പുതിയ ക്രിമിനല്‍ നിയമത്തിലെ കസ്റ്റഡി കാലാവധി; നിയമത്തില്‍ ഭേദഗതി വരുത്തണം; വ്യക്തത ആവശ്യപ്പെട്ട് പി.യു.സി.എല്‍
national news
പുതിയ ക്രിമിനല്‍ നിയമത്തിലെ കസ്റ്റഡി കാലാവധി; നിയമത്തില്‍ ഭേദഗതി വരുത്തണം; വ്യക്തത ആവശ്യപ്പെട്ട് പി.യു.സി.എല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th July 2024, 5:11 pm

ന്യൂദല്‍ഹി: ജൂലായ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്ന പുതിയ ക്രിമിനല്‍ നിയമങ്ങളില്‍ ഭേദഗതി ആവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടനയായ പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ്. പൊലീസ് കസ്റ്റഡി കാലാവധിയെക്കുറിച്ചുള്ള അമിത് ഷായുടെ പ്രസ്താവനകളില്‍ വ്യക്തത ആവശ്യമാണെന്നും സംഘടന പറഞ്ഞു.

ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിത തിങ്കളാഴ്ച പ്രാബല്യത്തില്‍ വന്നതിന് പിന്നാലെയാണ് പൊലീസ് കസ്റ്റഡിയുടെ പരമാവധി കാലയളവുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന നടത്തിയത്.

1973-ലെ ക്രിമിനല്‍ നടപടിച്ചട്ടത്തിന് പകരമുള്ള പുതിയ നിയമം തിങ്കളാഴ്ച മുതലാണ് പ്രാബല്യത്തില്‍ വന്നത്. ഇതില്‍ 15 ദിവസത്തെ റിമാന്‍ഡ് കാലയളവിനുപുറമെ, അറസ്റ്റിന് ശേഷം 60 മുതല്‍ 90 ദിവസം വരെ കുറ്റകൃത്യത്തില്‍ പ്രതിയായ ഒരാളെ കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ പൊലീസിനെ അനുവദിക്കുമെന്ന് പറയുന്നുണ്ട്. ഇതിലാണ് നിയമ, പൗരാവകാശ പ്രവര്‍ത്തകര്‍ ആശങ്ക പ്രകടിപ്പിച്ചിരിക്കുന്നത്.

ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിതയുടെ കീഴിലുള്ള പൊലീസ് കസ്റ്റഡിയുടെ പരമാവധി കാലയളവ് 15 ദിവസമായി തുടരുമെന്നും പരമാവധി രണ്ട് മാസം വരെ നീട്ടാനുള്ള വ്യവസ്ഥയുണ്ടെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

‘നേരത്തെ, ഒരു പ്രതിയെ പോലീസ് റിമാന്‍ഡിലേക്ക് അയച്ചു, അയാള്‍ സ്വയം 15 ദിവസത്തേക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടാല്‍, റിമാന്‍ഡ് കാലാവധി അവസാനിക്കുമെന്നതിനാല്‍ ചോദ്യം ചെയ്യല്‍ നടത്താനാവുന്നുണ്ടായിരുന്നില്ല’, എന്നായിരുന്നു അമിത് ഷാ പറഞ്ഞത്.

വിഷയത്തിലെ ഉദ്ദേശ ശുദ്ധി സ്വാഗതാര്‍ഹമാണെങ്കിലും അത് പ്രതികളുടെ അവകാശത്തെ ഹനിക്കുന്നതായിരിക്കുമെന്ന് പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ചൂണ്ടിക്കാട്ടി.

വിഷയത്തില്‍ അമിത് ഷായ്ക്കും നിയമ മന്ത്രി അര്‍ജുന്‍ മേഘ്വാളിനും സംഘടന കത്തയിച്ചിട്ടുണ്ട്. ‘സെക്ഷന്‍ 187 (3) ബി.എന്‍.എസ്.എസ് വ്യവസ്ഥയില്‍ വ്യക്തത കൊണ്ടുവരുന്നത് സെക്ഷന്‍ 187 ബി.എന്‍.എസ്.എസിലെ ഭേദഗതിയിലൂടെയാണ്, അതിനാല്‍ അത് സമീപഭാവിയില്‍ കോടതികളുടെയും പൊലീസിന്റെയും പബ്ലിക് പ്രോസിക്യൂട്ടര്‍മാരുടെയും വ്യാഖ്യാനത്തിനനുസരിച്ച് മാറ്റാന്‍ സാധിക്കും.

ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിതയിലെ 187-ാം വകുപ്പ് ‘അക്ഷരാര്‍ത്ഥത്തില്‍ സെക്ഷന്‍ 167 സി.ആര്‍.പി.സിയുടെ മറ്റൊരു പതിപ്പാണ്. അതില്‍ നിന്നും എട്ട് വാക്കുകള്‍ ഒഴിവാക്കുന്നതോടെ ആ വകുപ്പിന് മറ്റൊരു വ്യാഖ്യാനം കൂടി കൈവരും. പൊലീസ് കസ്റ്റഡി വ്യവസ്ഥയുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവാദങ്ങള്‍ ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ട്,’ സംഘടന പറഞ്ഞു.

ക്രിമിനല്‍ നടപടിച്ചട്ടത്തിലെ പുതിയ വ്യവസ്ഥയനുസരിച്ച് പ്രതിയായ വ്യക്തിയെ പൊലീസ് കസ്റ്റഡിയിലല്ലാതെ പതിനഞ്ച് ദിവസത്തില്‍ അധികം തടങ്കലില്‍ വയ്ക്കാന്‍ മജിസ്ട്രേറ്റിന് അനുമതി നല്‍കാം.

‘പൊലീസിന്റെ കസ്റ്റഡിയിലല്ലാതെ’ എന്ന വാചകം പുതിയ നിയമത്തില്‍ കാണുന്നില്ല. ‘പൊലീസ് കസ്റ്റഡി പരമാവധി 15 ദിവസത്തില്‍ നിന്ന് 60/90 ദിവസമായി നീട്ടാമെന്ന വ്യാഖ്യാനമാണ് കാണിക്കുന്നത് എന്നും പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് പറഞ്ഞു.

”15 ദിവസത്തിന് മുകളില്‍ പൊലീസ് കസ്റ്റഡി നീട്ടുന്നത് നിയമവാഴ്ചയിലേക്കും ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയിലേക്കുമുള്ള ഗുരുതരമായ കടന്നുകയറ്റമാണ്. പ്രതിയെ നേരിട്ട് പൊലീസ് കസ്റ്റഡിയില്‍ സൂക്ഷിക്കുന്ന കാലഘട്ടം എന്നത് പൊലീസില്‍ നിന്ന് പരമാവധി സമ്മര്‍ദ്ദം പ്രതികള്‍ക്ക് മേലുണ്ടാകുന്ന സമയം കൂടിയാണ്. ശാരീരിക പീഡനം, വൈകാരിക സമ്മര്‍ദ്ദങ്ങള്‍, മറ്റ് സമാന നടപടികള്‍ തുടങ്ങിയ നിയമവിരുദ്ധ നടപടികള്‍ പ്രതികള്‍ക്ക് മേല്‍ പൊലീസ് ഉപയോഗിച്ചേക്കാം. അറസ്റ്റിലായ പ്രതികളെ മാനസികമായി തകര്‍ക്കുന്നതിലേക്ക് ഇത് നയിക്കാം.

സെക്ഷനില്‍ ഉപയോഗിച്ചിരിക്കുന്ന വാക്കുകളുടെയും പദങ്ങളുടെയും അടിസ്ഥാനത്തില്‍ മാത്രമായിരിക്കും നിയമത്തിന്റെ വ്യാഖ്യാനമെന്നും സംഘടന പറഞ്ഞു.

‘നേരത്തെ ചൂണ്ടിക്കാണിച്ചതുപോലെ,’പൊലീസ് കസ്റ്റഡിയിലല്ലാതെ’ എന്നതുള്‍പ്പടൈ എട്ട് വാക്കുകള്‍ ബോധപൂര്‍വ്വം ഒഴിവാക്കിയെന്ന വസ്തുത പരിഗണിക്കാന്‍ കോടതികള്‍ ബാധ്യസ്ഥരാണ്. പൊലീസ് കസ്റ്റഡി പരമാവധി 15 ദിവസത്തില്‍ നിന്ന് 60/90 ആക്കാനാണ് പാര്‍ലമെന്റ് ഉദ്ദേശിക്കുന്നതെന്ന് വ്യാഖ്യാനിക്കാം.’ അതില്‍ പറഞ്ഞു.

ഇത് കണക്കിലെടുത്ത്, ‘പൊലീസ് കസ്റ്റഡി പരമാവധി 15 ദിവസത്തേക്ക് മാത്രമേ അനുവദിക്കൂ എന്ന് നിയമത്തില്‍ വ്യക്തമായി വ്യക്തമാക്കിക്കൊണ്ട് ഭേദഗതി കൊണ്ടുവരാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുകയാണ്,’ സംഘടന പറഞ്ഞു.

Content Highlight: Amend criminal law to reflect Amit Shah’s clarification on duration of police custody: Rights group