കൊച്ചി: സംസ്ഥാന സ്‌കൂൾ കലോത്സവ റിപ്പോർട്ടിങ്ങിലെ ദ്വയാർഥ പ്രയോഗവുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനലിനെതിരായ പോക്‌സോ കേസിൽ മുൻകൂർ ജാമ്യ ഹരജി നൽകി പ്രതികൾ. കേസിൽ പ്രതികളായ കൺസൾട്ടിങ് എഡിറ്റർ അരുൺകുമാർ, റിപ്പോർട്ടർ ഷഹബാസ് എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.
കലോത്സവത്തിൽ പങ്കെടുത്ത ഒപ്പന ടീമിനെ ഉൾപ്പെടുത്തി ചാനൽ തയാറാക്കിയ ടെലി സ്കിറ്റാണ് കേസിനിടയാക്കിയത്. തിരുവനന്തപുരം ജില്ല ശിശുക്ഷേമസമിതി ഡി.ജി.പിക്ക് നൽകിയ പരാതിയിൽ കന്‍റോൺമെന്‍റ് പൊലീസ് കേസെടുക്കുകയായിരുന്നു.
ചാനലിനെതിരായ ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. വാർത്താ അവതരണത്തിനിടയിൽ അവതാരകനും റിപ്പോർട്ടർമാരും തമ്മിൽ സംസാരിക്കുന്നതിനിടെയുണ്ടായ പരാമർശങ്ങൾ ലൈംഗിക ചുവയോടെയുള്ള ദ്വയാർഥ പ്രയോഗമായി വ്യാഖ്യാനിക്കുന്നുവെന്നാണ് ഹരജിയിലെ വാദം.
റിപ്പോർട്ടർ ചാനൽ എഡിറ്റര്‍ അരുൺ കുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കേസ് എടുത്തിരിക്കുന്നത്. തിരുവനന്തപുരം കൺഡോൺമെന്റ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയതത്. റിപ്പോര്‍ട്ടര്‍ ചാനലിലെ ജേണലിസ്റ്റ് ഷഹബാസ് കേസിൽ രണ്ടാം പ്രതിയാണ്. കണ്ടാലറിയാവുന്ന ഒരാളെ മൂന്നാം പ്രതിയായും ഉൾപ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം ജില്ലാ ശിശുക്ഷേമ സമിതി ഡി.ജി.പിക്ക് നൽകിയ പരാതി ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് നേരെ വ്യംഗ്യാര്‍ത്ഥത്തിൽ സംസാരിച്ചതടക്കമാണ് കുറ്റം. മൂന്ന് വര്‍ഷം മുതൽ ഏഴ് വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെത്തുടർന്ന് ബാലാവകാശ കമീഷനും സ്വമേധയാ കേസെടുത്തു. പെൺകുട്ടിയുടെയും മാതാപിതാക്കളുടെയും അധ്യാപകരുടെയും അനുമതിയോടെ സ്ക്രിപ്റ്റ് തയാറാക്കി ചെയ്തതാണ് ഈ പരിപാടിയെന്ന് ഹരജിയിൽ പറയുന്നുണ്ട്.
Content Highlight: Ambiguity in arts festival reporting; The accused filed an anticipatory bail plea