന്നിങ്‌സില്‍ ആറ് വിക്കറ്റ്, അതും ഓസ്‌ട്രേലിയക്കെതിരെ; പാകിസ്ഥാന്‍ വിരിയിച്ചെടുത്ത പുതിയ ബ്രഹ്‌മാസ്ത്രം
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 15th December 2023, 3:23 pm

 

പാകിസ്ഥാന്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ആദ്യ ടെസ്റ്റില്‍ കയ്യടി നേടി പാക് താരം ആമിര്‍ ജമാല്‍. പെര്‍ത്തില്‍ നടക്കുന്ന ആദ്യ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സില്‍ ആറ് വിക്കറ്റ് വീഴ്ത്തിയാണ് ആമിര്‍ ജമാല്‍ കയ്യടി നേടുന്നത്. ഒരു മെയ്ഡന്‍ അടക്കം 20.2 ഓവറില്‍ 111 റണ്‍സ് വഴങ്ങിയാണ് താരം ആറ് വിക്കറ്റ് വീഴ്ത്തിയത്.

സൂപ്പര്‍ താരം ട്രാവിസ് ഹെഡിനെ പുറത്താക്കിയാണ് ജമാല്‍ വിക്കറ്റ് വേട്ടക്ക് തുടക്കം കുറിച്ചത്. ഹെഡിനെ ആഘാ സല്‍മാന്റെ കൈകളിലെത്തിച്ചാണ് വലംകയ്യന്‍ മീഡിയം പേസര്‍ പുറത്താക്കിയത്. ശേഷം ആദ്യ ഇന്നിങ്‌സിലെ ആദ്യ ദിവസം ഡേവിഡ് വാര്‍ണറിനെയും ജമാല്‍ മടക്കി.

 

തന്റെ അവസാന ടെസ്റ്റില്‍ സെഞ്ച്വറി നേടി വാര്‍ണര്‍ ഓസീസ് ഇന്നിങ്‌സിനെ മുമ്പോട്ട് നയിക്കവെയാണ് പാകിസ്ഥാന് ആവശ്യമായ ബ്രേക് ത്രൂ നല്‍കിക്കൊണ്ട് ജമാല്‍ ആശ്വാസം പകര്‍ന്നത്. ഓസീസ് ഓപ്പണറെ ഇമാം ഉള്‍ ഹഖിന്റെ കൈകളിലെത്തിച്ചാണ് താരം പുറത്താക്കിയത്. 211 പന്തില്‍ 164 റണ്‍സാണ് പുറത്താകുമ്പോള്‍ വാര്‍ണറിന്റെ പേരിലുണ്ടായിരുന്നത്.

ആദ്യ ദിവസം കളിയവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റായിരുന്നു ജമാല്‍ സ്വന്തമാക്കിയത്.

രണ്ടാം ദിവസം വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിയിലൂടെയാണ് ആമിര്‍ ജമാല്‍ വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. 73 പന്തില്‍ 34 റണ്‍സുമായി നില്‍ക്കവെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് താരം പുറത്താക്കിയത്.

ശേഷം മിച്ചല്‍ സ്റ്റാര്‍ക്കിനെ പുറത്താക്കി ഫോര്‍ഫര്‍ സ്വന്തമാക്കിയ ജമാല്‍, ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനെ പുറത്താക്കി ഫൈഫറും തികച്ചു. 114ാം ഓവറിലെ രണ്ടാം പന്തില്‍ നഥാന്‍ ലിയോണിനെയും പുറത്താക്കിയ ജമാല്‍ ഓസീസ് ഇന്നിങ്‌സിന് വിരാമമിട്ടു.

പാകിസ്ഥാന്റെ ടെസ്റ്റ് ചരിത്രത്തില്‍ അരങ്ങേറ്റത്തില്‍ ഫൈഫര്‍ പൂര്‍ത്തിയാക്കുന്ന 14ാമത് താരമാണ് ജമാല്‍. ഒരു അരങ്ങേറ്റക്കാരന്റെ ഏറ്റവും മികച്ച ആറാമത് ബൗളിങ് ഫിഗറുമാണിത്.

അതേസമയം, ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 50 ഓവറില്‍ 124 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ്. 42 റണ്‍സ് നേടിയ അബ്ദുള്ള ഷഫീഖ്, 30 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഷാന്‍ മസൂദ് എന്നിവരുടെ വിക്കറ്റാണ് പാകിസ്ഥാന് നഷ്ടമായത്.

133 പന്തില്‍ 36 റണ്‍സ് നേടിയ ഇമാം ഉള്‍ ലഹഖും മൂന്ന് പന്തില്‍ ഒരു റണ്‍സുമായി ഖുറാം ഷഹസാദുമാണ് ക്രീസില്‍.

 

Content Highlight: Amer Jamal’s brilliant bowling performance against Australia