| Tuesday, 11th July 2023, 9:34 pm

പണം കിട്ടാതെ ആംബുലന്‍സ് എടുക്കില്ലെന്ന് ഡ്രൈവറുടെ പിടിവാശി; പറവൂരില്‍ രോഗി മരിച്ചതായി പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: പറവൂരില്‍ രോഗിയെ കയറ്റിയ ആംബുലന്‍സ് പണം കിട്ടാതെ എടുക്കില്ലെന്ന ഡ്രൈവറുടെ പിടിവാശിക്ക് പിന്നാലെ രോഗി മരിച്ചതായി പരാതി. പനി ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന പറവൂര്‍ സ്വദേശിനി അസ്മയാണ് ആംബുലന്‍സ് ഡ്രൈവറുടെ കെടുകാര്യസ്ഥതയെ തുടര്‍ന്ന് മരിച്ചത്.

പറവൂര്‍ താലൂക്ക് ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള ആംബുലന്‍സ് ഡ്രൈവര്‍ ആന്റണിയാണ് രോഗിയെ വാഹനത്തില്‍ കയറ്റിയ ശേഷം പണം മുന്‍കൂറായി ആവശ്യപ്പെട്ടത്. ആശുപത്രി അധികൃതര്‍ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ റഫര്‍ ചെയ്ത രോഗിയോടായിരുന്നു ഈ ക്രൂരതയെന്ന് മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തു.

900 രൂപ ലഭിക്കാതെ വാഹനമെടുക്കില്ലെന്ന് ഇയാള്‍ അസ്മയുടെ കുടുംബത്തോട് ആവശ്യപ്പെടുകയായിരുന്നു. ഡ്രൈവര്‍ പണം ചോദിച്ച സമയത്ത് ബന്ധുക്കളുടെ കയ്യില്‍ ഇല്ലാതിരുന്നതിനാല്‍ എറണാകുളത്ത് എത്തിയാല്‍ പണം നല്‍കാമെന്ന് അവര്‍ അറിയിച്ചു.

എന്നാല്‍ പണം മുന്‍കൂറായി ലഭിക്കാതെ വാഹനമെടുക്കില്ലെന്ന് ഡ്രൈവര്‍ വാശിപിടിച്ചു. പണമില്ലെങ്കില്‍ വേറെ ആംബുലന്‍സില്‍ കൊണ്ടുപോകണമെന്നാണ് ആന്റണി പ്രതികരിച്ചത്.

എന്നാല്‍ ഇതിന് ശേഷം ബന്ധുക്കള്‍ ആരെയൊക്കെയോ ബന്ധപ്പെട്ട് പണം എത്തിച്ചപ്പോഴേക്കും രോഗി മരിച്ചിരുന്നു. പനി ബാധിച്ച് ഗുരുതരാവസ്ഥയിലാണ് അസ്മയെ താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നത്.

സംഭവത്തില്‍ അന്വേഷണവിധേയമായി ആംബുലന്‍സ് ഡ്രൈവര്‍ ആന്റണിയെ ആശുപത്രി അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. മരിച്ച അസ്മയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.

Content Highlights: ambulance driver asked money and denied transport to critical patient, patient died later

We use cookies to give you the best possible experience. Learn more