എന്‍ഡോസള്‍ഫാന്‍ വിഷമാണെന്നതിന് 1500 ലധികം പഠനങ്ങള്‍ ഉണ്ട്; കാസര്‍കോട് കളക്ടര്‍ക്ക് അംബികാസുതന്‍ മാങ്ങാടിന്റെ മറുപടി
Endosulfan
എന്‍ഡോസള്‍ഫാന്‍ വിഷമാണെന്നതിന് 1500 ലധികം പഠനങ്ങള്‍ ഉണ്ട്; കാസര്‍കോട് കളക്ടര്‍ക്ക് അംബികാസുതന്‍ മാങ്ങാടിന്റെ മറുപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 20th July 2019, 5:00 am

അംബികാസുതന്‍ മാങ്ങാട്

എന്‍ഡോസള്‍ഫാന്‍ ഇരകളേയും എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരസമിതി പ്രവര്‍ത്തകരേയും അപമാനിക്കുന്ന തരത്തില്‍ കാസര്‍കോട് ജില്ലാ കളക്ടര്‍ ഡോ. സജിത്ത് ബാബു കഴിഞ്ഞ ദിവസം മലയാളം വാരികയില്‍ അഭിമുഖം നല്‍കിയിരുന്നു. കാസര്‍കോട്ടെ ദുരന്തത്തിന് കാരണം എന്‍ഡോസള്‍ഫാനല്ലെന്നും ഇത് ചൂണ്ടിക്കാണിക്കുന്ന ശാസ്ത്രീയപഠനമില്ലെന്നും അദ്ദേഹം അഭിമുഖത്തില്‍ വാദിച്ചിരുന്നു. എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരത്തിലുണ്ടായിരുന്ന സാഹിത്യകാരന്‍ അംബികാസുതന്‍ മാങ്ങാടിനെ കളക്ടര്‍ പേരെടുത്ത് തന്നെ ആക്ഷേപിച്ചിരുന്നു.

‘എന്‍ഡോസള്‍ഫാന്‍ കൈകൊണ്ട് തളിച്ച ആളുകള്‍ ഇപ്പോഴും കാസര്‍കോടുണ്ട്. അവര്‍ക്കെന്തുകൊണ്ടാണ് അസുഖം വരാത്തത്. അഗ്രികള്‍ച്ചറില്‍ ഡോക്ടറേറ്റ് കഴിഞ്ഞ് ആറര കൊല്ലം കാര്‍ഷിക ശാസ്ത്രം പഠിപ്പിച്ച ഞാന്‍ ഇതുവരെ പഠിച്ചതും പഠിപ്പിച്ചതും വിശ്വസിക്കണോ? അതോ അംബികാസുതന്‍ മാങ്ങാടിനെപ്പോലുള്ള സാഹിത്യകാരന്‍മാര്‍ പറയുന്നത് വിശ്വസിക്കണോ. ഭരണഘടന പറയുന്നത് തന്നെ ശാസ്ത്രം വളര്‍ത്താനല്ലേ. അല്ലാതെ സാഹിത്യം വളര്‍ത്താനല്ല. സത്യം മാത്രമേ ജയിക്കാന്‍ പാടുള്ളൂ. ഇവിടെ ലിസ്റ്റുണ്ടാക്കിയ ഡോക്ടര്‍മാരെല്ലാം എന്ത് പഠനത്തിന്റെ അടിസ്ഥാനത്തിലാണ് അതുണ്ടാക്കിയത്.

ഞാന്‍ പല ഡോക്ടര്‍മാരോടും സംസാരിച്ചിട്ടുണ്ട്. അവരാരും പൊതുസമൂഹത്തിന് മുന്നില്‍ വന്ന് എന്‍ഡോസള്‍ഫാന്‍കൊണ്ടാണ് അസുഖമുണ്ടായതെന്ന് പറയില്ല. ഇവിടെ ആരും ശാസ്ത്രത്തെക്കുറിച്ച് സംസാരിക്കുന്നില്ല. ശീലാബതിയെക്കുറിച്ചൊക്കെയുള്ള മംഗളത്തിലൊക്കെ വരുന്ന കഥ പോലുള്ളവ കേട്ട് ആളുകള്‍ ആകെ തെറ്റിദ്ധരിച്ചിരിക്കുകയാണ്.

