| Tuesday, 19th October 2021, 3:03 pm

ബംഗ്ലാദേശി ഹിന്ദുക്കളെ സംരക്ഷിക്കാന്‍ പൗരത്വ നിയമം ഭേദഗതി ചെയ്യണം; കോണ്‍ഗ്രസ് നേതാവ് മിലിന്ദ് ദേവ്‌റ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ബംഗ്ലാദേശി ഹിന്ദുക്കളെ സംരക്ഷിക്കുന്നതിനായി ഇന്ത്യന്‍ പൗരത്വ നിയമം ഭേദഗതി ചെയ്യണമെന്ന് മുന്‍ എം.പിയും കോണ്‍ഗ്രസ് നേതാവുമായ മിലിന്ദ് ദേവ്‌റ. ബംഗ്ലാദേശില്‍ ന്യൂനപക്ഷ സമുദായത്തിന് നേരെയുള്ള ആക്രമണ സംഭവങ്ങള്‍ വാര്‍ത്തയാകുന്നതിന് പിന്നാലെയാണ് അദ്ദേഹത്തിന്റ പ്രതികരണം.

മതപീഡനത്തില്‍ നിന്ന് രക്ഷപ്പെടുന്ന ബംഗ്ലാദേശി ഹിന്ദുക്കളെ സംരക്ഷിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും സി.എ.എ ഭേദഗതി ചെയ്യണമെന്ന് അദ്ദേഹം ട്വിറ്ററിലൂടെ പറഞ്ഞു.

‘ബംഗ്ലാദേശില്‍ വര്‍ധിച്ചുവരുന്ന വര്‍ഗീയ അക്രമങ്ങള്‍ അങ്ങേയറ്റം ആശങ്കാജനകമാണ്.
മതപീഡനത്തില്‍ നിന്ന് രക്ഷപ്പെടുന്ന ബംഗ്ലാദേശി ഹിന്ദുക്കളെ സംരക്ഷിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും സി.എ.എ ഭേദഗതി ചെയ്യണം.

ഇന്ത്യന്‍ മുസ്‌ലിംങ്ങളെ ബംഗ്ലാദേശി ഇസ്‌ലാമിസ്റ്റുകളുമായി തുലനം ചെയ്യുന്ന എല്ലാ വര്‍ഗീയ ശ്രമവും രാജ്യം തള്ളിക്കളയുകയും തടയുകയും വേണം,’ മിലിന്ദ് ദേവ്‌റ ട്വീറ്റ് ചെയ്തു.

സി.എ.എ ഭേദഗതി ചെയ്യണമെന്ന സമാന ആവശ്യവുമായി നേരത്തെ ബി.ജെ.പിയും രംഗത്തെത്തിയിരുന്നു.

അതേസമയം, ബംഗ്ലാദേശില്‍ ദുര്‍ഗാ പൂജയ്ക്കിടെ നടന്ന ആക്രമണങ്ങള്‍ക്കും തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളിലും പ്രതിഷേധിച്ച് വിവിധ സംഘടനകള്‍ സമരം ശക്തമാക്കി. വിവിധ ഹിന്ദു സംഘടനകളും വിദ്യാര്‍ഥി സംഘടനകളും മറ്റ് സംഘങ്ങളുമാണ് രാജ്യ തലസ്ഥാനമായ ധാക്കയില്‍ പ്രതിഷേധം ശക്തമാക്കിയത്.

അക്രമങ്ങള്‍ അവസാനിപ്പിക്കണമെന്നും ഇതിന് പിന്നിലുള്ളവര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.

ബംഗ്ലാദേശ് ഹിന്ദു, ബുദ്ധിസ്റ്റ്, ക്രിസ്ത്യന്‍ യൂണിറ്റി കൗണ്‍സില്‍ ഈ മാസം 23 മുതല്‍ പൂജാ ദിനത്തിലെ അക്രമങ്ങളില്‍ പ്രതിഷേധിച്ച് നിരാഹാരസമരം ആരംഭിച്ചിട്ടുണ്ട്.

ഖുര്‍ആനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുകയായിരുന്നു. ആക്രമണങ്ങള്‍ ആസൂത്രിതമാണെന്നും രാജ്യത്തെ സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കാനാണ് ലക്ഷ്യമിടുന്നതെന്നുമായിരുന്നു ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ ഖാന്‍ പറഞ്ഞത്.

ഹിന്ദു ക്ഷേത്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയവരെ വെറുതെവിടില്ലെന്നും ആക്രമണം നടത്തിവര്‍ക്കെതിരെ സര്‍ക്കാര്‍ വേഗത്തില്‍ നടപടിയെടുക്കുമെന്നും നേരത്തേ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും പ്രതികരിച്ചിരുന്നു.

ഒക്ടോബര്‍ 15നാണ് ബംഗ്ലാദേശില്‍ അക്രമസംഭവങ്ങള്‍ ആരംഭിച്ചത്.ദുര്‍ഗാ പൂജ ആഘോഷങ്ങള്‍ക്കിടെ ചില ഹിന്ദു ക്ഷേത്രങ്ങള്‍ തകര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് ഉണ്ടായ അക്രമത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ 22 ജല്ലകളില്‍ അര്‍ധസൈനിക സേനയെ വിന്യസിച്ചിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS: Amend CAA to protect Bangladeshi Hindus: Congress’s Milind Deora bats for citizenship law

We use cookies to give you the best possible experience. Learn more