കോഴിക്കോട്: കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ബാധിതനായ കുഞ്ഞിന്റെ മരണവിവരം പങ്കുവെച്ച് എഴുത്തുകാരന്‍ അംബികാസുതന്‍ മാങ്ങാട്. കാസര്‍കോട് ജില്ലയില്‍ ചികിത്സാ സഹായം ഒരുക്കാത്തതില്‍ കേരള സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടാണ് അംബികാസുതന്‍ ഫേസ്ബുക്കിലൂടെ കുറിപ്പ് പങ്കുവെച്ചത്.
ജില്ലയില്‍ 2013ല്‍ മെഡിക്കല്‍ കോളേജിന്റെ പണി ആരംഭിച്ചെങ്കിലും ഇതുവരെയും പൂര്‍ത്തിയായിട്ടില്ലെന്നും ജില്ലയില്‍ എയിംസ് അനുവദിക്കാന്‍ സര്‍ക്കാര്‍ ഇതുവരെയും തയ്യാറായിട്ടില്ലെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു.
യേനപ്പോയയില്‍ ചികിത്സ സഹായം കേരള സര്‍ക്കാര്‍ അവസാനിപ്പിച്ചപ്പോള്‍ കലക്ടറേറ്റില്‍ നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായാണ് രണ്ട് മാസം മുമ്പ് അത് വീണ്ടും പ്രവര്‍ത്തിച്ച് തുടങ്ങിയതെന്ന് അംബികാസുതന്‍ പറയുന്നു.
‘യേനപ്പോയയില്‍ ചികിത്സാ സഹായം കേരള സര്‍ക്കാര്‍ അവസാനിപ്പിച്ചപ്പോള്‍ ഈ കുഞ്ഞടക്കം കുഞ്ഞുങ്ങള്‍ക്ക് ചികിത്സ നിഷേധിക്കപ്പെട്ടപ്പോള്‍ അമ്പലത്തറ കുഞ്ഞികൃഷ്ണനും മുനീസയും മറ്റു ചെന്ന് കലക്ടേറ്റില്‍ ബഹളമുണ്ടാക്കിയ ശേഷമാണ് രണ്ട് മാസം മുമ്പ് വീണ്ടും അവിടെ ചികിത്സ കിട്ടിയത്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ട റമഡിയല്‍ സെല്‍ ഒന്നര വര്‍ഷമായി പ്രവര്‍ത്തിക്കുന്നില്ല. മുമ്പൊരിക്കലും ഇങ്ങനെ സംഭവിച്ചിച്ചിട്ടില്ല,’ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ജില്ലയില്‍ സന്ദര്‍ശനം നടത്തിയിരുന്നെങ്കിലും എയിംസിന്റെ കാര്യമോ ദുരിത ബാധിതരുടെ പ്രശ്‌നങ്ങളെക്കുറിച്ചോ സംസാരിച്ചില്ലെന്നും കുറിപ്പില്‍ പറയുന്നു.
‘2016ല്‍ ഇലക്ഷന് മുമ്പ് ഈ കുഞ്ഞുങ്ങളെ ചേര്‍ത്ത് പിടിച്ചും മധുര നാരങ്ങകള്‍ വിതരണം ചെയ്തും വലിയ പ്രതീക്ഷ നല്‍കി അധികാരത്തില്‍ വന്ന സര്‍ക്കാരാണ് ഇപ്പോഴുള്ളത്. എയിംസ് അനുവദിക്കാനും, 2013ല്‍ പണി തുടങ്ങിയ മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിച്ചു തുടങ്ങാനും നിരവധി വര്‍ഷങ്ങളായി സമരം നടക്കുന്നു. ഇന്നലെ മുഖ്യമന്ത്രി ജില്ലയില്‍ എത്തിയെങ്കിലും എയിംസിന്റെ കാര്യമോ ദുരിത ബാധിതര്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചോ ഒരക്ഷരം മിണ്ടിയിട്ടില്ല,’ അംബികാസുതന്‍ പറഞ്ഞു.