നോവലുകളൊന്നും വായിച്ച് തീരുമാനമെടുക്കാന്‍ പറ്റില്ലല്ലോ. ശാസ്ത്രമാണ് മുന്നോട്ട് പോകേണ്ടത്. ഞാന്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായതുകൊണ്ട് സര്‍ക്കാരിന്റെ അഭിപ്രായമാണ് ഔദ്യോഗികമായി എന്റെ അഭിപ്രായം. പക്ഷേ, ഞാന്‍ ശാസ്ത്രീയതയില്‍ ഉറച്ചുനില്‍ക്കുന്നു.‘- ഇതായിരുന്നു ജില്ലാ കളക്ടറുടെ പരാമര്‍ശം.

കാസര്‍കോട്ടെ ദുരന്തത്തിന് എന്‍ഡോസള്‍ഫാനാണ് കാരണമെന്നതിന് ശാസ്ത്രീയമായ കണ്ടെത്തലുകളില്ലെന്ന കളക്ടറുടെ വാദത്തിന് അംബികാസുതന്‍ മാങ്ങാട് മറുപടി പറയുന്നു.

കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ട് കാലമായി എന്‍ഡോസള്‍ഫാനെതിരെ നിരന്തരമായി സമരങ്ങള്‍ നടക്കുകയാണ്. അതിന്റെ ഭാഗമായി തന്നെയാണ് മാറിമാറി വരുന്ന ഭരണകൂടങ്ങള്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടിക തയ്യാറാക്കുകയും അവര്‍ക്ക് വേണ്ടിയിട്ടുള്ള ആനുകൂല്യങ്ങളും നഷ്ടപരിഹാരങ്ങളും നല്‍കുകയുമൊക്കെ ചെയ്തിട്ടുള്ളത്. ദേശീയ മനുഷ്യാവകാശകമ്മീഷനും സുപ്രീംകോടതിയും ഇടപെടുകയും 120 ഓളം രാജ്യങ്ങള്‍ എന്‍ഡോസള്‍ഫാന്‍ മാരകമാണെന്ന് കണ്ട് നിരോധിക്കുകയും ചെയ്ത സാഹചര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്.

ഇവിടെ രണ്ട് പതിറ്റാണ്ടായി വന്നിട്ടുള്ള ജില്ലാ കളക്ടര്‍മാര്‍ എല്ലാവരും ദുരിതബാധിതരോട് പരമാവധി ആനുകൂല്യം കാണിച്ചിട്ടുമുണ്ട്. പക്ഷെ ഇപ്പോള്‍ വന്നിട്ടുള്ള ഡോ. സജിത് ബാബു എന്ന ജില്ലാ കളക്ടര്‍ എന്‍ഡോസള്‍ഫാന്‍ ആണ് ഇവിടത്തെ ദുരന്തത്തിന് കാരണം എന്നതിന് യാതൊരു തെളിവുമില്ല എന്ന് പറയുമ്പോള്‍ അത് വലിയ പ്രശ്നമുണ്ടാക്കുന്നുണ്ട്. ഒരു ശാസ്ത്രീയപഠനവും ഇല്ല എന്നാണ് അദ്ദേഹം പറയുന്നത്.

1500 ലധികം ശാസ്ത്രീയപഠനങ്ങള്‍ ലോകത്താകമാനം ഉണ്ട് എന്നത് മാത്രമല്ല, കാസര്‍കോട് ജില്ലയില്‍ തന്നെ ദേശീയ മനുഷ്യാവകാശകമ്മീഷന്‍ ആവശ്യപ്പെട്ട് എന്‍.ഐ.ഒ.എച്ച് (നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒക്യുപേഷണല്‍ ഹെല്‍ത്ത്) പഠനം നടത്തിയിട്ടുണ്ട്. സി.എസ്.ഇ(സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് എന്‍വയോര്‍ണ്‍മെന്റ്)വന്ന് പഠനം നടത്തിയിട്ടുണ്ട്.

