തിരുവനന്തപുരം: അമ്പൂരി രാഖി വധക്കേസില്‍ പിടിയിലായ മുഖ്യപ്രതി അഖില്‍ എസ് നായര്‍ കുറ്റം സമ്മതിച്ചു. പ്രണയത്തില്‍ നിന്ന് പിന്മാറാത്തതിനാല്‍ കാറില്‍ വെച്ച് കഴുത്ത് ഞെരിച്ചു കൊല്ലുകയായിരുന്നുവെന്ന് അഖില്‍ പൊലീസിനോട് പറഞ്ഞു.
തിരുവനന്തപുരം വിമാനത്താവളത്തില്‍വച്ച് ശനിയാഴ്ച രാത്രിയാണ് അന്വേഷണ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ വിശദമായ ചോദ്യം ചെയ്യലിനു വിധേയനാക്കും. ദല്‍ഹിയില്‍നിന്നാണ് അഖില്‍ തിരുവനന്തപുരത്ത് എത്തിയത്.
കീഴടങ്ങാന്‍ എത്തുന്നതായി അഖിലിന്റെ പിതാവ് തന്നെയാണ് പൊലീസില്‍ അറിയിച്ചത്. തുടര്‍ന്ന് പൊലീസ് വിമാനത്താവളത്തിലെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അഖിലിന്റെ നിര്‍മാണത്തിലിരിക്കുന്ന വീടിന്റെ പറമ്പില്‍ നിന്നാണ് രാഖിയുടെ മൃതദേഹം കണ്ടെത്തിയത്. പ്രണയത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിനാണ് രാഖിയേയും കൂട്ടി അഖില്‍ വീട്ടില്‍ എത്തിയത്. എന്നാല്‍ ഇതിന് വഴങ്ങാതെയിരുന്നതോടെ കൊലപ്പെടുത്തുകയായിരുന്നു.
ഒരു മാസം മുന്‍പാണ് രാഖിയെ കാണാതാകുന്നത്. ഫോണിലൂടെ പരിചയപ്പെട്ട ഇരുവരും ആറു വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. അവരുടെ വിവാഹം കഴിഞ്ഞെന്നും മാസങ്ങളോളും ഒരുമിച്ചു താമസിച്ചിരുന്നു എന്നുമാണ് മൂന്നാം പ്രതിയായ ആദര്‍ശ് പറയുന്നത്.
അതിനിടെ അഖിലിന്റെ വീട്ടുകാര്‍ അന്തിയൂര്‍ക്കോണത്തുനിന്ന് മറ്റൊരു വിവാഹം നിശ്ചയിച്ചു. ഈ വിവാഹം തടസ്സപ്പെടുത്താന്‍ രാഖി പല രീതിയിലും ശ്രമിച്ചു. അഖിലിനെ ഭീഷണിപ്പെടുത്തി. ഇതേത്തുടര്‍ന്നാണ് മൂന്ന് പേരും ചേര്‍ന്ന് രാഖിയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയത്.
കൊല നടത്താന്‍ മുന്‍പ് പലവട്ടം ഇവര്‍ ഗൂഢാലോചന നടത്തിയിരുന്നുവെന്നും പൊലീസ് പറഞ്ഞു.