| Friday, 6th December 2024, 11:50 am

ടീകോമിന് നഷ്ടപരിഹാരം നല്‍കാനുള്ള തീരുമാനത്തില്‍ ദുരൂഹത; സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: സ്മാര്‍ട്ട് സിറ്റി വിവാദത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ടീകോമിന് നഷ്ടപരിഹാരം നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ദുരൂഹമെന്ന് വി.ഡി. സതീശന്‍ പറഞ്ഞു. കരാര്‍ അവസാനിപ്പിക്കാനുള്ള തീരുമാനത്തിലും ഇതേ ദുരൂഹത നിലനില്‍ക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

2007ലെ കരാര്‍ പ്രകാരം, കരാറിലെ വ്യവസ്ഥകള്‍ ടീകോം ലംഘിക്കുകയാണെങ്കില്‍ അവരില്‍ നിന്ന് സര്‍ക്കാരിന് നഷ്ടപരിഹാരം ഈടാക്കാവുന്നതാണ്. ഇപ്പോള്‍ ഇവിടെ ആര്‍ക്കാണ് വീഴ്ച്ച സംഭവിച്ചിരിക്കുന്നതെന്നും വി.ഡി. സതീശന്‍ ചോദിച്ചു.

കഴിഞ്ഞ എട്ട് വര്‍ഷമായി സ്മാര്‍ട്ട് സിറ്റി പദ്ധതിയിലെ പൊരുത്തക്കേടുകള്‍ കണ്ടുപിടിക്കാന്‍ എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും അദ്ദേഹം ചോദിച്ചു. സര്‍ക്കാരുമായുള്ള കരാറില്‍ 2019ന് മുന്നോടിയായി പദ്ധതി പൂര്‍ത്തീകരിക്കണമെന്ന് പറയുന്നുണ്ടെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.

സര്‍ക്കാര്‍ എന്തുകൊണ്ട് ഇക്കാര്യത്തില്‍ പരിശോധന നടത്തിയില്ല. സര്‍ക്കാരിന് ഉള്‍പ്പെടെ പങ്കുള്ള പദ്ധതിയാണ് ഇത്. എന്നാല്‍ പെട്ടെന്ന് ഈ പദ്ധതി അവസാനിപ്പിക്കാനുള്ള സര്‍ക്കാരിന്റെ നീക്കം ദുരൂഹമാണെന്നാണ് വി.ഡി. സതീശന്‍ പറഞ്ഞത്.

ടീകോമിന്റെ കയ്യില്‍ നിന്ന് നഷ്ടപരിഹാരം ഇങ്ങോട്ട് വാങ്ങിയാൽ അത് വ്യവഹാരത്തില്‍ പോകുമെന്ന പേടി സര്‍ക്കാരിനുണ്ട്. അതുകൊണ്ടാണ് ഭൂമി വില്‍ക്കാനുള്ള തീരുമാനം ആരുമറിയാതെ കാബിനറ്റില്‍ പാസാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ഒരുകാരണവശാലും ടീകോമിന് നഷ്ടപരിഹാരം നല്‍കരുതെന്നും വി.ഡി. സതീശന്‍ പറഞ്ഞു. സ്മാര്‍ട്ട് സിറ്റി പദ്ധതി എന്താണെന്ന് കേരളത്തിലെ ജനങ്ങളെ ബോധിപ്പിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. പദ്ധതി അവസാനിപ്പിക്കാനുള്ള ഏകപക്ഷീയമായ സര്‍ക്കാരിന്റെ നീക്കം പുനരാലോചിക്കണമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

അതേസമയം നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ടീ കോം മുടക്കിയ തുക വിലയിരുത്തി തിരിച്ച് നല്‍കാന്‍ തീരുമാനിച്ചതെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന വിശദീകരണം.

യു.എ.ഇയുമായുള്ള നല്ല ബന്ധം തുടരാന്‍ കൂടിയാണ് ടീ കോമിനെതിരെ ആര്‍ബിട്രെഷന്‍ നടപടിക്ക് ശ്രമിക്കാത്തതെന്നും വ്യവസായ വകുപ്പ് പറയുന്നു.

സ്മാര്‍ട്ട് സിറ്റി പദ്ധതി പൂര്‍ണമായും ഒഴിവാക്കില്ലെന്നും ടീകോം ഒഴിവായ ശേഷം പദ്ധതിക്കായി സര്‍ക്കാര്‍ പുതിയ നിക്ഷേപ പങ്കാളിയെ തേടുമെന്നും വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അറിയിച്ചിരുന്നു.

Content Highlight: Ambiguity in decision to compensate Teacom; Leader of Opposition against Govt

We use cookies to give you the best possible experience. Learn more