ഫിലിപ്പീന്‍ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ വന്ന് പഠനം നടത്തിയിട്ടുണ്ട്. വിവിധ കാലങ്ങളില്‍ കേരള സര്‍ക്കാരുകള്‍ നിയോഗിച്ചിട്ടുള്ള ഡോക്ടര്‍മാരുടെ മൂന്ന് കമ്മിറ്റികള്‍ എന്‍ഡോസള്‍ഫാനാണ് ദുരന്ത കാരണം എന്ന് കണ്ടെത്തിയിട്ടുണ്ട് കസ്തൂര്‍ബാ മെഡിക്കല്‍ കോളേജ് ഫാര്‍മക്കോളജി വിഭാഗം തലവന്‍ ഡോ. രവീന്ദ്രനാഥ് ഷാന്‍ബോഗ് വളരെ വിശദമായി പഠനം നടത്തുകയും ശാസ്ത്രീയമായ ഗവേഷണ പഠനങ്ങള്‍ നടത്തി 114 പേജുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നു. അതില്‍ എന്‍ഡോസള്‍ഫാന്‍ അതിമാരകമായിട്ട് ജനതയെ ബാധിച്ചിട്ടുണ്ട് എന്ന് കണ്ടെത്തിയിട്ടുമുണ്ട്.

ബംഗളരൂവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സയന്‍സിലെ ബയോകെമിക്കല്‍ വിഭാഗം തലവന്‍ ഡോ.സതീഷ് രാഘവന്റെ നേതൃത്വത്തില്‍ 2016 ല്‍ ഗവേഷണം നടത്തുകയും എലികളില്‍ എന്‍ഡോസള്‍ഫാന്‍ ഏത് തരത്തിലാണ് അപകടമുണ്ടാക്കുന്നത്, അതിന്റെ ജനിതകഘടനയില്‍ എങ്ങനെയാണ് പ്രശ്നമുണ്ടാക്കുന്നത് എന്ന് പഠിച്ച് ഇത് മനുഷ്യരിലുണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചൊക്കെ വിശദീകരിച്ചിട്ടുണ്ട്. ഇതുപോല ശാസ്ത്രീയമായ പഠനങ്ങള്‍ ധാരാളം നടന്നിട്ടുണ്ട്.

എന്നാല്‍ ഇതിനെയൊന്നും അംഗീകരിക്കാതെയാണ് ജില്ലാ കളക്ടര്‍ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്. ഇതിന്റെ കാരണം പരിശോധിച്ചാല്‍ ഐ.എ.എസ് എഴുതി കളക്ടറായ ആളല്ല അദ്ദേഹമെന്ന് മനസിലാക്കാം. ഡോ. സജിത് ബാബു കേരള കാര്‍ഷിക സര്‍വകലാശാലയിലെ അധ്യാപകനായിരുന്നു. കൃഷിയിലാണ് അദ്ദേഹം ഡോക്ടറേറ്റ് എടുത്തിരിക്കുന്നത്. കേരള കാര്‍ഷിക സര്‍വകലാശാലയില്‍ വരുന്ന ആളുകളൊക്കെയും ഇത്തരം വിഷങ്ങളെ അനുകൂലിക്കുക മാത്രമെ ചെയ്യുകയുള്ളൂ.

കാരണം കേരള കാര്‍ഷിക സര്‍വകലാശാലയാണ് ഇവിടെ ഒരിക്കലും പാടില്ലാത്ത, വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ ഈ വിഷം തളിക്കാന്‍ ശുപാര്‍ശ ചെയ്തത്. ഒരു കീടനാശിനി നാല് കൊല്ലമേ തളിക്കാന്‍ പാടുള്ളൂ. ഇവിടെ 22 കൊല്ലമായി കീടനാശിനി തളിക്കാന്‍ പാടില്ലാത്ത, സ്ഥലത്ത് എല്ലാ നിയമങ്ങളും ലംഘിച്ച് തളിച്ചത് കേരള കാര്‍ഷിക സര്‍വകലാശാല പറഞ്ഞിട്ടാണ്.

