| Monday, 26th February 2024, 1:16 pm

ടി-20യിൽ ബുംറക്കും സ്റ്റെയ്നും പോലുമില്ലാത്ത നേട്ടം ഒറ്റക്ക് നേടി കിവി സ്റ്റാർ

സ്പോര്‍ട്സ് ഡെസ്‌ക്

വുമണ്‍സ് പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന് ജയം. ഗുജറാത്ത് ജയന്റ്സിനെ അഞ്ച് വിക്കറ്റുകള്‍ക്കാണ് മുംബൈ പരാജയപ്പെടുത്തിയത്.

മത്സരത്തില്‍ മുംബൈ ബൗളിങ്ങില്‍ മികച്ച പ്രകടനമാണ് ന്യൂസിലാന്‍ഡ് താരം അമേലിയ കെര്‍ നടത്തിയത്. ഗുജറാത്തിന്റെ നാല് വിക്കറ്റുകളാണ് അമേലിയ വീഴ്ത്തിയത്. നാല് ഓവറില്‍ 17 റണ്‍സ് വിട്ടു നല്‍കിയായിരുന്നു താരം നാല് വിക്കറ്റുകള്‍ വീഴ്ത്തിയത്.

ഇതിന് പിന്നാലെ ഒരു റെക്കോഡ് നേട്ടമാണ് ന്യൂസിലാന്‍ഡ് താരം സ്വന്തമാക്കിയത്. വുമണ്‍സ് ടി-20യില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന താരമെന്ന നേട്ടമാണ് അമേലിയ സ്വന്തമാക്കിയത്. സ്വന്തം നാട്ടുകാരിയായ സോഫിയ ഡെവിനെ മറികടന്നുകൊണ്ടാണ് അമേലിയ ഈ നേട്ടം സ്വന്തമാക്കിയത്. 293 വിക്കറ്റുകളാണ് അമേലിയയുടെ അക്കൗണ്ടിലുള്ളത്.

മറ്റൊരു തകര്‍പ്പന്‍ നേട്ടവും മുംബൈ താരം സ്വന്തം പേരില്‍ കുറിച്ചു. ടി-20 ക്രിക്കറ്റില്‍ 23ാം വയസില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടുന്ന രണ്ടാമത്തെ താരമായി മാറാനും കെറിന് സാധിച്ചു.

ഇന്ത്യന്‍ പേസര്‍മാരായ ഭുവനേശ് കുമാര്‍ ജസ്പ്രീത് ബുംറ മുന്‍ സൗത്ത് ആഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയ്ന്‍ തുടങ്ങിയ പ്രധാന താരങ്ങള്‍ക്ക് പോലും ടി-20യില്‍ 23 വയസില്‍ ഇത്രയധികം വിക്കറ്റുകള്‍ ഇല്ല എന്നുള്ളത് ഏറെ ശ്രദ്ധേയമാണ്.

ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ മുംബൈ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സാണ് നേടിയത്.

ഗുജറാത്ത് ബാറ്റിങ് നിരയില്‍ തനൂജ കന്‍വാര്‍ 21 പന്തില്‍ 28 റണ്‍സും കത്രിന്‍ എമ്മ ബ്രൈസ് 24 പന്തില്‍ 25 റണ്‍സും ക്യാപ്റ്റന്‍ ബേത്ത് മൂണി 22 പന്തില്‍ 24 റണ്‍സും നേടി മികച്ച പ്രകടനം നടത്തി.

മുംബൈ ബൗളിങ്ങില്‍ അമേലിയ കെര്‍ നാലു വിക്കറ്റും ഷബ്‌നിം ഇസ്മെയില്‍ മൂന്ന് വിക്കറ്റും വീഴ്ത്തി മികച്ച പ്രകടനം നടത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ 18.1 ഓവറില്‍ അഞ്ച് വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ലക്ഷ്യം മാറി കടക്കുകയായിരുന്നു. മുംബൈ ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍ 41 പന്തില്‍ 46 റണ്‍സും അമെല കെര്‍ 25 പന്തില്‍ 31 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി.

ജയത്തോടെ രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് നാല് പോയിന്റുമായി ഒന്നാം സ്ഥാനത്താണ് മുംബൈ. ഫെബ്രുവരി 28ന് യു.പി വാരിയേഴ്സിനെതിരെയാണ് മുംബൈയുടെ അടുത്ത മത്സരം.

Content Highlight: Amelia Kerr become the Leading Wicket taker in WT20s

We use cookies to give you the best possible experience. Learn more