തിരുവനന്തപുരം: അസംഘടിത തൊഴിലാളികളനുഭവിക്കുന്ന തൊഴില്‍ ദുരിതങ്ങള്‍ക്ക് തടയിടാന്‍ പുതിയ നിയമ ഭേദഗതി. ഷോപ്‌സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിലാണ് പുതിയ ഭേദഗതികള്‍ കൊണ്ടുവന്നിരിക്കുന്നത്. നാലുമണിക്കൂര്‍ ജോലി ചെയ്യുന്നവര്‍ക്ക് ഒരു മണിക്കൂര്‍ വിശ്രമം അനുവദിക്കണമെന്നും, ഇരുപതില്‍ കൂടുതല്‍ വനിതാ ജീവനക്കാരുളള സ്ഥാപനങ്ങളില്‍ ശിശുപരിപാലന കേന്ദ്രങ്ങള്‍ തുടങ്ങണമെന്നും ഉള്‍പ്പെടെയുളള നിബന്ധനകളാണ് ഈ നിയമത്തില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്.
പുതിയ ഭേദഗതി പ്രകാരം അഞ്ചില്‍ കൂടുതല്‍ സ്ത്രീ തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ സാനിറ്ററി നാപ്കിന്‍ നിര്‍മാര്‍ജനം ചെയ്യാനുളള സംവിധാനം, ചെറുതും, ഇടത്തരം വലുതുമായ എല്ലാ സ്ഥാപനങ്ങളിലും ഇരുപത് തൊഴിലാളികള്‍ക്ക് ഒന്നെന്ന അനുപാതത്തില്‍ സ്ത്രീ പുരുഷ തൊഴിലാളികള്‍ക്ക് പ്രത്യേകം ശുചിമുറികള്‍.
അമ്പതില്‍ കൂടുതല്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ 25 കിലോമീറ്ററിനപ്പുറം വീടുളളവര്‍ക്ക് ഹോസ്റ്റല്‍ സൗകര്യം , ജീവനക്കാരുടെ വിശ്രമമുറികളില്‍ ജീവനക്കാരുടെ സ്വകാര്യതയ്ക്ക് ഭംഗം വരുത്തുന്ന തരത്തിലുളള സിസിടിവി ക്യാമറകള്‍ ഉള്‍പ്പെടെയുളള യാതൊന്നും സ്ഥാപിക്കരുത്. തുടങ്ങിയ കര്‍ശന നിര്‍ദ്ദേശങ്ങളാണ് പുതിയ ഭേദഗതികളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
മന്ത്രി ഷിബുബേബി ജോണിന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന നിയമസഭാ സബ്ജക്റ്റ് കമ്മിറ്റിയാണ് പുതിയ ചട്ടഭേദഗതികള്‍ അംഗീകരിച്ചത്.
കേരളത്തില വസ്ത്രവ്യാപാരമേഖലയില്‍ നടക്കുന്ന തൊഴില്‍ ചൂഷണങ്ങള്‍ക്കെതിരെ ഉയര്‍ന്നുവന്ന പ്രതിഷേധ സമരങ്ങളാണ്് ഇത്തരം ഒരു നിയമ ഭേദഗതിയിലേക്ക് നയിച്ചത്. തൃശൂരിലെ കല്യാണ്‍ സാരീസിലും ആലപ്പുഴ സീമാസിലും കാക്കനാട്ടെ സ്‌പെഷ്യല്‍ എക്കണോമിക് സോണിലും നടന്ന തൊഴിലാളി പ്രതിഷേധങ്ങള്‍ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
വിശ്രമിക്കാനും ടോയ്‌ലറ്റുകളില്‍ പോകാനും അനുവദിക്കാതിരിക്കുക, മോശം താമസം, ഭക്ഷണം, കുറഞ്ഞ ശമ്പളം, അധിക ജോലി, മാനസികവും ശാരീരികവുമായ ഉപദ്രവങ്ങള്‍ അടക്കം നിരവധി പ്രശ്‌നങ്ങളാണ് അസംഘടിത തൊഴിലാളിമേഖലയില്‍ നേരിട്ടുവന്ന പ്രശ്‌നങ്ങള്‍. ഇതിനെതിരെ പ്രതികരിക്കുന്നവര്‍ക്കെതിരെ ശത്രുതാപരമായ നിലപാട് സ്വീകരിച്ചതോടെ തൊഴിലാളികള്‍ പ്രതിഷേധമുഖത്തേക്ക് ഇറങ്ങുകയായിരുന്നു.