ഇത് ഞങ്ങള്‍ സമരക്കാര്‍ പറയുന്നതല്ല. 2010 ല്‍ ഒന്നാം പ്രതിയായ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം കൊടുത്തപ്പോള്‍ ഞങ്ങള്‍ മാത്രമല്ല കുറ്റക്കാര്‍ കേരള കാര്‍ഷികസര്‍വകലാശാലയും സി.പി.സി.ആര്‍.ഐയും ചേര്‍ന്നിട്ടാണ് ഞങ്ങളോട് ഇത് തളിക്കാന്‍ ശുപാര്‍ശ ചെയ്തത് അതുകൊണ്ടാണ് തളിച്ചത് അപ്പോള്‍ ഇവരും പ്രതികളാണ് എന്ന് പറയുന്നുണ്ട്. അങ്ങനെ പ്രധാനപ്പെട്ട കുറ്റക്കാരായിട്ടുള്ള കേരള കാര്‍ഷികസര്‍വകലാശാലയുടെ പ്രതിനിധിയാണ് ഇപ്പോഴത്തെ കളക്ടര്‍ എന്നുള്ളത് പ്രത്യേകം ഓര്‍ക്കണം.

അദ്ദേഹത്തിന് ഇത്തരത്തിലുള്ള വിഷങ്ങളെ അനുകൂലിച്ച് മാത്രമെ സംസാരിക്കാന്‍ പറ്റുകയുള്ളൂ. വേറൊരു ദുരന്തം എന്ന് പറയുന്നത് അദ്ദേഹം ജില്ലാ കളക്ടറാണ്. ആ സ്ഥാനത്തിരുന്ന് സര്‍ക്കാരിന്റെ നയം നടപ്പിലാക്കാന്‍ ബാധ്യസ്ഥനായിട്ടുള്ളയാളാണ്. അതിന് പകരം സര്‍ക്കാര്‍നയത്തിന്, സുപ്രീംകോടതിയുടെ നയത്തിന്, ദേശീയ മനുഷ്യാവകാശ കമ്മീഷന് എതിരായിട്ട് പ്രസ്താവനകളിറക്കുകയും അത് ഫേസ്ബുക്കിലും വാട്സാപ്പിലും എല്ലാം പ്രചരിക്കുകയും ചെയ്യുമ്പോള്‍ അതിനെതിരെ മിണ്ടാതിരിക്കുന്നത് വലിയ തെറ്റാണ് എന്ന് കരുതുന്ന ഒരാളാണ് ഞാന്‍. ചാനലുകളും ഓണ്‍ലൈന്‍ മാധ്യമങ്ങളും ചോദിച്ച സമയത്ത് ആ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്.

കേന്ദ്ര സര്‍വകലാശാലയിലെ കുറച്ച് വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തോട് സംസാരിച്ച സമയത്ത് അദ്ദേഹം എന്‍ഡോസള്‍ഫാനെക്കുറിച്ച് പറഞ്ഞ വാദങ്ങള്‍ ആ കുട്ടികള്‍ ഫേസ്ബുക്കിലിട്ടതോടെയാണ് ഈ വിവാദം തുടങ്ങുന്നത്. അതില്‍ അദ്ദേഹം പറയുന്ന വാദങ്ങളെല്ലാം ചോദ്യംചെയ്തുകൊണ്ട് എന്‍ഡോസള്‍ഫാന്‍ സെല്ലില്‍ മന്ത്രിയും എം.പിയും എം.എല്‍.എമാരുമിരിക്കുമ്പോള്‍ കളക്ടറുടെ നിലപാട് ഇതാണോ, നിങ്ങള്‍ ഇങ്ങനെ പറഞ്ഞിട്ടുണ്ടോ ഇല്ലെങ്കില്‍ നിങ്ങളിത് നിഷേധിക്കണം എന്ന് ഞാന്‍ പറഞ്ഞിരുന്നു.

