| Monday, 19th December 2022, 9:38 am

അറബ് രാജ്യത്ത് നിന്ന് അസാധാരണമായ ഒരു ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുമെന്ന വാഗ്ദാനം ഞങ്ങള്‍ നിറവേറ്റി: ഖത്തര്‍ അമീര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദോഹ: അറബ് രാജ്യത്ത് നിന്ന് അസാധാരണമായ ഒരു ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുമെന്ന വാഗ്ദാനം തങ്ങള്‍ നിറവേറ്റിയെന്ന് ഖത്തര്‍ അമീര്‍ തമീം ബിന്‍ ഹമദ് അല്‍താനി. ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതില്‍ ക്രിയാത്മകമായ സഹകരണത്തിന് അന്താരാഷ്ട്ര ഫുട്‌ബോള്‍ അസോസിയേഷന് നന്ദി പറയുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ലോകകപ്പില്‍ ആതിഥേയത്വം വഹിക്കുന്നതില്‍ നേടിയ വിജയം രാജ്യത്തിന് കൂടുതല്‍ സേവനവും ഉന്നമനവും നല്‍കുന്നതിനുള്ള പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ടൂര്‍ണമെന്റിന്റെ വിജയത്തിന്റെ ഭാഗമായ ആരാധകര്‍, സന്നദ്ധപ്രവര്‍ത്തകര്‍, സ്ഥാപനങ്ങള്‍, മന്ത്രാലയങ്ങള്‍ തുടങ്ങി എല്ലാവര്‍ക്കും ഖത്തര്‍ ഭരണകൂടത്തിന്റെ പേരിലും അറബ് ലോകത്തിന്റെ പേരിലും നന്ദി പറയുന്നു,’ തമീം ബിന്‍ ഹമദ് അല്‍താനി ട്വീറ്റ് ചെയ്തു.

കീരിട ജേതാക്കളായ അര്‍ജന്റൈന്‍ ദേശീയ ടീമിനെയും അദ്ദേഹം അഭിനന്ദിച്ചു.

‘ഖത്തര്‍ ലോകകപ്പ് 2022 നേടിയ അര്‍ജന്റീനക്ക് അഭിനന്ദനങ്ങള്‍. ഫൈനലിലെത്തിയ ഫ്രഞ്ച് ദേശീയ ടീമിനെയും ആശംസകള്‍. ഒപ്പം എല്ലാ ടീമുകള്‍ക്കും അവരെ ആവേശത്തോടെ പ്രോത്സാഹിപ്പിച്ച ആരാധകര്‍ക്കും നന്ദി.

അറബ് രാജ്യങ്ങളില്‍ നിന്ന് അസാധാരണമായ ഒരു ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുമെന്ന ഞങ്ങളുടെ വാഗ്ദാനം നിറവേറ്റി.

ഇത് ലോകത്തിലെ ജനങ്ങള്‍ക്ക് ഞങ്ങളുടെ സംസ്‌കാരത്തിന്റെ സമ്പന്നതയെക്കുറിച്ചും മൂല്യങ്ങളുടെ മൗലികതയെക്കുറിച്ചും പഠിക്കാന്‍ അവസരമൊരുക്കിയെന്ന് വിശ്വസിക്കുന്നു,’ തമീം ബിന്‍ ഹമദ് അല്‍താനി കൂട്ടിച്ചേര്‍ത്തു.

അതേസമയം, ലുസൈല്‍ സ്റ്റേഡിയത്തില്‍ നടന്ന ആവേശകരമായ ഫൈനല്‍ മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ ഫ്രാന്‍സിനെ തകര്‍ത്താണ് അര്‍ജന്റീന ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. അര്‍ജന്റീനയുടെ മൂന്നാം ലോകകിരീട നേട്ടമാണിത്.

120 മിനിട്ടുകള്‍ നീണ്ടുനിന്ന മത്സരത്തില്‍ ഇരു ടീമും 3-3 സമനിലയില്‍ എത്തിയപ്പോള്‍ ഫ്രാന്‍സിനെ പെനാല്‍ട്ടിയില്‍ 4-2ന് തകര്‍ത്താണ് മെസി അര്‍ജന്റീനയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ചത്.

Content Highlight: Ameer of Qatar Tamim bin Hamad Al Thani said that they have fulfilled their promise to organize an extraordinary championship from the Arab country

We use cookies to give you the best possible experience. Learn more