തിരുവനന്തപുരം ശരിക്കും ഒരു തിരക്കേറിയ നഗരത്തിന്റെ എല്ലാ സ്വഭാവങ്ങളും ഉള്ള ഒരിടമാണെന്നതില്‍ സംശയമില്ല. എന്നാല്‍ ആ തിരക്കുകള്‍ക്കിടയിലും പ്രകൃതിയുടെ ശാന്തതയും ഗ്രാമീണ സൗന്ദര്യവുമൊക്കെ കാത്തുസൂക്ഷിക്കുന്ന ചിലയിടങ്ങളും തിരുവവന്തപുരത്തുണ്ട്. അത്തരത്തിലൊരിടമാണ് അമ്പൂരി എന്ന കൊ്ചുഗ്രാമം. വൈവിധ്യങ്ങള്‍ കൊണ്ട് ഏതൊരു സഞ്ചാരിയെയും ആകര്‍ഷിക്കുവാന്‍ കഴിയുന്ന ഇവിടം തിരുവനന്തപുരത്തു നിന്നും 40 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്.
പേരുകേട്ട ഒരു സ്ഥമൊന്നുമല്ല അമ്പൂരി.തികച്ചും സാധാരണക്കാരായ ആളുകള്‍ താമസിക്കുന്ന,ഗ്രാമീണതയുടെ നന്മകള്‍ നിറഞ്ഞ ഒരിടം. കാഴ്ചകളിലെ വൈവിധ്യം നിറഞ്ഞു നില്‍ക്കുന്ന ഇവിടം പക്ഷേ, സഞ്ചാരികള്‍ക്കിടയില്‍ അധികം അറിയപ്പെടുന്ന ഒരിടമല്ല. അതുകൊണ്ട് തന്നെ ഗ്രാമത്തിന്റെ സ്വാഭാവികതയിലേയ്ക്ക് ഇറങ്ങിചെല്ലാന്‍ അമ്പൂരിയിലെത്തിയാല്‍ ആര്‍ക്കും സാധിക്കും.
അമ്പൂരിയെന്ന പ്രകതിഗ്രാമത്തെ ചുറ്റിയൊഴുകുന്ന നെയ്യാറാണ് ഈ ഇടത്തെ അതിമനോഹരമാക്കുന്നത്. ഇതിന്റെ തെളിമയുള്ള വെള്ളവും കരയിലെ കാഴ്ചകളും റബര്‍ തോട്ടങ്ങളും വളഞ്ഞു പുളഞ്ഞ് എങ്ങോട്ടോ പോകുന്ന പാതകളും ഒക്കെക്കൂടി അമ്പൂരിയെ ഒരു സ്വര്‍ഗ്ഗമാക്കി മാറ്റുന്നു.അമ്പൂരിയ്‌ക്കൊപ്പം തന്നെ പ്രകൃതിരമണീയമായ മറ്റൊരിടമാണ് ദ്രവ്യപ്പാറ.
അമ്പൂരിയിലെ ഏറ്റവും മനോഹരമായ വ്യൂ പോയിന്റ് എന്നു വിശേഷിപ്പിക്കുവാന്‍ ഇടമാണ് ദ്രവ്യപ്പാറ. ഈ പാറയുടെ മുകളില്‍ നിന്നുള്ള കാഴ്ചകള്‍ ഗംഭീരമാണ്. മഞ്ഞില്‍ പൊതിഞ്ഞു നില്‍ക്കുന്ന മലകളുടെ കാഴ്ചയാണ് ദ്രവ്യപ്പാറ സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്.
പുഴയുടെ ഭംഗി കൊണ്ടും പച്ചപ്പിന്റെ സമൃദ്ധി കൊണ്ടും മനോഹരമായിരിക്കുന്ന ഇവിടുത്തെ മറ്റൊരു കാഴ്ചയാണ് കണ്ണെത്താദൂരത്തോളം കിടക്കുന്ന റബര്‍തോട്ടങ്ങള്‍. റോഡിനിരുവശവും നിറഞ്ഞു നില്‍ക്കുന്ന തോട്ടങ്ങളും അതിനുള്ളിലെ ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങളും ഒക്കെ അമ്പൂരിയെ മനോഹരമാക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നു.
സഞ്ചാരികള്‍ക്കും തിരുവനന്തപുരത്തു നിന്നും ഒറ്റ ദിവസത്തെ യാത്രയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്കും ധൈര്യപൂര്‍വ്വം പരീക്ഷിക്കുവാന്‍ പറ്റിയ ഇടമാണ് അമ്പൂരി. ഹോട്ടലുകളും താമസ സൗകര്യങ്ങളും അടക്കം എല്ലാം ഇവിടെ ലഭ്യമാണ്.