നിഷേധിക്കുന്നില്ലെങ്കില്‍ എന്‍ഡോസള്‍ഫാന്‍ വിക്ടിംസ് സെല്ലിന്റെ തലപ്പത്തിരിക്കാന്‍ യാതൊരു ധാര്‍മ്മികമായ ബാധ്യതയും അവകാശവും നിങ്ങള്‍ക്കില്ല. അതുകൊണ്ട് സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ ആളുകള്‍ക്ക് ഭയമുണ്ട് എന്ന് അദ്ദേഹത്തോട് മന്ത്രിയുടെ മുന്നില്‍വെച്ച് പറഞ്ഞിരുന്നു. എന്നാല്‍ അതിനൊന്നും മറുപടി പറയാതെ അതൊന്നും നിഷേധിക്കാതെ സര്‍ക്കാര്‍ നയം നടപ്പിലാക്കാന്‍ ഞാന്‍ ബാധ്യസ്ഥനാണ് എന്ന് മാത്രമാണദ്ദേഹം പറഞ്ഞത്.

അതായത് എന്‍ഡോസള്‍ഫാന്‍ വിഷമല്ല എന്ന് പറയുന്ന അദ്ദേഹത്തിന്റെ നിലപാടുകള്‍ കൃത്യമാണ്. എന്‍ഡോസള്‍ഫാന്‍ കാസര്‍കോട് മാത്രമാണ് ദുരന്തമുണ്ടാക്കിയത് വേറെയെവിടേയും ദുരന്തമുണ്ടാക്കിയിട്ടില്ല എന്ന അദ്ദേഹത്തിന്റെ വാദവും ശരിയല്ല. കാസര്‍കോട് ജില്ലയോട് ചേര്‍ന്ന് നില്‍ക്കുന്ന കര്‍ണാടകത്തിന്റെ അതിര്‍ത്തി പ്രദേശങ്ങളില്‍ 90 വില്ലേജുകളില്‍ ഇതുപോലെ മാരകമായ നിലയില്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ തോട്ടങ്ങളോനുബന്ധിച്ച് ജീവിക്കുന്ന ആളുകളില്‍ ആയിരക്കണക്കിന് രോഗികളുണ്ട് എന്നും അവര്‍ക്ക് ഇതേപോലെ പാക്കേജ് കര്‍ണാടകസര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട് എന്നും വ്യക്തമാണ്.

അതുകൊണ്ട് കളക്ടര്‍ കാര്യങ്ങളറിയാതെ സംസാരിക്കരുത്. ലോകത്ത് പലയിടത്തും ഈ ദുരന്തം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വികസിതരാജ്യങ്ങളില്‍ വളരെ സുരക്ഷിതമായും ജനവാസമില്ലാത്ത സ്ഥലത്തും തളിക്കുന്നതുകൊണ്ടാണ് അവിടെ വലിയ ദുരന്തങ്ങള്‍ ഇല്ലാത്തത്. 1990 ല്‍ കേന്ദ്രസര്‍ക്കാര്‍ എന്‍ഡോസള്‍ഫാനെക്കുറിച്ച് പഠിക്കാന്‍ വേണ്ടി ബാനര്‍ജി കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഈ ബാനര്‍ജി കമ്മിറ്റി പണ്ട് അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവിന് കൊടുത്ത റിപ്പോര്‍ട്ട് എന്‍ഡോസള്‍ഫാന്‍ നിരോധിക്കണം എന്നുള്ളതായിരുന്നു.

വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലോ സമുദ്രത്തിന്റെ സമീപപ്രദേശങ്ങളിലോ ഒന്നും തളിക്കാന്‍ പാടില്ലായെന്നും കര്‍ശനമായി നിര്‍ദ്ദേശിച്ചു, അതും 1990 ല്‍. പക്ഷെ അതിന് ശേഷം 10-11 വര്‍ഷം ഇവിടെ നിര്‍ബാധം ഇത് തളിക്കുകയായിരുന്നു. നരസിംഹറാവു അത് നിരോധിച്ചിരുന്നെങ്കില്‍ ഇവിടെ നേരിട്ട ദുരന്തം വളരെ ചെറിയ ദുരന്തമായിട്ട് ഒതുങ്ങുമായിരുന്നു.

