ഒരുകാലത്ത് നിരവധി മലയാള സിനിമകളില്‍ ബാലതാരമായി അഭിനയിച്ചിട്ടുള്ള നടിയാണ് അമ്പിളി. ഒരുപാട് സിനിമകളില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയുമൊക്കെ മകളായി അഭിനയിച്ച് മലയാളികള്‍ക്ക് പരിചിതയായ നടി കൂടെയാണ് അമ്പിളി.
ഒരു വടക്കന്‍ വീരഗാഥ, മീനത്തില്‍ താലിക്കെട്ട്, പുറപ്പാട്, കാക്കയ്ക്കും പൂച്ചക്കും കല്യാണം, വാത്സല്യം, ദളപതി തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ നടി അഭിനയിച്ചിരുന്നു. ലിസിയും ദേവനും പാര്‍വതിയും ഒന്നിച്ച് 1988ല്‍ പുറത്തിറങ്ങിയ മൃത്യുഞ്ജയം എന്ന സിനിമയിലും അമ്പിളി അഭിനയിച്ചിട്ടുണ്ട്.
മൃത്യുഞ്ജയം സിനിമയില്‍ ദേവന്റെ കഥാപാത്രം മരിച്ച് കിടക്കുന്ന സീന്‍ ഷൂട്ട് ചെയ്യുമ്പോള്‍ മറ്റാരും പറയാതെ തന്നെ ബാലതാരമായ അമ്പിളി അദ്ദേഹത്തിന്റെ നെറ്റിയില്‍ ചുംബിച്ചിരുന്നു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ഇതിനെ കുറിച്ച് പറയുകയാണ് അമ്പിളി.
‘എല്ലാവരും ചെയ്യുന്നത് കണ്ടിട്ടാണ് ഞാനും ആ സീന്‍ ചെയ്യുന്നത്. ആദ്യം ഒരു ടേക്ക് എടുത്തു. പക്ഷെ അത് ശരിയായില്ല. ലിസി മാഡമായിരുന്നു ആ സീനില്‍ ഉണ്ടായിരുന്നത്. ലിസി മാഡം ദേവന്‍ അങ്കിളിന്റെ നെറ്റിയില്‍ ചുംബിക്കുന്നത് ഞാന്‍ കണ്ടിരുന്നു.
ക്രിസ്ത്യന്‍ ഫ്യൂണറല്‍ ആയിരുന്നു അത്. രണ്ടാമത്തെ ടേക്കായപ്പോള്‍ ഞാനും ചെയ്യണമെന്ന് എനിക്ക് തോന്നി. അങ്ങനെ സ്വയം തോന്നിയിട്ട് ഞാനും ദേവന്‍ അങ്കിളിന്റെ നെറ്റിയില്‍ ചുംബിച്ചു.
അത് കണ്ടതും എല്ലാവരും വലിയ കയ്യടിയായിരുന്നു. കുട്ടി എങ്ങനെ അത് ചെയ്‌തെന്നൊക്കെ അവര്‍ ചോദിച്ചു. എനിക്ക് പക്ഷെ ഒന്നും അറിയില്ലായിരുന്നു. ഞാന്‍ ആ ലോജിക്കിന്റെ പുറത്തായിരുന്നു ചെയ്തത്,’ അമ്പിളി പറഞ്ഞു.
മൃത്യുഞ്ജയം:
പോള്‍ ബാബു സംവിധാനം ചെയ്ത് 1988ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മൃത്യുഞ്ജയം. ദേവനും ലിസിക്കും പുറമെ നെടുമുടി വേണു, എം.ജി. സോമന്‍, പാര്‍വതി, കെ.പി.എ.സി. ലളിത, ലാലു അലക്‌സ്, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, അശോകന്‍, കുതിരവട്ടം പപ്പു, മണിയന്‍പിള്ള രാജു, കൊച്ചിന്‍ ഹനീഫ തുടങ്ങിയ മികച്ച താരനിര ഒന്നിച്ച ചിത്രമായിരുന്നു ഇത്.
Content Highlight: Ambili Talks About Mrithunjayam Movie And Lissy