ന്യൂദല്‍ഹി: തങ്ങളുടെ മക്കള്‍ക്ക് വിവാഹത്തിനുള്ള അനുമതി നല്‍കണമെന്നും സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്നുമാവശ്യപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന് കത്തയച്ച് നാനൂറിലധികം LGBTQIA+ കമ്മ്യൂണിറ്റി അംഗങ്ങളുടെ കുടുംബങ്ങള്‍.
സ്വവര്‍ഗ വിവാഹങ്ങള്‍ നിയമവിധേയമാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹരജികള്‍ ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിച്ച് കൊണ്ടിരിക്കെയാണ് ‘സ്വീകാര്‍-ദി റെയിന്‍ബോ പേരന്റ്‌സ്’ എന്ന നാനൂറിലധികം കുടുംബങ്ങളടങ്ങുന്ന സംഘടന ചീഫ് ജസ്റ്റിസിന് കത്തയച്ചിരിക്കുന്നത്.
‘ഇന്ത്യയില്‍ ഞങ്ങളുടെ മക്കളും മരുമക്കളുമായുള്ള ബന്ധത്തിന് സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം നിയമസാധുത ലഭിക്കുന്നത് കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. നമ്മുടേത് പോലൊരു രാജ്യം വൈവിധ്യങ്ങളെ അംഗീകരിക്കുമെന്നും ഞങ്ങളുടെ മക്കള്‍ക്ക് വിവാഹത്തിന്റെ കാര്യത്തില്‍ സമത്വം ഉറപ്പ് വരുത്തുമെന്നും പ്രതീക്ഷിക്കുന്നു. ഞങ്ങള്‍ക്ക് പ്രായമായിക്കൊണ്ടിരിക്കുകയാണ്. ഞങ്ങളില്‍ ചിലരുടെ പ്രായം എണ്‍പതിനോടടുത്ത് കഴിഞ്ഞു. ഞങ്ങളുടെ ജീവിതകാലത്ത് തന്നെ മക്കളുടെ വിവാഹത്തിന് നിയമസാധുത ലഭിക്കുന്നത് കാണാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും,’ കത്തില്‍ പറയുന്നു.
LGBTQIA+ കമ്മ്യൂണിറ്റി അംഗങ്ങളെ പൂര്‍ണമായി കുടുംബത്തില്‍ ഉള്‍ക്കൊള്ളുന്നതും അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതുമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പരസ്പരം പിന്തുണക്കുന്നതിനായി കമ്മ്യൂണിറ്റി അംഗങ്ങളുടെ കുടുംബങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച സംഘടനയാണ് സ്വീകാര്‍-ദി റെയിന്‍ബോ പേരന്റ്‌സ്.
‘സ്വവര്‍ഗ വിവാഹങ്ങളെ എതിര്‍ക്കുന്നവരോട് ഞങ്ങള്‍ക്ക് സഹതാപമാണ് തോന്നുന്നത്, ഒരിക്കല്‍ ഞങ്ങളില്‍ പലരും സ്വവര്‍ഗാനുരാഗത്തെ എതിര്‍ത്തിരുന്നു. ഞങ്ങളുടെ മക്കളോടൊപ്പമുള്ള സംവാദങ്ങളിലൂടെയും പഠനങ്ങളിലൂടെയും ക്ഷമയോടെ അവരെ കേട്ടിരുന്നതിലൂടെയുമാണ് ഞങ്ങള്‍ക്ക് പല കാര്യങ്ങളും മനസിലായത്, അങ്ങനെയാണ് അവരുടെ ആഗ്രഹങ്ങളും വികാരങ്ങളും ഞങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞത്. അതുപോലെ ഇപ്പോള്‍ സ്വവര്‍ഗ വിവാഹങ്ങളെ എതിര്‍ക്കുന്നവരും വസ്തുതകള്‍ മനസിലാക്കുമെന്ന് ഞങ്ങള്‍ കരുതുന്നു,’ കുടുംബാംഗങ്ങള്‍ കത്തില്‍ വ്യക്തമാക്കി.
തങ്ങള്‍ക്ക് ഇന്ത്യയിലെ ജനങ്ങളിലും ഭരണഘടനയിലും രാജ്യത്തെ ജനാധിപത്യത്തിലും വിശ്വാസമുണ്ടെന്നും അവര്‍ പറഞ്ഞു.
നേരത്തെ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കണമെന്ന ആവശ്യത്തിന് പിന്നില്‍ നഗര കേന്ദ്രീകൃത വരേണ്യ ബോധമാണെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദത്തെ സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. ഹരജികളിന്മേല്‍ സുപ്രീം കോടതിയില്‍ വാദം തുടരുകയാണ്.
Content Highlights: Same-sex marriage should be legalized; Families of over 400 LGBTQIA+ members write to Chief Justice