തൃശ്ശൂര്‍: തൃശ്ശൂര്‍ ചേറ്റുവയില്‍ ആംബര്‍ഗ്രിസ്(തിമിംഗല ഛര്‍ദ്ദില്‍) പിടികൂടി. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ മുപ്പത് കോടി വരെ മൂല്യമുള്ള തിമിംഗല ഛര്‍ദ്ദിലാണ് പിടികൂടിയത്. പിടിച്ചെടുത്ത ആംബര്‍ഗ്രിസിന് 18 കിലോ ഭാരമുണ്ട്.
വാടാനപ്പിള്ളി സ്വദേശി റഫീഖ്, പാലയൂര്‍ സ്വദേശി ഫൈസല്‍, എറണാകുളം സ്വദേശി ഹംസ എന്നിവരാണ് പിടിയിലായത്.
സുഗന്ധലേപന വിപണിയില്‍ വന്‍ വിലയുള്ള ഈ വസ്തു ഇതാദ്യമായാണ് കേരളത്തില്‍ പിടികൂടുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അറേബ്യന്‍ മാര്‍ക്കറ്റിലും മറ്റുമാണ് ഈ വസ്തുവിന് വലിയ ഡിമാന്‍ഡുള്ളതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
തിമിംഗലങ്ങള്‍ ഇടയ്ക്ക് ഛര്‍ദ്ദിച്ചുകളയുന്നതാണ് ആംബര്‍ഗ്രിസ്. സ്‌പേം തിമിംഗലങ്ങളുടെ ഉദരത്തില്‍ സൃഷ്ടിക്കപ്പെടുന്ന തവിട്ടുനിറത്തോടുകൂടിയ മെഴുകുപോലുള്ള വസ്തുവാണിത്.