| Monday, 14th October 2024, 2:48 pm

പൂരസ്ഥലത്തേക്ക് സുരേഷ്‌ ഗോപിക്ക് വരാനായി ആംബുലൻസ് ദുരുപയോഗം ചെയ്തു; സി.പി.ഐയുടെ പരാതിയിൽ കേസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തൃശൂർ പൂര ദിനത്തിൽ ആംബുലൻസ് ദുരുപയോഗം ചെയ്‌തെന്ന പരാതിയിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ അന്വേഷണം. സി.പി.ഐ തൃശൂർ മണ്ഡലം സെക്രട്ടറി അഡ്വ. സുമേഷ് ആണ് പരാതി നൽകിയത്. തൃശൂർ സിറ്റി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

സുരേഷ് ഗോപിയുടെ ആംബുലൻസിലുള്ള വരവ് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. സുരേഷ് ഗോപി പൂരദിനത്തിൽ ആംബുലൻസിൽ വന്നിറങ്ങുന്ന ദൃശ്യങ്ങൾ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ഇതിന്റെ തുടർച്ചയെന്നോണമാണ് ആംബുലൻസ് ദുരുപയോഗം ചെയ്‌തെന്ന് ആരോപിച്ച് സി.പി.ഐ തൃശൂർ മണ്ഡലം സെക്രട്ടറി അഡ്വ. സുമേഷ് പരാതി നൽകിയത്. അതിന്റെ അടിസ്ഥാനത്തിൽ സിറ്റി പൊലീസ് സുരേഷ് ഗോപിയുടെ മൊഴിയെടുത്തു.

ഇതിന് പുറമെ മോട്ടോർ വാഹന വകുപ്പിലും പരാതി നൽകിയിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പിലും സമാനമായ അന്വേഷണം നടക്കുന്നുണ്ട്. ഇതിൽ ആംബുലൻസ് എങ്ങനെ ദുരുപയോഗം ചെയ്യപ്പെട്ടു എന്നത് മാത്രമാണ് അന്വേഷിക്കാനാവുക. അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തിൽ മാത്രമേ എന്ത് നടപടിയാണ് ഇതിൽ സ്വീകരിക്കുക എന്ന അറിയാൻ സാധിക്കുകയുള്ളു.

സുരേഷ് ഗോപിക്ക് യാത്ര ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടെന്നും അതിനാലാണ് സേവാഭാരതിയുടെ ആംബുലൻസ് ഉപയോഗിച്ചതെന്നുമായിരുന്നു ഇതിനെതിരെയുള്ള ബി.ജെ.പിയുടെ വാദം. ഒപ്പം പൂരപ്പറമ്പിൽ ജനക്കൂട്ടം ഉള്ളതിനാൽ എളുപ്പത്തിൽ എത്താൻ വേണ്ടിയാണ് ആംബുലൻസ് ഉപയോഗിച്ചതെന്നും ബി.ജെ.പി നേതാക്കൾ പറയുന്നുണ്ട്.

Content Highlight: Ambulance was misused to get Suresh Gopi to Purasthalam; Case on the complaint of CPI

Latest Stories

We use cookies to give you the best possible experience. Learn more