കോഴിക്കോട്: 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ മംഗലാപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ആംബുലന്‍സിന് വളയം പിടിച്ചത്‌ഹസ്സന്‍ ദേളി എന്ന 34 കാരന്‍. കാസര്‍ഗോഡ് ജില്ലയിലെ ഉദുമ മുക്കുന്നോത്ത് സ്വദേശിയാണ് ഹസ്സന്‍. ഹൃദയ ശസ്ത്രക്രിയക്ക് വേണ്ടി കാസര്‍ഗോഡ് നിന്നും 11.15 ഓടെ പുറപ്പെട്ട ആംബുലന്‍സ് അഞ്ചര മണിക്കൂര്‍ കൊണ്ട് 400 കിലോമീറ്റര്‍ പിന്നിട്ട് കൊച്ചി അമൃത ആശുപത്രിയിലെത്തിയിരിക്കുകയാണ്.
KL 60 J 7739 എന്ന നമ്പര്‍ ആംബുലന്‍സിലാണ് കാസര്‍കോട് സ്വദേശികളായ സാനിയ മിത്താഹ് ദമ്പതികളുടെ കുഞ്ഞിനെയും കൊണ്ട് ഹസ്സന്‍ യാത്ര പുറപ്പെട്ടത്. ഉദുമ സി.എച്ച് മുഹമ്മദ് കോയ സ്മാരക സെന്ററിന്റെ ആംബുലന്‍സിലാണ് കുഞ്ഞിനെ കൊണ്ട് പോകുന്നത്. ദീര്‍ഘകാലമായി ഹസ്സന്‍ തന്നെയാണ് ഈ ആംബുലന്‍സ് ഓടിക്കുന്നത്.
നേരത്തെയും കാസര്‍ഗോഡ് നിന്നും രോഗിയെ ഹസ്സന്‍ തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. കാസര്‍ഗോഡ് തളങ്കര സ്വദേശിയായ രോഗിയെയാണ് 2017 ഡിസംബര്‍ പത്തിന് മംഗലാപുരത്തെ എ.ജെ ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരത്തെ റീജണല്‍ കാന്‍സര്‍ സെന്ററിലേക്ക് എത്തിച്ചത്. അന്ന് 8 മണിക്കൂറും 45 മിനിറ്റുമാണ് ഹസ്സന്‍ ദൂരം താണ്ടാനെടുത്തത്. ഏറ്റവും വേഗത്തില്‍ ലക്ഷ്യസ്ഥാനത്തെത്തിച്ച ഹസ്സന് അന്ന് നാടിന്റെ ആദരം ഏറ്റുവാങ്ങിയിരുന്നു.
കാസര്‍കോട് പള്ളം റോഡിലെ ഇബ്രാഹിമിനെ (68) മംഗളൂരു എ.ജെ ആശുപത്രിയില്‍ നിന്നും തിരുവനന്തപുരം ആര്‍ സി സിയിലേക്കെത്തിക്കുന്ന ദൗത്യവുമായി വൈകിട്ട് 3.25ന് പുറപ്പെട്ട ആംബുലന്‍സ് 645 കിലോ മീററര്‍ പിന്നിട്ട് രാത്രി 12.20 നായിരുന്നു അന്ന് തിരുവനന്തപുരത്തെത്തിയത്.
എല്ലാ സ്ഥലങ്ങളിലും പൊലീസിന്റെയും ആംബുലന്‍സ് ഡ്രൈവര്‍മാരുടെയും സഹായത്തോടെയായിരുന്നു അന്ന് ആംബുലന്‍സ് കടത്തിവിട്ടത്. റോഡില്‍ മാര്‍ഗ തടസം ഇല്ലാതാക്കാന്‍ വാട്ട്സ്ആപ് ഗ്രൂപ്പ് വഴി സന്ദേശങ്ങള്‍ അപ്പപ്പോള്‍ കൈമാറി ഓള്‍ കേരള ആംബുലന്‍സ് ഡ്രൈവേഴ്‌സ് അസോസിയേഷന്റെ പ്രവര്‍ത്തകര്‍ സജീവമായിരുന്നു. അവശ്യഘട്ടത്തില്‍ ഉപയോഗപ്പെടുത്താനായി ഓരോ ജില്ലയില്‍ നിന്നും അത്യാധുനിക സൗകര്യങ്ങളുള ആംബുലന്‍സും രോഗിയുമായി പോകുന്ന ആംബുലന്‍സിനെ പിന്തുടര്‍ന്നിരുന്നു. ഇതുകൂടാതെ പൊലീസിന്റെ അകമ്പടിയും ആംബുലന്‍സിനുണ്ടായിരുന്നു.
ഇന്ന് ആംബുലന്‍സിന്റെ പ്രയാണം ജനങ്ങളില്‍ എത്തിക്കുന്നതിനായി യാത്ര ഫേസ്ബുക്കില്‍ ലൈവ് ചെയ്യുന്നുണ്ട്. കേരളാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീമാണ് ഇതിന്റെ ലൈവ് ടെലികാസ്റ്റിങ് നടത്തുന്നത്. ഏകദേശം 620 കിലോമീറ്ററാണ് മംഗലാപുരത്തു നിന്ന് തിരുവനന്തപുരത്തേക്കുള്ള ദൂരം. റോഡ് യാത്രയ്ക്ക് ഏകദേശം 15 മണിക്കൂറിന് മുകളില്‍ സമയം ആവശ്യമുണ്ടെങ്കിലും 10 മുതല്‍ 12 മണിക്കൂറിനുള്ളില്‍ എത്തിക്കാന്‍ സാധിക്കുമെന്നാണ് കരുതപ്പെടുന്നത്.