കുഞ്ഞിന്റേത് ഒരു സാധാരണ മരണമല്ല. കാല്‍ നൂറ്റാണ്ട് കാലം മാറി മാറി വന്ന ഭരണകൂടങ്ങളുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഒരു കുഞ്ഞാണിത്. നിരവധിയായ കുഞ്ഞുങ്ങളില്‍ ഒരു കുഞ്ഞ്. ഈ കുഞ്ഞിന് നമ്മുടെ കുഞ്ഞുങ്ങളെപ്പോലെ ജീവിക്കാന്‍ ഉള്ള അവകാശം നിഷേധിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പതിനൊന്ന് വയസ്സു മാത്രമുളള ഈ കുഞ്ഞ് – മുഹമ്മദ് ഇസ്മായില്‍ – ഇന്ന് കാലത്ത് കര്‍ണാടകത്തിലെ യേനപ്പോയ ആശുപത്രിയില്‍ വെച്ച് മരണപ്പെട്ട വിവരം സങ്കടത്തോടെ അറിയിക്കട്ടെ. അജാനൂരിലെ മൊയ്തുവിന്റേയും മിസ്രിയയുടെയും പിഞ്ചു മകന്‍.എന്‍ഡോ സള്‍ഫാന്‍ ദുരിത ബാധിതരുടെ ലിസ്റ്റില്‍ ഉള്ള കുട്ടിയാണ്. നിരവധി തവണ ആശുപത്രികളില്‍ കഴിയേണ്ടി വന്നു.
യേനപ്പോയയില്‍ ചികിത്സാ സഹായം കേരള സര്‍ക്കാര്‍ അവസാനിപ്പിച്ചപ്പോള്‍ ഈ കുഞ്ഞടക്കം കുഞ്ഞുങ്ങള്‍ക്ക് ചികിത്സ നിഷേധിക്കപ്പെട്ടപ്പോള്‍ അമ്പലത്തറ കുഞ്ഞികൃഷ്ണനും മുനീസയും മറ്റു ചെന്ന് കലക്ടറേറ്റില്‍ ബഹളമുണ്ടാക്കിയ ശേഷമാണ് രണ്ട് മാസം മുമ്പ് വീണ്ടും അവിടെ ചികിത്സ കിട്ടിയത്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ട റമഡിയല്‍ സെല്‍ ഒന്നര വര്‍ഷമായി പ്രവര്‍ത്തിക്കുന്നില്ല. മുമ്പൊരിക്കലും ഇങ്ങനെ സംഭവിച്ചിച്ചിട്ടില്ല.
2016 ല്‍ ഇലക്ഷന് മുമ്പ് ഈ കുഞ്ഞുങ്ങളെ ചേര്‍ത്ത് പിടിച്ചും മധുര നാരങ്ങകള്‍ വിതരണം ചെയ്തും വലിയ പ്രതീക്ഷ നല്‍കി അധികാരത്തില്‍ വന്ന സര്‍ക്കാരാണ് ഇപ്പോഴുള്ളത്. എയിംസ് അനുവദിക്കാനും, 2013 ല്‍ പണി തുടങ്ങിയ മെഡിക്കല്‍ കോളേജ് പ്രവര്‍ത്തിച്ചു തുടങ്ങാനും നിരവധി വര്‍ഷങ്ങളായി സമരം നടക്കുന്നു. ഇന്നലെ മുഖ്യമന്ത്രി ജില്ലയില്‍ എത്തിയെങ്കിലും എയിംസിന്റെ കാര്യമോ ദുരിത ബാധിതര്‍ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചോ ഒരക്ഷരം മിണ്ടിയിട്ടില്ല ….
പ്രിയപ്പെട്ട വരെ, ഇത് ഒരു സാധാരണ മരണമല്ല. കാല്‍ നൂറ്റാണ്ട് കാലം മാറി മാറി വന്ന ഭരണകൂടങ്ങളുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഒരു കുഞ്ഞാണിത്….. നിരവധിയായ കുഞ്ഞുങ്ങളില്‍ ഒരു കുഞ്ഞ്. ഈ കുഞ്ഞിന് നമ്മുടെ കുഞ്ഞുങ്ങളെപ്പോലെ ജീവിക്കാന്‍ ഉള്ള അവകാശം നിഷേധിക്കപ്പെട്ടു.
വളരെക്കുറച്ചു പേരേ ഈ പോസ്റ്റിലൂടെ കടന്നുപോകു എന്നെനിക്കറിയാം. രണ്ടോ മൂന്നോ പേര്‍ ഷെയര്‍ ചെയ്തു എന്നു വരാം. സാരമില്ല…പക്ഷെ വല്ലാതെ സങ്കടം വരുന്നുണ്ട് ഈ കുഞ്ഞിന്റെ മുഖം കാണുമ്പോള്‍…