| Monday, 24th February 2014, 8:22 pm

അമ്പിട്ടന്‍ തരിശ് ക്വാറി ഖനനം: പ്രക്ഷോഭം രണ്ടാം ഘട്ടത്തിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

[share]

[]പാലക്കാട്: അമ്പിട്ടന്‍ തരിശില്‍ പ്രദേശവാസികള്‍ക്കും ഭൂമിക്കും ഭീഷണിയായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കെതിരെ പ്രദേശവാസികളുടെ പ്രക്ഷോഭം രണ്ടാം ഘട്ടത്തിലേക്ക്. സമര പ്രഖ്യാപന കണ്‍വെന്‍ഷന്‍ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ മീന കന്തസാമി ഉല്‍ഘാടനം ചെയ്തു.

മൂലധന ശക്തികളും അവയെ സേവിക്കുന്ന ഭരണകൂടവും പൊലീസുമെല്ലാം ഒരു ഭാഗത്തും ഇവരെല്ലാം ചേര്‍ന്ന് നടപ്പാക്കുന്ന വികസന പദ്ധതികളുടെ ഇരകളാകുന്ന ജനങ്ങള്‍ മറുഭാഗത്തുമായി സമൂഹത്തില്‍ ഒരു ധ്രുവീകരണം ശക്തമാണെന്ന് മീന കന്തസാമി പറഞ്ഞു.

അവകാശ സംരക്ഷണത്തിന് ജനങ്ങള്‍ക്ക് മുന്നില്‍ ശക്തമായ സമരമല്ലാതെ മറ്റുമാര്‍ഗ്ഗങ്ങളില്ലെന്നും അവര്‍ അഭിപ്രായപ്പെട്ടു.

ക്വാറിക്കെതിരായ സമരം പശ്ചിമഘട്ട സംരക്ഷണം പോലെ തന്നെ ജനങ്ങളുടെ നിലനില്‍പ്പിന്റെ പ്രശ്‌നമാണെന്നും തലതിരിഞ്ഞ വികസന സങ്കല്‍പ്പങ്ങളെ ചോദ്യം ചെയ്യുമെന്നും മീന പറഞ്ഞു.

ഗാഡ്ഗില്‍ കമ്മിറ്റിയംഗം വി.എസ് വിജയന്‍, അഡ്വ പി.എ പൗരന്‍, പ്രേം കുമാര്‍, സി.എ അജിതന്‍, തുഷാര്‍ നിര്‍മ്മല്‍
സാരഥി, മുരളി, നാരായണന്‍, പത്മാവതി എന്നിവര്‍ സംസാരിച്ചു.

റിലേ നിരാഹാരം,ധര്‍ണ്ണ, ഉള്‍പ്പെടെയുള്ള സമരപരിപാടികളുമായി മുന്നോട്ടു പോകാന്‍ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.

കണ്‍വന്‍ഷന് മൈക്ക് ഉപയോഗിക്കാന്‍ പോലീസ് അനുമതി നിഷേധിച്ചിരുന്നു. ക്വാറി ഖനനം പ്രവര്‍ത്തിക്കുന്നത് ഭരണാധികാരികളുടേയും ക്വാറി മുതലാളിയുടേയും ഒത്താശയോടെയാണ് നാട്ടുകാര്‍ ആരോപിച്ചു.

കിഴക്കഞ്ചേരി പഞ്ചായത്തില്‍ മൊത്തം 40 ക്വാറികളുണ്ട്. ഇതില്‍ അമ്പിട്ടന്‍തരിശില്‍ മാത്രമായി നാല് ക്വാറികളാണുള്ളത്. 27 സ്‌ഫോടനങ്ങള്‍ വരെ ഒരേസമയം പാറമടയില്‍ നടത്തുന്നതായി ജനങ്ങള്‍ പറഞ്ഞു. പ്രദേശത്തെ 20 ഓളം വീടുകളുടെ ചുമരുകള്‍ക്ക് വിള്ളലുണ്ടാകുന്നതിന് ഇത് കാരണമായിട്ടുണ്ട്.

72 വീടുകള്‍ ഉള്ള കോളനിയില്‍ ഇപ്പോള്‍ 42 വീടുകളില്‍ മാത്രമാണ് താമസക്കാരുള്ളത്. അതില്‍ 21 കുടുംബങ്ങള്‍ പട്ടിക വര്‍ഗ്ഗക്കാരാണ്. കോളനിയുടെ തൊട്ടടുത്തുള്ള പാറമടയുടെ പ്രവര്‍ത്തനഫലമായി ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും കഷ്ടതകളും മൂലമാണ് താമസക്കാര്‍ ഒഴിഞ്ഞുപോയിട്ടുള്ളത്.

പാറപ്പൊടി റബ്ബര്‍ വൃക്ഷങ്ങളിലും മറ്റും പറ്റി പിടിച്ചിരിക്കുന്നത് ഈ പ്രദേശത്തെ റബ്ബര്‍ കൃഷിയെ ദോഷകരമായി ബാധിക്കുന്നുണ്ട്. പാറപ്പൊടി കലര്‍ന്ന അന്തരീക്ഷത്തില്‍ ജീവിക്കുന്നത് കൊണ്ട്  ആസ്ത്മ, ചൊറിഞ്ഞു പൊട്ടുക, ശ്വാസംമുട്ടല്‍,  ശരീരമാസകലം വൃണങ്ങള്‍ തുടങ്ങിയ ദേഹാസ്വാസ്ഥ്യങ്ങളും അസുഖങ്ങളും വ്യാപകമാകുന്നുണ്ട്.

ക്രഷര്‍ യുണിറ്റില്‍  നിന്നും തുറന്ന  ടിപ്പര്‍ ലോറികളില്‍  വേണ്ടരീതിയില്‍ മറയ്ക്കാതെയാണ് പാറപ്പൊടി കൊണ്ടുപോകുന്നത് എന്നതും ഭീകരമാണ്.

അമ്പിട്ടന്‍ തരിശ് ഖനനത്തെ കുറിച്ച് കുടുതല്‍ റിപ്പോര്‍ട്ട് ഇവിടെ വായിക്കുക

അമ്പിട്ടന്‍തരിശ് ക്വാറി ഖനനം: നീതി കിട്ടാത്ത ഒരിടം ഇവിടെയുമുണ്ട്…!

We use cookies to give you the best possible experience. Learn more