ലോഹിതദാസിന്റെ രചനയില്‍ കൊച്ചിന്‍ ഹനീഫ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി എത്തിയ ചിത്രമായിരുന്നു വാത്സല്യം. മമ്മൂട്ടിക്ക് പുറമെ സിദ്ദീഖ്, ഗീത, ഇളവരശി, സുനിത തുടങ്ങിയവരും ഈ സിനിമയില്‍ ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു.
1993ല്‍ പുറത്തിറങ്ങിയ ഈ സിനിമയില്‍ മമ്മൂട്ടിയുടെ മകളായെത്തിയത് ബാലതാരമായ അമ്പിളി ആയിരുന്നു. വാത്സല്യത്തിന് പുറമെ കാക്കത്തൊള്ളായിരം, മിന്നാരം, മിഥുനം, മീനത്തില്‍ താലിക്കെട്ട്, ഒരു വടക്കന്‍ വീരഗാഥ, പുറപ്പാട്, കാക്കയ്ക്കും പൂച്ചക്കും കല്യാണം, ദളപതി, മൃത്യുഞ്ജയം തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളിലും നടി അഭിനയിച്ചിരുന്നു.
പലരും തന്നോട് മമ്മൂട്ടിയെ പറ്റിയും മോഹന്‍ലാലിനെ പറ്റിയും ചോദിക്കുമായിരുന്നെന്ന് പറയുകയാണ് അമ്പിളി. പലരും തന്നെ തൊട്ടുനോക്കാറുണ്ടെന്നും മമ്മൂട്ടി ഫാനായ ആളുകള്‍ക്ക് മമ്മൂട്ടി തൊട്ട ഒരാളെ തൊട്ടാല്‍ മതിയെന്നാകും ചിന്തയെന്നും നടി പറയുന്നു. മൂവി വേള്‍ഡ് മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അമ്പിളി.
‘സ്‌കൂളില്‍ പഠിക്കുമ്പോള്‍ കുട്ടികളൊക്കെ മമ്മൂക്കയെ പറ്റിയും ലാലേട്ടനെ പറ്റിയും ചോദിക്കുമായിരുന്നു. അവരെ കാണാന്‍ സിനിമയില്‍ കാണുന്നത് പോലെ തന്നെ ഭംഗിയുണ്ടോ എന്നൊക്കെ ചോദിക്കുന്നവര്‍ ഉണ്ടായിരുന്നു. മമ്മൂക്കയെ കാണാന്‍ ഭംഗിയാണോ, ലാലേട്ടന്‍ വളരെ ക്ലോസാണോ എന്നൊക്കെയാണ് ചോദിക്കുക.
പലരും എന്നെ തൊട്ടുനോക്കാറുണ്ട്. അതായത് ഒരാള്‍ മമ്മൂക്ക ഫാനാണെങ്കില്‍ അവര്‍ക്ക് മമ്മൂക്ക തൊട്ട ഒരാളെ തൊട്ടാല്‍ മതിയെന്നാകും ചിന്ത. അങ്ങനെയുള്ള ഒരു കാലഘട്ടം ഉണ്ടായിരുന്നു. മമ്മൂക്കയുടെ മകളായി അഭിനയിക്കുമ്പോള്‍ അവിടെ അവര്‍ എന്നെയല്ല കാണുന്നത്. പകരം മമ്മൂക്കയുടെ മകളെയാണ്. അങ്ങനെയാണ് അവര്‍ കരുതുക.
എനിക്ക് ഇപ്പോഴും ഓര്‍മയുള്ള ഒരു കാര്യമുണ്ട്. പണ്ട് ഉദ്ഘാടനത്തിനൊക്കെ പോകുമ്പോള്‍ ആളുകള്‍ എന്നെ കാണാന്‍ വേണ്ടി പോസ്റ്റിന്റെ മേലെയും മതിലിലും അടുത്ത ബില്‍ഡിങ്ങുകളിലുമൊക്കെ കയറി നില്‍ക്കുമായിരുന്നു.
ഞാന്‍ ഇപ്പോള്‍ ചിന്തിക്കുമ്പോള്‍, അന്ന് അവര്‍ വന്നത് എന്നെ കാണാന്‍ വേണ്ടിയല്ല എന്നാണ് മനസിലാക്കുന്നത്. അവര്‍ ആലോചിക്കുമ്പോള്‍ ഞാന്‍ വാത്സല്യത്തിലെ മമ്മൂട്ടിയുടെ മകളാണ്. ചിലര്‍ കവിളില്‍ നുള്ളുകയും പിടിച്ചു വലിക്കുകയും ചെയ്യും.
എവിടെയെങ്കിലും പരിപാടിക്ക് പോകുമ്പോള്‍ കുറേ ആളുകള്‍ ചേര്‍ന്ന് നിന്ന് കൈ കോര്‍ത്ത് വെച്ചിട്ടായിരുന്നു എന്നെ കൊണ്ടുപോയിരുന്നത്. കാരണം ചിലര്‍ എന്റെ മുടിയൊക്കെ പിടിച്ച് വലിക്കുമായിരുന്നു. ആളുകള്‍ക്ക് അന്ന് അത്രയും വലിയ കാര്യമായിരുന്നു. അപ്പോള്‍ ഞാന്‍ ആലോചിക്കാറുള്ളത്, എന്നെ കാണുമ്പോള്‍ ഇങ്ങനെയാണെങ്കില്‍ മമ്മൂക്കയെയും ലാലേട്ടനെയുമൊക്കെ കാണുമ്പോള്‍ അവര്‍ എങ്ങനെയാകും എന്നാണ്,’ അമ്പിളി പറഞ്ഞു.
Content Highlight: Ambili Talks About His Experience As Mammootty’s Daughter