|

വി.സിയുടെ പ്രസംഗത്തെ വിമർശിച്ചു, വിദ്യാർത്ഥിയെ സസ്‌പെൻഡ് ചെയ്ത് ദൽഹി അംബേദ്കർ സർവകലാശാല, പ്രതിഷേധ ആഹ്വാനവുമായി എ.ഐ.എസ്.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: വൈസ് ചാൻസലർ അനു സിങ് ലാതറിന്റെ റിപ്പബ്ലിക് ദിന പ്രസംഗത്തെ വിമർശിച്ചതിന് വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് ദൽഹി ഡോ. ബി.ആർ. അംബേദ്കർ സർവകലാശാല. ഓൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന്റെ (എ.ഐ.എസ്.എ) അംഗം കൂടിയായ വിദ്യാർത്ഥിയെ ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്യുകയും ഈ കാലയളവിൽ കാമ്പസിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തു. സംഭവത്തിൽ ഓൾ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷൻ (എഐഎസ്എ) പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു.

സസ്‌പെൻഷനിലൂടെ സർവകലാശാല വിയോജിപ്പിനെ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന് വിമർശിച്ച വിദ്യാർത്ഥി സംഘടന തിങ്കളാഴ്ച ഉച്ചയ്ക്ക് വൈസ് ചാൻസലറുടെ ഓഫീസിന് പുറത്ത് പ്രതിഷേധത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു.

ജനുവരി 28ന് യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക ഇമെയിൽ സംവിധാനത്തിലൂടെ വൈസ് ചാൻസലർ അനു സിങ് ലാതറിനെതിരെ വിദ്യാർത്ഥി വിമർശനാത്മക പരാമർശങ്ങൾ പ്രചരിപ്പിച്ച് സർവകലാശാലയുടെ അച്ചടക്ക കോഡ് ലംഘിച്ചുവെന്ന് യൂണിവേഴ്സിറ്റിയുടെ പ്രൊക്ടോറിയൽ ബോർഡ് പറയുന്നു.

തുടർന്ന് വിദ്യാർത്ഥി കുറ്റക്കാരനാണെന്ന് അച്ചടക്ക സമിതി കണ്ടെത്തുകയും മാർച്ച് 21ന് സസ്‌പെൻഷൻ ഉത്തരവ് പുറപ്പെടുവിക്കുകയുമായിരുന്നു. 2025 ലെ ഒരു മുഴുവൻ സെമെസ്റ്ററിലേക്കാണ് വിദ്യാർത്ഥിയെ സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.

ഈ തീരുമാനത്തെ ഐ‌.എസ്‌.എ ശക്തമായി അപലപിച്ചു, വൈസ് ചാൻസലറുടെ വർഗീയ, ജാതീയ പരാമർശങ്ങളെ ഒരു പൊതു ലഘുലേഖയിലൂടെ വിമർശിച്ചതിനാണ് വിദ്യാർത്ഥിയെ ശിക്ഷിച്ചതെന്ന് സംഘടന പറഞ്ഞു. ‘ വിയോജിപ്പുകൾ നിശബ്ദമാക്കാനുള്ള സർവകലാശാലയുടെ നീക്കമാണിത്. ഇതിനെ ഒരിക്കലും അംഗീകരിക്കാനാവില്ല,’ സംഘടന പറഞ്ഞു.

അച്ചടക്ക നടപടിക്രമങ്ങളിലെ പിഴവുകളെക്കുറിച്ചും വിദ്യാർത്ഥി സംഘടന ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. വാദം കേൾക്കുന്നതിന് 12 മണിക്കൂറിൽ താഴെ സമയത്തിനുള്ളിൽ മാത്രമാണ് വിദ്യാർത്ഥിക്ക് നോട്ടീസ് നൽകിയിരുന്നുന്നതെന്ന് സംഘടന പറഞ്ഞു. സസ്‌പെൻഷൻ സമയക്രമവും വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ജനുവരി അവസാനത്തിലാണ് സംഭവം നടന്നതെങ്കിലും ആഴ്ചകൾക്ക് ശേഷം കാരണം കാണിക്കൽ നോട്ടീസ് പുറപ്പെടുവിക്കുകയായിരുന്നു. കൂടാതെ സസ്‌പെൻഷൻ ഉത്തരവ് മാർച്ച് 21നാണ് പുറപ്പെടുവിച്ചത്. സസ്‌പെൻഷൻ രാഷ്ട്രീയ പ്രേരിതമാണെന്നത് വൈകി വന്ന ഉത്തരവുകൾ വ്യക്തമാക്കുന്നതായി സംഘടന പറഞ്ഞു. കൂടാതെ വിദ്യാർത്ഥി മാപ്പ് പറയാൻ വിസമ്മതിച്ചതിനെ ശേഷമാണ് നടപടികൾ ഉണ്ടായതെന്നും സംഘടന പറഞ്ഞു.

റിപ്പബ്ലിക് ദിന പ്രസംഗത്തിൽ, രാമജന്മഭൂമി പ്രസ്ഥാനത്തെക്കുറിച്ച് പരാമർശിച്ച ദൽഹി അംബേദ്കർ സർവകലാശാല വി.സി, ഈ വിഷയം 525 വർഷം പഴക്കമുള്ളതാണെന്നും പുതിയതല്ലെന്നും പറഞ്ഞു. രാമക്ഷേത്രം നിർമിച്ചതിന് സംസ്ഥാനത്തെ പ്രശംസിച്ച അവർ, ദളിത് സമൂഹത്തിന് വേണ്ടി മാത്രം പ്രവർത്തിക്കുന്നതിന് പകരം ഡോ. ​​ബി.ആർ. അംബേദ്കർ ഒരു ദേശീയ വ്യക്തിത്വമാകണമെന്നും പറഞ്ഞിരുന്നു.

വിദ്യാർത്ഥിയുടെ സസ്‌പെൻഷൻ ഉടൻ പിൻവലിക്കണമെന്ന് ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ എ.ഐ.എസ്.എ ആവശ്യപ്പെട്ടു. ജനാധിപത്യപരവും അക്കാദമികവുമായ അവകാശങ്ങളുടെ ലംഘനമാണിതെന്ന് വിശേഷിപ്പിച്ച എ.ഐ.എസ്.എ, വൈസ് ചാൻസലറുടെ പ്രസംഗം ജാതീയവും വർഗീയവുമായ സ്വഭാവമുള്ളതാണെന്ന് പറഞ്ഞു.

Content Highlight: Ambedkar University Delhi suspends student for criticising VC’s speech, AISA calls for protest