| Saturday, 10th March 2012, 3:32 pm

ജീവിതത്തെ കുറിച്ച് അധികം സ്വപ്‌നം കാണണ്ട,ആയുസ് കുറയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജീവിതത്തെ കുറിച്ച് ഒരുപാട് സ്വപ്‌നങ്ങള്‍ മനസ്സില്‍ കൂട്ടിവെയ്ക്കുന്നവരാണ് പലരും. എന്നാല്‍ ഇത്തരത്തില്‍ സ്വപ്‌നങ്ങളെ കൊണ്ടുനടക്കുന്നത്് നമ്മുടെ ആരോഗ്യത്തിന് നല്ലതല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. നോട്ടര്‍ ഡേസ് സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത്തരമൊരു നിഗമനത്തിലെത്തിയത്.

ജീവിതത്തെ കുറിച്ച് സ്വപ്‌നം കാണാത്തവര്‍ ഉണ്ടാകില്ല. വിദ്യാഭ്യാസം, ജോലി, പണം, കുടുംബം അങ്ങിനെ ഓരോരുത്തര്‍ക്കും പലതരം സ്വപ്‌നങ്ങള്‍ ഉണ്ടാകും. എന്നാല്‍ ഇതൊക്കെ നേടിക്കഴിഞ്ഞാലും നേടാനുള്ളതിനെ കുറിച്ചായിരിക്കും മനസ്സിന്റെ ആശങ്ക. അത് മനസ്സിനെ അസ്വസ്ഥമാക്കും.

നേടാനുള്ളതിനെ കുറിച്ച് ആലോചിച്ച് നേട്ടങ്ങളെ മറക്കും. മനുഷ്യര്‍ അങ്ങനെയാണ്. എന്നും മറ്റുള്ളവന്റെ ഉയര്‍ച്ചയെ നോക്കി സ്വന്തം ജീവിതവും അങ്ങനെ ആവണമെന്ന്         കരുതും. പിന്നീട് നേട്ടങ്ങള്‍ കൊയ്യാനുള്ള തിരക്കിലായിരിക്കും അവര്‍. സ്വന്തം പരിമിതികളെ ഉള്‍ക്കൊള്ളാതെ അതിനുയരത്തിലേക്ക് ചിന്തിക്കുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം.

തന്റെ പരിമിതികള്‍ എത്രയെന്ന് മനസ്സിലാക്കാത്തവരാണ് പൊതുവെയുള്ള ആളുകള്‍ എന്നാണ് പഠനത്തില്‍ പറയുന്നത്. ഡിഗ്രികള്‍ നേടിയാലും മികച്ച ജോലി സമ്പാദിച്ചാലും ഇനിയും ഇനിയും ഉയരണം എന്നുകരുതി പ്രയത്‌നിക്കും. തന്നെ കൊണ്ട് കഴിയില്ലെന്നു കരുതിയാലും അതില്‍ നിന്നും പിന്‍മാറാന്‍ മനസ്സ് സമ്മതിക്കില്ല.

ഇത് മാനസികമായും ശാരീരികമായും അവരെ തളര്‍ത്തും. ചെറുപ്രായത്തിലേ കൂടുതല്‍ കാര്യങ്ങളെ കുറിച്ച് ചിന്തിച്ച് മനസ്സിനെ അസ്വസ്ഥമാക്കരുതെന്നും ഗവേഷകര്‍ പറയുന്നു. ഇതിന് പ്രധാനകാരണമാകുന്നത് രക്ഷിതാക്കളാണ്. ആവശ്യത്തിലും അനാവശ്യത്തിനും കുട്ടികളെ വലിച്ചിഴച്ച് അവരെ സമ്മര്‍ദ്ദത്തിലാക്കുന്നതിലുള്ള പങ്ക് അവര്‍ക്കാണ്. മറ്റുള്ളവരേക്കാളും ഉയരത്തില്‍ തങ്ങളുടെ കുട്ടികള്‍ എത്തണം എന്നു കരുതി രക്ഷിതാക്കള്‍ ചെയ്യുന്ന പലകാര്യങ്ങളും അവര്‍ ഉദ്ദേശിക്കുന്ന രീതിയിലുള്ളതായിരിക്കണമെന്നില്ലെന്നും അവര്‍ വ്യക്തമാക്കുന്നു.

Malayalam news

Kerala news in English

Latest Stories

We use cookies to give you the best possible experience. Learn more