ലഖ്നൗ: രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ ഭരണഘടനാ ശില്‍പി അംബേദ്കറുടെ പ്രതിമ തകര്‍ക്കല്‍ തുടരുന്നതിനിടെ യു.പിയില്‍ അംബേദ്കര്‍ പ്രതിമയ്ക്ക് കാവി നിറം നല്‍കി യോഗി സര്‍ക്കാര്‍. സംസ്ഥാനത്തെ കെട്ടിടങ്ങള്‍ക്കും ബസുകള്‍ക്കും കാവി പെയിന്റടിച്ചതിനു പിന്നാലെയാണ് അംബേദ്കറിനും യു.പി സര്‍ക്കാര്‍ കാവി നിറം നല്‍കിയത്.
യു.പിയിലെ ബദയൂണ്‍ ജില്ലാ ഭരണകൂടമാണ് തകര്‍ക്കപ്പെട്ട അംബേദ്കര്‍ പ്രതിമയ്ക്ക് പകരം കാവി നിറത്തിലുള്ള അംബേദ്കര്‍ പ്രതിമ സ്ഥാപിച്ച് രംഗത്തെത്തിയിരിക്കുന്നത്. അംബേദ്കറുടെ പേരിനൊപ്പം “റാംജി” എന്ന് കൂട്ടിച്ചേര്‍ത്ത നടപടി വിവാദമായതിനു പിന്നാലെയാണ് പുതിയ സംഭവം. ദുഗ്രൈയ്യ ഗ്രാമത്തില്‍ സ്ഥാപിച്ചിരുന്ന അംബേദ്കര്‍ പ്രതിമ വെള്ളിയാഴ്ച രാത്രി ചിലര്‍ തല്ലിത്തകര്‍ത്തിരുന്നു. പൊലീസും നാട്ടുകാരും നോക്കിനില്‍ക്കെയായിരുന്നു സംഭവം.
Also Read: ‘തോക്കിന് പകരം മധുരം നല്‍കില്ല’; തൃണമൂലിന്റെ അക്രമങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുമെന്ന് ബി.ജെ.പി
പ്രതിമ തകര്‍ത്തതില്‍ പ്രതിഷേധിച്ച് പ്രദേശവാസികള്‍ സമരം നടത്തിയപ്പോഴാണ് ജില്ലാ ഭരണകൂടം പുതിയൊരു പ്രതിമ സ്ഥാപിച്ചത്. എന്നാല്‍ കഴിഞ്ഞദിവസം പുതിയ പ്രതിമ അനാച്ഛാദനം ചെയ്തപ്പോഴാണ് കാവി നിറത്തിലുള്ള കോട്ടണിഞ്ഞ അംബേദ്കര്‍ രൂപം പ്രത്യക്ഷപ്പെട്ടത്. സാധാരണഗതിയില്‍ അംബേദ്കര്‍ പ്രതിമകളില്‍ നീല നിറമാണ് ഉപയോഗിക്കാറുള്ളത് എന്നിരിക്കെയാണ് കാവി നിറത്തിലുള്ള പ്രതിമയുമായി യു.പി ഭരണകൂടത്തിന്റെ രംഗപ്രവേശം.
സംഭവത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു വന്നിട്ടുണ്ട്. ബി.ജെ.പി നയിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ സര്‍വതിനെയും കാവിവത്കരിക്കുകയാണെന്ന് സമാജ് വാദി പാര്‍ട്ടി എം.എല്‍.എയും പാര്‍ട്ടി വക്താവുമായ സുനില്‍ സിങ് ആരോപിച്ചു. നേരത്തെ സംസ്ഥാനത്തെ വിവിധ കെട്ടിടങ്ങള്‍, മതിലുകള്‍, പാര്‍ക്കുകള്‍, ബസ്സുകള്‍ തുടങ്ങി സ്‌കൂള്‍ ബാഗുകള്‍ക്ക് വരെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കാവി പൂശിയത് വിവാദമായിരുന്നു.
“നിറത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുകയാണ് സര്‍ക്കാര്‍.എല്ലാത്തിലും കാവി നിറം പൂശുകയാണ് . ഇപ്പോള്‍ അംബേദ്കര്‍ പ്രതിമയിലും കാവി പൂശിയിരിക്കുന്നു. ബി.ജെ.പിയുടെ ഉദ്ദേശ്യം എന്തെന്ന് ജനങ്ങള്‍ ഇപ്പോള്‍ മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു. ഇത് അവരെ ഒരു നിലക്കും സഹായിക്കില്ല”, സുനില്‍ സിങ് പറഞ്ഞു.