Entertainment
അന്ന് ഫോട്ടോയെടുത്ത് മമ്മൂക്ക ആര്‍ക്കൊക്കെയോ അയച്ചു; പിന്നാലെ ആ രജിനികാന്ത് ചിത്രത്തില്‍ ചാന്‍സ് ലഭിച്ചു: അമ്പിളി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Jan 29, 10:43 am
Wednesday, 29th January 2025, 4:13 pm

ഒരുപാട് മലയാള സിനിമകളില്‍ ബാലതാരമായി അഭിനയിച്ച് മലയാളികള്‍ക്ക് പരിചിതയായ നടിയാണ് അമ്പിളി. നിരവധി സിനിമകളില്‍ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയുമൊക്കെ മകളായി നടി അഭിനയിച്ചിട്ടുണ്ട്.

ഒരു വടക്കന്‍ വീരഗാഥ, മീനത്തില്‍ താലിക്കെട്ട്, പുറപ്പാട്, കാക്കയ്ക്കും പൂച്ചക്കും കല്യാണം, വാത്സല്യം, ദളപതി തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ അമ്പിളി അഭിനയിച്ചിരുന്നു.

മമ്മൂട്ടി നായകനായി എത്തിയ പുറപ്പാട് എന്ന സിനിമയിലെ അനുഭവം പങ്കുവെക്കുകയാണ് നടി. ആ സിനിമയില്‍ താന്‍ അഭിനയിക്കുന്നത് കണ്ട് മമ്മൂട്ടി ഇംപ്രസായെന്നും അതുവഴിയാണ് രജിനികാന്തിന്റെ ദളപതി എന്ന സിനിമയില്‍ എത്തുന്നതെന്നും അമ്പിളി പറയുന്നു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘മമ്മൂക്കയുടെ പുറപ്പാട് എന്ന സിനിമയില്‍ ഞാന്‍ അഭിനയിച്ചിരുന്നു. ഡാം പൊട്ടിയിട്ട് ബ്രിഡ്ജ് താഴേക്ക് വീഴുന്ന സീനൊക്കെ അതില്‍ ഉണ്ടായിരുന്നു. അതിന് വേണ്ടി സെറ്റിടുകയായിരുന്നു. അതില്‍ എന്റെ കഥാപാത്രത്തിന് നീന്താന്‍ ഉണ്ടായിരുന്നു. എനിക്ക് നീന്തല്‍ അറിയാമായിരുന്നു.

എന്നാല്‍ ഞാന്‍ അന്ന് വളരെ ചെറിയ കുട്ടിയായിരുന്നു. ആറോ ഏഴോ വയസ് മാത്രമേ ഉണ്ടാവുകയുള്ളൂ. അന്ന് ഞാന്‍ ഷൂട്ടിങ് സമയത്ത് നീന്തി. നീന്തുമ്പോള്‍ താറാവും മറ്റ് ജീവികളും കാളവണ്ടിയുമൊക്കെ വീഴുന്ന സീന്‍ ഉണ്ടായിരുന്നു.

അന്ന് ഞാന്‍ നീന്തുന്നത് കണ്ടപ്പോള്‍ മമ്മൂക്ക വളരെ ഇംപ്രസ്ഡായി. അന്നൊക്കെ അദ്ദേഹം ഗിഫ്റ്റ് വാങ്ങി വെക്കുമായിരുന്നു. പേസ്റ്റും ബ്രഷുമൊക്കെയാണ് ഉണ്ടാകുക. അത് ഗിഫ്റ്റായിട്ട് നമുക്ക് തരുമായിരുന്നു. പിന്നെ നന്നായിട്ട് അഭിനയിച്ചാല്‍ കയ്യടിക്കുമായിരുന്നു. അന്നൊക്കെ അങ്ങനെയുള്ള ചെറിയ ചെറിയ സന്തോഷങ്ങള്‍ മതിയായിരുന്നു.

അന്ന് എന്റെ അഭിനയം കണ്ട് മമ്മൂക്ക ഒരുപാട് ഇംപ്രസ്ഡാവുകയും ലൊക്കേഷനില്‍ നിന്നുള്ള എന്റെ ഫോട്ടോ എടുക്കുകയും ചെയ്തു. ആ ഫോട്ടോ അദ്ദേഹം നോക്കിയിട്ട് ആര്‍ക്കൊക്കെയോ അയച്ചിരുന്നു. അങ്ങനെയാണ് ഞാന്‍ തമിഴ് സിനിമയായ ദളപതിയിലേക്ക് വരുന്നത്,’ അമ്പിളി പറയുന്നു.

Content Highlight: Ambili Talks About Mammootty