ന്യൂദല്‍ഹി: ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബ നേതാക്കളോടൊപ്പം ബോളിവുഡ് താരം ആമീര്‍ ഖാന്‍ നില്‍ക്കുന്നു എന്ന തലക്കെട്ടോടെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ആമീറിന്റെ എട്ട് വര്‍ഷം മുമ്പുള്ള ഫോട്ടോയാണ് ഇത്തരത്തില്‍ വ്യാജപ്രചരണത്തിന് ഉപയോഗിക്കുന്നതെന്ന് ബൂം ലൈവ് ഫാക്ട് ചെക്ക് ടീം കണ്ടെത്തിയിരിക്കുകയാണ്.
‘ആരാധകരെ ഇതാണ് ആമീര്‍ ഖാന്‍. അദ്ദേഹത്തോടൊപ്പം നില്‍ക്കുന്ന ഈ രണ്ട് വ്യക്തികള്‍ ആരാണെന്നറിയാമോ? ഒരാള്‍ ജുനൈദ് ജംഷാദ്. മറ്റേയാള്‍ മൗലാന താരിഖ്.
രണ്ട് പേരും ലഷ്‌കര്‍-ഇ-തൊയ്ബ നേതാക്കളാണ്. മെക്കയില്‍ നിന്നെടുത്ത ചിത്രമാണിത്. ഒരു പ്രശസ്ത നടന്റെ രാജ്യദ്രോഹ അജണ്ടയാണിത്. ഇനിയെങ്കിലും ഉണരു’…ഇതായിരുന്നു ഫോട്ടോയോടൊപ്പം വ്യാപകമായി പ്രചരിച്ച സന്ദേശം.
എന്നാല്‍ ഈ ചിത്രത്തിന്റെ സത്യാവസ്ഥ മറ്റൊന്നാണ്. ഈ ചിത്രത്തില്‍ പാകിസ്ഥാനിലെ രണ്ട് പ്രമുഖ വ്യക്തിത്വങ്ങളാണ് ആമിറിന്റെ ഒപ്പം നില്‍ക്കുന്നത്. 2012 ലെടുത്ത ഫോട്ടോയാണിത്. ആമിര്‍ ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി മെക്ക-മദീനയില്‍ പോയപ്പോഴാണ് ഈ ചിത്രമെടുത്തത്.
പാകിസ്ഥാനിലെ അറിയപ്പെടുന്ന കലാകാരനാണ് ജുനൈദ് ജംഷാദ്. 2013 മാര്‍ച്ച് 14 വരെ അദ്ദേഹത്തിന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ ഈ ചിത്രം ഉണ്ടായിരുന്നതായി ബൂം ലൈവ് കണ്ടെത്തി.
എന്നാല്‍ ഇപ്പോള്‍ പ്രചരിക്കുന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ പേര് ജുനൈദ് ഷംസാദ് എന്നാണ് പറഞ്ഞിരിക്കുന്നത്. 2016 ല്‍ ഒരു വിമാനപകടത്തില്‍ ജുനൈദ് ജംഷാദ് മരണപ്പെട്ടു. അദ്ദേഹത്തിന്റെ നിര്യാണത്തില്‍ പല ദേശീയ മാധ്യമങ്ങളിലും ഈ ഫോട്ടോ പ്രത്യക്ഷപ്പെട്ടിരുന്നു.
ഇനി അടുത്ത വ്യക്തിയിലേക്ക് പോകാം. ഇദ്ദേഹത്തിന്റെ പേര് മൗലാന താരിഖ് ജാമില്‍. പാകിസ്ഥാനിലെ അറിയപ്പെടുന്ന മതപണ്ഡിതനാണ് ഇദ്ദേഹം. നാല് ലക്ഷം സ്ബ്‌സ്‌ക്രൈബേഴ്‌സ് ഉള്ള ഒരു യുട്യൂബ് ചാനലും ഇദ്ദേഹത്തിനുണ്ട്.
അതില്‍ ഒരു വീഡിയോയില്‍ അദ്ദേഹം ഈ ചിത്രത്തെ പറ്റി പറയുന്നുമുണ്ട്. ഹജ്ജിനായി മെക്കയിലേക്ക് പോയപ്പോള്‍ ആമീര്‍ ഖാന്റെ ഒപ്പം ഒരു ചിത്രം എടുത്തതും അതിന് ക്രിക്കറ്റ് താരം ഷഹീദ് അഫ്രീദി സഹായിച്ചുവെന്നുമാണ് വീഡിയോയില്‍ പറയുന്നത്. ഈ ചിത്രമാണ് ഇപ്പോള്‍ ഭീകരസംഘടന നേതാക്കളുമായി ആമീറിന് ബന്ധമുണ്ടെന്ന തരത്തില്‍ പ്രചരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് നടന്‍ ആമീര്‍ഖാനെതിരായി നടി കങ്കണ രംഗത്ത് എത്തിയത്. ആമിര്‍ഖാന്‍ മുമ്പ് നല്‍കിയത് എന്ന തരത്തില്‍ കങ്കണയുടെ പി.ആര്‍ ടീം ട്വിറ്ററില്‍ ഒരു അഭിമുഖം പങ്കുവെച്ചിരുന്നു.