ഇങ്ങനെ ഒരു മഹാദുരന്തം കാസര്‍കോട് നടന്നിട്ടുണ്ട്. അതില്‍ മരിച്ചുപോയവരുടെ കഥകള്‍ പ്രത്യേകിച്ചും ശിലാബതിയുടേത്, പൈങ്കിളി കഥയാണെന്നാണ് കളക്ടര്‍ പറയുന്നത്. ശീലാബതിയെ രണ്ട് പതിറ്റാണ്ടായിട്ട് ഞങ്ങള്‍ക്കൊക്കെ അറിയാം. പ്ലാന്റേഷന്‍ തോട്ടത്തിന്റെ അടുത്ത് ജീവിച്ചിരുന്ന ഒരു കുട്ടിയാണ്. 30-35 കൊല്ലക്കാലം കിടപ്പിലായ കുട്ടിയാണ്. അവര്‍ സ്‌കൂളില്‍ നിന്നും വരുന്ന വഴി എന്‍ഡോസള്‍ഫാന്‍ ദേഹത്ത് വീണു. പിന്നാലെ ബോധക്കേടായി വീണു അവര്‍ കിടപ്പിലായി, പിന്നീട് മരണംവരെ കിടപ്പിലായിരുന്നു. അതൊരു കഥയാണ് അങ്ങനെയൊന്നും ഉണ്ടാകില്ലെന്നാണ് ഇദ്ദേഹം പറയുന്നത്.

വിഷം തളിക്കുന്ന സമയത്ത് ജീവജാലങ്ങള്‍ ചത്തുവീഴാറുണ്ടെന്ന് ദുരിതബാധിതപ്രദേശങ്ങളിലുള്ളവര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. കിണറ്റിലും കുളത്തിലുമൊക്കെ തവളകള്‍ ചത്ത് പൊങ്ങുന്നതും പതിവായിരുന്നെന്ന് ലീലാകുമാരിയമ്മ എന്നോട് പറഞ്ഞിട്ടുണ്ട്. ജീവജാലങ്ങള്‍ക്ക് ഇത് സംഭവിക്കുന്നെങ്കില്‍ ഒരു കുട്ടിക്കും ഇത് സംഭവിക്കാം.

ആ കുട്ടി കുടിക്കുന്നത് വീടിനടുത്തുള്ള സുരങ്കത്തില്‍ നിന്ന് ഒഴുകി വരുന്ന വെള്ളമാണ്. ആ കുട്ടിയ്ക്ക് പടിപടിയായി വന്ന അവസ്ഥയാണ്. അതൊക്കെ ഒരു പൈങ്കിളി കഥയാണെന്നാണ് കളക്ടര്‍ പറയുന്നത്. കാസര്‍കോട് ജില്ലയില്‍ മരിച്ചിട്ടുള്ള നൂറുകണക്കിന് കുട്ടികളോടും കിടപ്പിലായിട്ടുള്ളവരോടും അവരുടെ കുടുംബത്തോടും ഒരിക്കലും പറയാന്‍ പാടില്ലാത്ത കാര്യമാണ് ഒരു കളക്ടര്‍ പറയുന്നത്.

എന്‍ഡോസള്‍ഫാന്‍ കോടിക്കണക്കിന് രൂപയുടെ വലിയൊരു വ്യവസായമാണ്. ആ വ്യവസായത്തെ തകര്‍ക്കാന്‍ വലിയൊരു മാഫിയ പ്രവര്‍ത്തിക്കുന്നുണ്ട്, ആ മാഫിയയാണ് കാസര്‍കോടുമുള്ളത് എന്നൊക്കെയാണ് കളക്ടര്‍ പറയുന്നത്. കാസര്‍കോട്ടെ നിരാലംബരായ മനുഷ്യര്‍ക്ക് സമരം നയിക്കാന്‍ പോലും ആളില്ല. ഞങ്ങള്‍ കുറച്ച് പേരല്ലാതെ രാഷ്ട്രീയപാര്‍ട്ടികളുടെ പ്രതിനിധികളൊന്നുമില്ല, എല്ലാവര്‍ക്കും അറിയാവുന്ന ഒരു കാര്യമാണ്. അങ്ങനെയിരിക്കെ ഈ പാവങ്ങള്‍ ഈ വ്യവസായത്തെ തകര്‍ക്കാനുള്ള മാഫിയ ആണെന്നൊക്കെ പറഞ്ഞ് എന്‍ഡോസള്‍ഫാന് വേണ്ടി വാദിക്കാന്‍ ഒരു കളക്ടര്‍ക്ക് എങ്ങനെ സാധിക്കുന്നു എന്നത് അത്ഭുതപ്പെടുത്തുന്നുണ്ട്.

