| Thursday, 25th February 2016, 11:19 pm

അംബികാസുതന്‍ മാങ്ങാട് കേന്ദ്ര സാഹിത്യ അക്കാദമി അംഗത്വം നിരസിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാഞ്ഞങ്ങാട്: അംബികാസുതന്‍ മാങ്ങാട് കേന്ദ്ര സാഹിത്യ അക്കാദമി അംഗത്വം നിരസിച്ചു. ദലിത് ന്യൂനപക്ഷങ്ങള്‍ക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന അക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് അംഗത്വം നിരസിച്ചത്. നേരത്തെ പികെ പാറക്കടവ്, കെ.എസ്. രവികുമാര്‍ എന്നിവര്‍ അംഗത്വം രാജിവച്ചിരുന്നു. തുടര്‍ന്നാണ് അംബികാസുതന്‍ മാങ്ങാടിനെ നാമനിര്‍ദേശം ചെയ്തത്.

അസഹിഷ്ണുതാ വിവാദത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പികെ പാറക്കടവ്, കെ.എസ്. രവികുമാര്‍ എന്നിവരുടെ രാജി. വിവിധ ഭാഷകളില്‍ നിന്നുള്ള അക്കാദമി അവാര്‍ഡ് ജേതാക്കള്‍ പുരസ്‌കാരങ്ങള്‍ തിരികെ നല്‍കി പ്രതിഷേധിച്ചതും ഇതേ സമയത്ത് തന്നെയാണ്.

ജെ.എന്‍.യു, രോഹിത് വെമുല വിഷയങ്ങള്‍ ചൂടുപിടിച്ചു നില്‍ക്കുന്ന അവസരത്തിലാണ് അംബികാസുതന്‍ മാങ്ങാട് കേന്ദ്ര സാഹിത്യ അക്കാദമി അംഗത്വം നിരസിച്ചിരിക്കുന്നത്.

നിരവധി നോവലുകളിലൂടെയും ചെറുകഥകളിലൂടെയും ശ്രദ്ധേയനായ എഴുത്തുകാരനാണ് അംബികാസുതന്‍ മങ്ങാട്. കാഞ്ഞങ്ങാട്  നെഹ്രു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ മലയാളം അധ്യാപകനാണ് അദ്ദേഹം.

We use cookies to give you the best possible experience. Learn more