ഭാര്യ ഹിന്ദു മതക്കാരിയാണെങ്കിലും മക്കള്‍ ഇസ്‌ലാം മതം മാത്രമാണ് പിന്തുടരുന്നതെന്ന് എന്ന് അഭിമുഖത്തില്‍ ആമീര്‍ പറഞ്ഞതായിട്ടായിരുന്നു കങ്കണയുടെ ടീം പങ്കുവെച്ച ട്വീറ്റില്‍ പറഞ്ഞത്.
ആമിറിന്റെ മക്കളില്‍ മതപരമായ കൂടിച്ചേരല്‍ നടന്നിട്ടുണ്ടെന്നും അവര്‍ക്ക് അള്ളാഹുവിനോടൊപ്പം ശ്രീകൃഷ്ണന്റെയും പാഠങ്ങള്‍ ആവശ്യമാണെന്നാണ് ട്വീറ്റ്. ഹിന്ദുവിന്റെയും മുസ്‌ലീമിന്റെയും മക്കള്‍ എങ്ങനെ മുസ്ലിം മാത്രമാവുമെന്നും ഇതെങ്ങനെ മതേതരത്വം ആവുമെന്നും ട്വീറ്റില്‍ ചോദിച്ചിരുന്നു.
എന്നാല്‍ ഈ അഭിമുഖം തന്നെ വ്യാജമെന്നാണ് ഫാക്ട് ചെക്ക് ടീം ആയ ബൂം വെളിപ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തില്‍ ഒരു അഭിമുഖം ആമീര്‍ ആര്‍ക്കും നല്‍കിയിട്ടില്ലെന്ന് ആമീര്‍ഖാന്‍ പ്രൊഡക്ഷന്‍സ് ടീം തന്നെ പറഞ്ഞതായി ബൂം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
2020 ഓഗസ്റ്റ് 15 ന് തുര്‍ക്കിയിലെ പ്രഥമ വനിത എമിന്‍ എര്‍ദോഗനുമായി ഇസ്താംബൂളിലുള്ള കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ഈ അഭിമുഖം പ്രചരിക്കുകയും കങ്കണ പങ്കുവെയ്ക്കുകയും ചെയ്തത്.
തന്റെ ആദ്യ ഭാര്യ റീന ദത്തയെക്കുറിച്ചും റാവുവിനെക്കുറിച്ചുമുള്ള ചോദ്യങ്ങള്‍ക്ക് ഖാന്‍ ഉത്തരം നല്‍കിയതായി 2012 ല്‍ പുറത്തുവന്നതായി പറയുന്ന ഈ അഭിമുഖത്തില്‍ പറയുന്നുണ്ട്.
എന്റെ ഭാര്യമാര്‍ ഹിന്ദുക്കളായിരിക്കാം, പക്ഷേ എന്റെ കുട്ടികള്‍ എല്ലായ്പ്പോഴും ഇസ്‌ലാമിനെ മാത്രമേ പിന്തുടരുകയുള്ളൂ: ആമിര്‍ ഖാന്‍’ എന്ന തലക്കെട്ടില്‍ 2012 ല്‍ തന്‍കീദ് എന്ന സൈറ്റില്‍ ഷഹീന്‍ രാജ് എന്ന ലേഖകനുമായി ആമീര്‍ ഖാന്‍ സംസാരിച്ചുവെന്ന തരത്തിലാണ് അഭിമുഖം പബ്ലിഷ് ചെയ്തിരിക്കുന്നത്.
എന്നാല്‍ ആമീറിനെതിരെ വിമര്‍ശനവുമായി കങ്കണയുടെ ടീം എത്തുകയായിരുന്നു. ആമിറിന്റെ മക്കളില്‍ മതപരമായ കൂടിച്ചേരല്‍ നടന്നിട്ടുണ്ടെന്നും അവര്‍ക്ക് അള്ളാഹുവിനോടൊപ്പം ശ്രീകൃഷ്ണന്റെയും പാഠങ്ങള്‍ ആവശ്യമാണെന്നാണ് ട്വീറ്റ്. ഹിന്ദുവിന്റെയും മുസ്ലിമിന്റെയും മക്കള്‍ എങ്ങനെ മുസ്ലിം മാത്രമാവുമെന്നും ഇതെങ്ങനെ മതേതരത്വം ആവുമെന്നും ട്വീറ്റില്‍ ചോദിക്കുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
content highlights: ameer-khan-with-lashkar-e-toiba-leaders-fake-photo