2010 ല്‍ കേന്ദ്രകൃഷിമന്ത്രിയായിരുന്ന കെ.വി തോമസ് ഇവിടെ വന്ന് പറഞ്ഞത് ഇവിടെ എന്‍ഡോസള്‍ഫാന്‍ കൊണ്ട് ആരും മരിച്ചിട്ടില്ല എന്നായിരുന്നു. അന്ന് വലിയ സമരമുണ്ടായി, മാധ്യമങ്ങളൊക്ക വലിയ ചര്‍ച്ച ചെയ്തു. അന്ന് സ്റ്റോക്ക് ഹോം കണ്‍വെന്‍ഷന്‍ കഴിഞ്ഞിട്ടില്ല അതുപോലെ സഹായപദ്ധതികള്‍ പ്രഖ്യാപിച്ചിട്ടില്ല. പക്ഷെ ഇതിനെല്ലാം ശേഷം എന്‍ഡോസള്‍ഫാന്‍ 120 രാജ്യങ്ങള്‍ നിരോധിച്ചു, ഒരുപാട് ശാസ്ത്രീയ പഠനങ്ങള്‍ പുറത്തുവന്നു. എന്നിട്ടും ഒരു കളക്ടര്‍ക്ക് എങ്ങനെ ഇത്തരത്തില്‍ പറയാന്‍ കഴിയുന്നു എന്നുള്ളതാണ്. അത് വലിയൊരു അപകടമുണ്ടാക്കുന്നുണ്ട്. അതുപോലെ എന്‍ഡോസള്‍ഫാന്‍ വിക്ടിംസെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകുന്നു എന്ന വിഷയവുമുണ്ട്.

2011 ല്‍ വി.എസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് പുറത്തിറങ്ങിയ ‘എന്‍ഡോസള്‍ഫാന്‍ ദ കേരള സ്റ്റോറി’ എന്ന പുസ്തകത്തില്‍ ഇതിന്റെ ഭവിഷ്യത്തുകളെക്കുറിച്ച് കൃത്യമായി പറയുന്നുണ്ട്. 400 പഠനങ്ങളെക്കുറിച്ച് ആ പുസ്തകത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ശാസ്ത്രീയ പഠനങ്ങളൊന്നും നടന്നിട്ടില്ല എന്ന് കളക്ടര്‍ പറഞ്ഞപ്പോള്‍ അവിടെയിരുന്ന മന്ത്രിയോ എം.എല്‍.എയോ അടക്കം ഒരാളും പ്രതികരിച്ചില്ല. കാസര്‍കോട് നടന്നത് ഒരു പൊളിറ്റിക്കല്‍ ഗെയിമാണെന്ന് കളക്ടര്‍ പറഞ്ഞപ്പോള്‍ ഒരു രാഷ്ട്രീയപാര്‍ട്ടി പോലും പ്രതികരിച്ചില്ല.

ആരോഗ്യവകുപ്പ് കൃത്യമായി കളക്ടര്‍ക്ക് വാണിംഗ് കൊടുക്കണമായിരുന്നു. ആരോഗ്യവകുപ്പ് മന്ത്രിയെ ഞങ്ങള്‍ അറിയിച്ചതാണ്. സര്‍ക്കാര്‍ തലത്തില്‍ ഒരു പ്രതികരണവും വിഷയത്തില്‍ ഉണ്ടായിട്ടില്ല. കളക്ടര്‍ മാപ്പ് പറയണം എന്ന് പറഞ്ഞ് ദുരന്തബാധിതര്‍ എല്ലാം ഒപ്പിട്ട് ഒരു പ്രസ്താവന നല്‍കിയിരുന്നു. അതിനും പ്രതികരണം ഒന്നുമുണ്ടായിട്ടില്ല.