| Friday, 6th April 2018, 2:06 pm

യു.പിയ്ക്കും രാജസ്ഥാനിനും പിന്നാലെ മധ്യപ്രദേശിലും അംബേദ്കര്‍ പ്രതിമയ്‌ക്കെതിരെ ആക്രമണം: രണ്ടിടത്ത് അംബേദ്കര്‍ പ്രതിമയുടെ തലയറുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഭോപ്പാല്‍: ഉത്തരേന്ത്യയില്‍ അംബേദ്കര്‍ പ്രതിമയ്ക്കുനേരെ നടക്കുന്ന അക്രമങ്ങള്‍ തുടരുന്നു. യു.പിയിലേയും രാജസ്ഥാനിലെയും പ്രതിമകള്‍ തകര്‍ത്തതിനു പിന്നാലെ ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലും അംബേദ്കര്‍ പ്രതിമ ആക്രമിക്കപ്പെട്ടിരിക്കുകയാണ്.

പ്രതിമയ്ക്ക് ചുറ്റും മതില്‍ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് ഇവിടെ സംഘര്‍ഷം നിലനിന്നിരുന്നതായി പൊലീസ് പറയുന്നു. അംബേദ്കറിന്റെ പ്രതിമയ്ക്ക് ചുറ്റും മതില്‍ വേണമെന്ന് ദളിത് വിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് ഉന്നതജാതിയില്‍പ്പെട്ടവര്‍ തടഞ്ഞു. ഇത് സംഘര്‍ഷത്തിനു വഴിവെക്കുകയും പൊലീസ് ഇടപെടുകയും ചെയ്തിരുന്നു.

മധ്യപ്രദേശിലെ സത്‌നയിലാണ് പ്രതിമയുടെ തല വെട്ടിയ നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച മധ്യപ്രദേശിലെ ബിന്ദിലെ ഖേരിയ ഗ്രാമത്തിലെ അംബേദ്കര്‍ പ്രതിമയ്ക്കുനേരെയും ആക്രമണമുണ്ടായിരുന്നു.


Also read: മോദി സര്‍ക്കാറിന്റേത് ദളിത് വിരുദ്ധ നിലപാട്: യു. പിയില്‍ ബി.ജെ.പി നേതാക്കളായ ദളിതര്‍ ബി.എസ്.പിയില്‍ ചേര്‍ന്നു


കഴിഞ്ഞദിവസം രാജസ്ഥാനിലെ അച്‌റോളിലെ അംബേദ്കര്‍ പ്രതിമയ്ക്കുനേരെയും ആക്രമണമുണ്ടായിരുന്നു. ഈയാഴ്ചയാദ്യം രാജസ്ഥാനിലെ നാഥ്‌വാരയിലെ ഗാന്ധി പ്രതിമയുടെ തലയും അറുത്തിരുന്നു.

യു.പിയിലെ വിവിധ ഭാഗങ്ങളിലും അംബേദ്കര്‍ പ്രതിമ തകര്‍ക്കപ്പെട്ടിരുന്നു. അംബേദ്കറുടേയും ഗാന്ധിയുടേതും പ്രതികള്‍ക്കു പുറമേ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രതിമയ്ക്കുനേരെയും ആക്രമണമുണ്ടായിരുന്നു.

We use cookies to give you the best possible experience. Learn more