Entertainment news
'നീതിപൂര്‍വമല്ലാത്ത വിചാരണ'; ജോണി ഡെപ്പിനെതിരായ കേസിലെ പരാജയത്തിന് ശേഷം ആദ്യമായി പ്രതികരിച്ച് ആംബര്‍ ഹെഡ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Jun 13, 05:44 pm
Monday, 13th June 2022, 11:14 pm

ഹോളിവുഡ് താരം ജോണി ഡെപ്പുമായുള്ള മാനനഷ്ടക്കേസില്‍ പരാജയപ്പെട്ടതിന് പിന്നാലെ ആദ്യ പ്രതികരണവുമായി ആംബര്‍ ഹെഡ്. ജോണി ഡെപ്പിന് അനുകൂലമായി വിര്‍ജീനിയ കോടതി വിധി പറഞ്ഞതിന്റെ കാരണം തനിക്ക് ‘മനസിലായെന്നും’ അത് നീതിപൂര്‍വമായിരുന്നില്ലായെന്നും അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ ആംബര്‍ ഹെഡ് പറഞ്ഞു. ഇ ടൈംസാണ് ഇത് സംബന്ധിച്ച വാര്‍ത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്.

‘അവരെ ഞാന്‍ കുറ്റപ്പെടുത്തുന്നില്ല. അദ്ദേഹത്തെ ആളുകള്‍ ഇഷ്ടപ്പെടുന്നുണ്ട്. അതിനാല്‍ അദ്ദേഹത്തെ അറിയാമെന്ന് അവര്‍ വിചാരിക്കുന്നു. ജോണി ഡെപ്പ് മികച്ച അഭിനേതാവാണ്,’ ആംബര്‍ ഹെഡ് പറഞ്ഞു.

കേസ് തോറ്റതിന് പിന്നാലെ ആംബര്‍ ഹെഡിനെതിരെ വലിയ തോതില്‍ വിമര്‍ശനവും ട്രോളുകളും വന്നിരുന്നു.


ഇതിനോടുള്ള അവരുടെ പ്രതികരണമിങ്ങനെ. ‘മറ്റുള്ളവര്‍ എന്ത് പറയുന്നുവെന്നോ എന്റെ വീടിന്റെ സ്വകാര്യതയില്‍ നടന്ന സംഭവത്തില്‍ ആളുകള്‍ എന്ത് മുന്‍വിധി സ്വീകരിക്കുമെന്നതിനെ കുറിച്ചോ ഞാന്‍ ചിന്തിക്കുന്നില്ല. അവര്‍ക്കൊന്നും അതിനെ പറ്റി അറിയില്ല. അത് കാര്യമായെടുക്കുന്നില്ല,’ അവര്‍ പറഞ്ഞു.

‘എന്നാല്‍ ഈ വെറുപ്പിനും വിദ്വേഷത്തിനും ഞാന്‍ അര്‍ഹയാണെന്ന് ഉറപ്പുള്ള ഒരാള്‍ പോലും, ഞാന്‍ കള്ളം പറയുകയാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ പോലും, എന്റെ കണ്ണില്‍ നോക്കി ആ വിചാരണ ശരിയാണെന്ന് നിങ്ങള്‍ക്ക് പറയാനാവില്ല,’ ആംബര്‍ ഹെഡ് കൂട്ടിച്ചേര്‍ത്തു.

ജോണി ഡെപ്പ് നല്‍കിയ മാനനഷ്ട കേസില്‍ ആംബര്‍ ഹെഡ് 15 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതിയുടെ അന്തിമ വിധിയില്‍ പറയുന്നത്.

ജോണി ഡെപ്പിനെ ആംബര്‍ ഹെഡ് അപകീര്‍ത്തിപ്പെടുത്തിയതായാണ് കോടതിയുടെ കണ്ടെത്തല്‍. വിധിക്ക് പിന്നാലെ പിന്തുണച്ചവര്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് ജോണി ഡെപ്പ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു.

Content Highlight: Amber heard said the Virginia court ruling in favor of Johnny Depp was not fair