|

സിക്‌സറടിച്ചതിന്റെ ദേഷ്യം, ഇന്ത്യന്‍ ഓള്‍റൗണ്ടറെ തലക്ക് എറിഞ്ഞുവീഴ്ത്തി; പിന്നാലെ ആംബുലന്‍സ്; നാടകീയ രംഗങ്ങള്‍

സ്പോര്‍ട്സ് ഡെസ്‌ക്

നാടകീയമായ ഒരു സംഭവത്തിനാണ് 2022 ദുലീപ് ട്രോഫി മത്സരവേദി ഇപ്പോള്‍ സാക്ഷ്യം വഹിച്ചിരിക്കുന്നത്. വെസ്റ്റ് സോണും സെന്‍ട്രല്‍ സോണും തമ്മില്‍ നടന്ന മത്സരത്തിലായിരുന്നു ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച ഈ സംഭവം നടന്നത്.

സെന്‍ട്രല്‍ സോണിന്റെ ഓള്‍ റൗണ്ടറും ഇന്ത്യന്‍ താരവുമായ വെങ്കിടേഷ് അയ്യരെ എതിര്‍ ടീമിലെ ബൗളറായ ചിന്തന്‍ ഗജ എറിഞ്ഞുവീഴ്ത്തിയതോടെ അദ്ദേഹം ക്രീസ് വിടുകയായിരുന്നു.

മത്സരത്തില്‍ അയ്യര്‍ ചിന്തന്‍ ഗജയെ സിക്‌സറിന് പറത്തിയിരുന്നു. തൊട്ടടുത്ത പന്തില്‍ അയ്യര്‍ ഒരു ഷോട്ടിന് ശ്രമിക്കുകയും അത് ബൗളറുടെ കൈയിലേക്കെത്തുകയുമായിരുന്നു.

പന്ത് കൈയില്‍ കിട്ടിയ ചിന്തന്‍ ഗജ അത് ദേഷ്യത്തോടെ അയ്യരിന് നേരെ എറിയുകയായിരുന്നുവെന്ന് വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തലയില്‍ ഏറുകൊണ്ട് അയ്യര്‍ ഗ്രൗണ്ടില്‍ വീണുപോവുകയായിരുന്നു.

ഇതിന് പിന്നാലെ ഗ്രൗണ്ടിലേക്ക് ആംബുലന്‍സ് എത്തുകയും പരിക്കേറ്റ അയ്യരിനെ കൊണ്ടു പോവുകയും ചെയ്തതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ കുറച്ച് സമയത്തിന് ശേഷം അയ്യര്‍ മടങ്ങിയെത്തിയിരുന്നു. എന്നാല്‍ കാര്യമായൊന്നും സംഭാവന ചെയ്യാന്‍ സാധിക്കാതെ അയ്യര്‍ മടങ്ങുകയായിരുന്നു. ഒരു സിക്‌സറടക്കം ഒമ്പത് പന്തില്‍ നിന്നും 14 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് നേടാന്‍ സാധിച്ചത്.

37ാം ഓവറില്‍ തനുഷ് കോട്ടിയാനാണ് താരത്തെ പുറത്താക്കിയത്. തിരികെ ബാറ്റിങ്ങിനിറങ്ങിയെങ്കിലും അദ്ദേഹത്തിന് ഫീല്‍ഡ് ചെയ്യാന്‍ സാധിച്ചിരുന്നില്ല. അശോക് മെനാരിയ ആണ് അദ്ദേഹത്തിന് പകരക്കാരനായി ഫീല്‍ഡിങ്ങിനിറങ്ങിയത്.

നേരത്തെ ടോസ് നേടിയ സെന്‍ട്രല്‍ സോണ്‍ വെസ്റ്റ് സോണിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. വെസ്റ്റ് സോണ്‍ 257 റണ്‍സിന് പുറത്താവുകയായിരുന്നു.

പൃഥ്വി ഷാ (60), രാഹുല്‍ ത്രിപാഠി (67) ഷാംസ് മുലാനി (41) തനുഷ് കോട്ടിയാന്‍ (36) എന്നിവരായിരുന്നു വെസ്റ്റ് സോണിനായി മികച്ച പ്രകടനം പുറത്തെടുത്തത്.

സെന്‍ട്രല്‍ സോണിനായി കുമാര്‍ കാര്‍ത്തികേയ 66 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സെന്‍ട്രല്‍ സോണ്‍ 128 റണ്‍സിന് പുറത്താവുകയായിരുന്നു. 34 റണ്‍സ് നേടിയ ക്യാപ്റ്റന്‍ കരണ്‍ ശര്‍മയാണ് ടീമിന്റെ ടോപ് സ്‌കോറര്‍.

വെസ്റ്റ് സോണിനായി 24 റണ്‍സ് വഴങ്ങി ജയ്‌ദേവ് ഉനദ്കട് മൂന്നും 17 റണ്‍സ് വഴങ്ങി തനുഷ് കോട്ടിയാന്‍ മൂന്നും വിക്കറ്റ് സ്വന്തമാക്കി. അതിത് ഷേത് (2/27), ചിന്തന്‍ ഗജ (1/25) ഷാംസ് മുലാനി (1/30) എന്നിവരാണ് മറ്റ് വിക്കറ്റ് വേട്ടക്കാര്‍

Content Highlight:  Ambulance Arrives in Middle of Duleep Trophy Match, Central Zone’s Venkatesh Iyer Gets Hit on Head